കടപ്പാട്
മുന്നിലുള്ള റിപ്പോർട്ടിലേക്കും മുന്നിലിരിക്കുന്ന വ്യക്തികളിലേക്കും ഞാൻ മാറി മാറി നോക്കി.രണ്ട് സ്ത്രീകൾ. ഉമ്മയും മകളുമാണെന്ന് വ്യക്തം.ഉമ്മയുടെ മുഖത്ത് വലിയ ഭാവ വ്യത്യാസങ്ങളൊന്നുമില്ല.എന്നാൽ മകൾ കരയുകയാണെന്ന് തോന്നി.
രോഗിയുടെ പേര് ആയിഷ ബീവി-70വയസ്സ്. പ്രതീക്ഷയോടെ എൻ്റെ മുഖത്തേക്ക് നോക്കി നില്ക്കുന്ന അവരോട് കാര്യങ്ങൾ അവതരിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

‘നിങ്ങൾ?’
‘മകളാണ്.സാജിത’
‘കൂടെ വേറെയാരും വന്നില്ലേ’
‘ഇല്ല..ഉമ്മാക്ക് ഞാൻ മാത്രേ മകളായിട്ടുള്ളു.ൻ്റെ കെട്ടിയോൻ നാട്ടില് ഓട്ടോ ഓടിക്കോന്ന്.ഓറ് പൊറത്ത്ണ്ട്.ഉമ്മാക്ക് കൊറച്ചായി വേദന തുടങ്ങീറ്റ്.നാട്ടിലെ ആശുപത്രീല് കാണിച്ചപ്പോൾ അവരാ പറഞ്ഞേ ടെസ്റ്റ് ചെയ്യാൻ.ടെസ്റ്റ് ചെയ്തപ്പോഴാ ഇതാണെന്ന് മനസ്സിലായത്’അവരൊന്ന് വിതുമ്പി
‘സങ്കടപ്പെടേണ്ട.ഉമ്മയെ നോക്കിയേ.നല്ല ഉഷാറില്ലല്ലേ ഇരിക്കുന്നത്.ഉമ്മയെ കൂടി വിഷമിപ്പിക്കരുത്.സാരമില്ല നമുക്ക് ശരിയാക്കാമെന്നേ’
എൻ്റെ ആ സംസാരത്തിൽ അവർ വല്ലാതെ ആശ്വാസം കൊള്ളുന്നത് ഞാനറിഞ്ഞു.
‘നിങ്ങളുടെ ഹസ്ബെൻ്റിനെ ഇങ്ങോട്ട് വിളിക്കു.എന്നിട്ട് നിങ്ങൾ രണ്ടുപേരും വിസിറ്റേർസ് റൂമിൽ പോയിരിക്കു.ഞാൻ വിളിപ്പിക്കാം’

ഉമ്മയേയും കൂട്ടി അവർ പുറത്തേക്ക് പോയി.സാജിതയുടെ ഭർത്താവ് അകത്തേക്ക് വന്നു.
‘ഇരിക്കു.ഞാൻ തുറന്നു പറയുന്നത് വ്യക്തമായി കേൾക്കണം. ഉമ്മയ്ക്ക് ബ്രസ്റ്റ് കാൻസറാണ്.കുറച്ചു പഴകിപ്പോയി.ബ്രസ്റ്റ് നീക്കം ചെയ്യുക എന്നതാണ് ഏക പോംവഴി.അതുതന്നെ ഫിഫ്റ്റി ഫിഫ്റ്റിയാണ്.’
അയാളുടെ കണ്ണുകളിൽ കണ്ണുനീർ വന്നടിഞ്ഞു.ഏതായാലും നമുക്ക് ചികിത്സ തുടങ്ങാം.ഇപ്പോൾ തന്നെ വൈകി.ഉമ്മയെ നമുക്ക് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാം.പടച്ചോൻ കൂടെയുണ്ടാകും’ ഞാനായാളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.ആയിഷാ ബീവിയേയും മകളെയും വിളിപ്പിച്ചു. അവരോടു കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ഒരു ഫോട്ടോ വാങ്ങി വെക്കുകയും ചെയ്തു. അവർ പുറത്തേക്ക് ഇറങ്ങി പോകുമ്പോൾ എൻ്റെ മുന്നിൽ വരുന്ന ഏതൊരു രോഗിയേയും പോലെ തന്നെയാണ് അവരെയും കണ്ടിരുന്നത്. പക്ഷെ അവർ എൻ്റെ ജീവിതത്തിൽ എത്രമാത്രം പ്രിയപ്പെട്ടവരായിരുന്നു എന്ന് എനിക്കപ്പോൾ അറിയില്ലായിരുന്നു.
മുന്നിലിരുന്ന കമ്പ്യൂട്ടറിൽ അവരുടെ പേരും ഫോട്ടോയും അസുഖവിവരവും ഫീഡ് ചെയ്തു വച്ചു.

രാത്രിയിൽ വീട്ടിൽ വച്ച് ഹോസ്പിറ്റലിലെ ഫയലുകൾ മുഴുവൻ പ്രിൻറ്റ് ചെയ്തെടുക്കുമ്പോഴാണ് ഭക്ഷണം കഴിക്കാനായി അമ്മയുടെ വിളി വന്നത്.രണ്ടു മൂന്നു തവണ വിളിച്ചിട്ടും ഞാൻ താഴേക്ക് ഇറങ്ങി ചെല്ലാത്തത് കൊണ്ടാവാം ദേഷ്യത്തോടെ അമ്മ മുറിയിലേക്ക് വന്നത്.പറഞ്ഞാൽ അനുസരിച്ചില്ലെങ്കിൽ ഞാൻ മുതിർന്ന് രണ്ടു പിള്ളേരുടെ തന്തയാണെന്നൊന്നും അമ്മ നോക്കാറില്ല. എനിക്ക് ഇപ്പോഴും ഇടയ്ക്കിടെ അടി കിട്ടാറുണ്ട്. വടി എടുത്ത് എൻ്റെ നേർക്ക് വന്നു ഞാൻ ഒഴിഞ്ഞു മാറിയപ്പോൾ അമ്മയുടെ കൈ മേശപ്പുറത്തിരുന്ന ഫയലുകൾക്ക് മുകളിലായി.ഫയലുകൾ എല്ലാം താഴേ ചിതറി വീണു.അക്കൂട്ടത്തിൽ ആയിഷ ബീവിയുടെ ഫയലുമുണ്ടായിരുന്നