അയാൾ മുഖപുസ്തകത്തിൽ ഒരു പോസ്റ്റ്‌ ഇട്ടു. നിമിഷങ്ങൾക്ക് ഉള്ളിൽ ലൈകും കമന്റും ഷെയറും കുമിഞ്ഞു കൂടി…

in Special Report

സോഷ്യൽ മീഡിയയും ജീവിതവും

രചന: റിൻസി പ്രിൻസ്

“സ്ത്രീകൾ വീട്ടിലെ വെറും യന്ത്രങ്ങൾ അല്ല…..അവർക്കും ഉണ്ട് സ്വപ്‌നങ്ങൾ….
അവർക്കും ഉണ്ട് ഒരു മനസ്സ്….ആരെങ്കിലും അവരുടെ മനസ്സ് ഒന്ന് അറിയാൻ ശ്രേമിക്കാറുണ്ടോ….? അവർക്ക് ചിറകുകൾ നല്കേണ്ടത് ഓരോ പുരുഷന്റെയും കടമ ആണ്…അവിടെ അവൻ ചെറുതാവില്ല….ഒന്നൂടെ വലുതാവുകയെ ഉള്ളു……സ്ത്രീ ശക്‌തീകരണം തുടങ്ങേണ്ടത് നമ്മുടെ വീടുകളിൽ നിന്നാണ് “

അയാൾ മുഖപുസ്തകത്തിൽ ഒരു പോസ്റ്റ്‌ ഇട്ടു….നിമിഷങ്ങൾക്ക് ഉള്ളിൽ ലൈകും കമന്റും ഷെയറും കുമിഞ്ഞു കൂടി….ലിക്കുകളെക്കാൾ ഹെർട്ട് കുമിഞ്ഞു കൂടി….അയാൾക്ക് അനുകൂലവും ആയി ലവ് സ്റ്റിക്കർ നിറഞ്ഞു….

നിങ്ങളുടെ ഭാര്യക്ക് ഒപ്പം വീട്ടിലെ ജോലികൾ ചെയ്യാൻ നിങ്ങൾ കൂടാറുണ്ടോ….?അവളെ ഒപ്പം ഇരുത്തി ഭക്ഷണം കഴിക്കാറുണ്ടോ….? അവളുടെ പരാതികൾ കേൾക്കാറുണ്ടോ….?

കൂട്ടത്തിൽ ഏതോ ഒരു ചൊറിയൻ മുഖമില്ലാത്ത ഐഡിയിൽ നിന്നും ഒരു ചോദ്യമുയർത്തി….

” തീർച്ചയായും….അവധി ദിവസങ്ങളിൽ ഞാൻ ഭാര്യയെ സഹായിക്കാറുണ്ട്…..അവളുടെ പരാതികൾ കേൾക്കാറുണ്ട്….വിവാഹം കഴിഞ്ഞ നിമിഷം മുതൽ ഇന്ന് വരെ ഞങ്ങൾ ഒരുമിച്ചു ഇരുന്നേ ഭക്ഷണം കഴിച്ചിട്ടുള്ളു….എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഭാര്യ ആണ് എന്റെ ലോകം….

ആ കമന്റിന് താഴെ അയാളെ പുകഴ്ത്തിയ കമൻറുകൾ ലൈക്കുകളും കുമിഞ്ഞുകൂടി….സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ ആ പോസ്റ്റ് വൈറൽ ആകാൻ തുടങ്ങി….

അയാൾ ഇടയ്ക്കിടെ ഫോൺ നോക്കി ലൈക്കുകളും കമൻറുകൾ കണ്ടു സയൂജ്യം നേടി….

എല്ലാവരുടെയും മുൻപിൽ ഒരു മാതൃകാപുരുഷൻ ആയിരുന്നു ആ നിമിഷം ആയാൾ….

അന്ന് ഓഫീസിൽ നിന്നും പതിവിലും സന്തോഷത്തിലാണ് അയാൾ തിരിച്ചു മടങ്ങിയത്….

പിറ്റേന്ന് ഞായറാഴ്ച ആയതിനാൽ കുറച്ച് അധികം സാധനങ്ങൾ വാങ്ങി ആണ് അയാൾ വീട്ടിൽ എത്തിയത്….

വീട്ടിൽ ചെന്ന് മകളെ കണ്ടപ്പോൾ അയാൾ ഒരു പുഞ്ചിരി സമ്മാനിച്ചു….

ഭാര്യയുടെ കൈയ്യിൽ സാധനങ്ങൾ കൊടുത്തു….

“കുറച്ചു ചിക്കൻ ഉണ്ട്….അത്‌ നാളത്തേക്ക് എടുത്താൽ മതി…മീൻ വാങ്ങിട്ടുണ്ട് അത്‌ വൈകുന്നേരം എടുക്ക്…

അവർ തലയാട്ടി അകത്തേക്ക് പോയി….

അയാൾ വൈകുന്നേരം പതിവ് പോലെ കുളികഴിഞ്ഞു സുഹൃത്തുക്കളുടെ അടുത്തേക്ക് പോയി….തിരികെ വൈകി ആണ് വന്നത്….ഭാര്യ ഭക്ഷണം വിളമ്പി….അയാൾ അത്‌ കഴിച്ചു….അവളോട് കഴിച്ചോ എന്ന് പോലും അന്വേഷിക്കാതെ…..

പിറ്റേന്ന് രാവിലെ ഭാര്യ പതിവ് ജോലികൾ ചെയ്യുമ്പോൾ അയാൾ അയാളുടെ തിരക്കുകളിൽ മുഴുകി…

ഉച്ചക്ക് ഭക്ഷണം കഴിക്കുന്ന സമയം ആയിട്ടും ഒരു പ്രതികരണവും ഇല്ലാതെ ആയപ്പോൾ അയാൾ വിളിച്ചു….

“പ്രഭേ……സമയം 1.15 ആയി….ഇതുവരെ ഭക്ഷണം റെഡി ആയില്ലേ….

“ഞാൻ ഒറ്റക്ക് വേണ്ടേ എല്ലാം ഉണ്ടാകാൻ…. ഇപ്പോൾ റെഡി ആകും….

“ആകെപ്പാടെ കിട്ടുന്ന ഒരു ഞായറാഴ്ച ഞാൻ വീട്ട് ജോലി കൂടെ ചെയ്യണം എന്നാണോ നീ പറയുന്നത്….നിനക്ക് പിന്നെ ഇവിടെ എന്താണ് പണി….ഉദ്യോഗം ഒന്നുമില്ലല്ലോ….

അതും പറഞ്ഞു അയാൾ ദേഷ്യപ്പെട്ട് അകത്തേക്ക് പോയി….

“ഉദ്യോഗം ഒന്നും ഇല്ലല്ലോ…

അയാളുടെ ആ വാക്കുകൾ അവളെ ചുട്ടരിക്കും പോലെ അവൾക്ക് തോന്നി…എം. എ ഇംഗ്ലീഷ് നല്ല മാർക്കൊടെ പാസ്സായതിനു ശേഷം ആണ് താൻ വിവാഹം കഴിക്കുന്നത്….ഇത്ര വർഷങ്ങൾക്ക് ഇടയിൽ ഒരു സമ്മാനം പോലും തനിക്ക് വാങ്ങി തന്നിട്ടില്ല…..തന്റെ ഒപ്പം ബന്ധു വീടുകളിൽ വരുന്നത് പോലും വിരളം ആണ്….ആദ്യമായി വന്ന വിവാഹാലോചന…. കുട്ടിക്കാലം മുതലേ വീട്ടിൽ മറുത്തൊന്നും പറയാൻ ശീലിച്ചിട്ടുണ്ടായിരുന്നില്ല….. അതുകൊണ്ട് തന്നെ ഒരു ജോലി എന്ന സ്വപ്നം മാറ്റിവെച്ച് അച്ഛൻറെ ഇഷ്ടപ്രകാരം വിവാഹത്തിന് സമ്മതിക്കുകയായിരുന്നു….. കാഴ്ചയിൽ സുമുഖനും സുന്ദരനും സർക്കാർ ജോലിയും ഉള്ള ഒരു പയ്യനെ വിവാഹം കഴിക്കാതിരിക്കാൻ തനിക്ക് പ്രത്യക്ഷത്തിൽ മറ്റൊരു കാരണങ്ങളും പറയാനുണ്ടായിരുന്നില്ല എന്നത് മറ്റൊരു വസ്തുത കൂടിയാണ്….

വിവാഹം കഴിഞ്ഞ് അദ്ദേഹത്തിൻറെ കൈകൾ പിടിച്ച് ഈ വീട്ടിലേക്ക് കയറുമ്പോൾ ഒരുപാട് സ്വപ്നങ്ങളും സ്വരുക്കൂട്ടി വെച്ചിരുന്നു…..

തന്റെ ആഗ്രഹങ്ങൾക്ക് അയാൾ ചിറകുകൾ നൽകും എന്ന്….പക്ഷേ ആദ്യത്തെ ദിവസം തന്നെ തനിക്ക് ഒരു പെണ്ണ് എന്ന പരിഗണന പോലും തരാതെ, തന്നെ ഒന്ന് പരിചയപ്പെടാൻ പോലും മനസ്സ് കാണിക്കാതെ തന്നിലേക്ക് ഭർത്താവിൻറെ ആധിപത്യം കാണിക്കാനും….,ഭർത്താവിനെ ചൂടുപകരാനും ആയിരുന്നു അയാൾ ശ്രമിച്ചിരുന്നത്….അപ്പോൾതന്നെ അയാളോടുള്ള ബഹുമാനം നഷ്ടപ്പെട്ടിരുന്നു….എൻറെ സ്വപ്നങ്ങൾക്ക് മൂല്യങ്ങൾക്കും അയാൾ ഒരു വിലയും കൊടുത്തിരുന്നില്ല…..വിവാഹശേഷമാണ് അടുത്തുള്ള ഒരു സ്കൂളിൽ ചെറിയ ജോലി ആയിട്ടാണെങ്കിലും വിളിക്കുന്നത്….അതിന് പോകണമെന്ന് ഒരുപാട് വാശിപിടിച്ചു…..ഭാര്യ ജോലിക്ക് പോകുന്നത് നാണക്കേടാണെന്ന് അയാൾ പറഞ്ഞപ്പോൾ ഇന്നത്തെ കാലത്ത് അത് ഒരു നാണക്കേട് അല്ലെന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു….ജോലി വേണോ തന്നെ വേണോ എന്ന അയാളുടെ ചോദ്യത്തിന് മുൻപിൽ ജോലി ഉപേക്ഷിക്കുക മാത്രമായിരുന്നു തൻറെ മാർഗം….പിന്നീട് സർട്ടിഫിക്കറ്റുകൾ വെറും കാഴ്ചവസ്തുക്കൾ മാത്രമായി….വെളുപ്പിനെയും അർദ്ധരാത്രിയിലും രാവ്‌ പകലാക്കി താൻ പഠിച്ച നേടിയ മാർക്കുകൾ തന്നെ നോക്കി പല്ലിളിച്ചു കാണിക്കാൻ തുടങ്ങി….

ഗർഭിണിയായതോടെ പിന്നീട് കുറച്ച് സമാധാനം തോന്നിയിരുന്നു….

തന്നെ മനസ്സിലാക്കാൻ ഒരാളെങ്കിലും ഉണ്ടാകും ഇനി എന്ന്….മകൾ ഉണ്ടായതിനുശേഷം അയാളുടെ ലോകം മകൾ മാത്രമായി ചുരുങ്ങി….പിന്നീട് ഭാര്യ എന്ന് പറയുന്നത് അയാളുടെ ആവശ്യങ്ങൾക്കും പിന്നീട് വീട്ടിലെ ജോലികൾ ചെയ്യുന്നതിനും ചില രാത്രികളിൽ അയാളുടെ വികാരത്തെ ശമിപ്പിക്കാനും മാത്രമുള്ള ഒരു വസ്തുവായി മാറിക്കഴിഞ്ഞിരുന്നു…..ആവേശത്തോടെ വന്ന് വികാരം ശമിപ്പിക്കുന്ന ആ രാത്രികളിൽ പോലും തന്നെ അയാൾ ഒന്ന് തലോടാറുണ്ടായിരുന്നില്ല….പലപ്പോഴും താൻ ആഗ്രഹിച്ചിരുന്നെങ്കിലും ഒരിക്കൽ പോലും അത് ലഭിച്ചിരുന്നില്ല എന്നുള്ളതായിരുന്നു സത്യം….തൻറെ പിറന്നാളുകളും വിവാഹ വാർഷികങ്ങൾ പോലും അയാൾ മനപ്പൂർവ്വം മറന്നു….

ഒന്നിനും താൻ ഒരു പരാതിയും പറഞ്ഞില്ല….ഒരു ഇഷ്ടങ്ങളും അയാളോട് പറയാൻ ശ്രമിച്ചില്ല…തന്നെ സംബന്ധിച്ചെടുത്തോളം ഇത് ഒരു ഡ്യൂട്ടിയാണ്…ഭാര്യ എന്ന ഡ്യൂട്ടി…അത്‌ നന്നായി ചെയ്തു തീർക്കുക എന്ന് മാത്രമാണ് ഇപ്പോഴത്തെ കടമ….മകളെങ്കിലും ഇതല്ലാതെ മറ്റൊരു രീതിയിൽ കടന്നു പോകണം എന്ന് ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്….അയാൾ മകൾക്ക് നല്ല അച്ഛൻ ആണ് അതുകൊണ്ട് മാത്രം താൻ പരാതികളില്ലാതെ ജീവിച്ചുപോകുന്നു….ഇഷ്ടമുള്ള ഒരു സാരി ഉടുക്കാൻ പോലും അയാൾ സമ്മതിക്കാറില്ല….അയാൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ അത്‌ അണിയാം…സത്യത്തിൽ താൻ ഇന്നൊരു യന്ത്രം ആണ്…അയാളുടെ പ്രോഗ്രാമിങ്ങിൽ ചലിക്കുന്ന ഒരു യന്ത്രം…കണ്ണുനീർ തുടച്ചു അവൾ അകത്തേക്ക് പോയി തന്റെ ജോലികളിൽ മുഴുകി….

ഭക്ഷണം എല്ലാം കഴിച്ചു അയാൾ വിശ്രമിക്കാൻ കിടന്നപ്പോൾ അവൾ അയാളുടെ അരികിൽ വന്നു അയാൾ മുഖപുസ്തകത്തിൽ ഇട്ട പോസ്റ്റ്‌ കാണിച്ചു ….

പെട്ടന്ന് എന്ത് മറുപടി പറയണം എന്ന് അയാൾക്ക് അറിയില്ലാരുന്നു….

സോഷ്യൽ മീഡിയയിൽ അങ്ങനെ പലതും പറയും…..അതെല്ലാം ജീവിതത്തിൽ പ്രാവർത്തികം ആക്കാൻ പറ്റുമോ….? അത്രമാത്രം പറഞ്ഞു അയാൾ കണ്ണടച്ച് കിടന്നു….

ഇതാണ് യഥാർത്ഥ മലയാളി….!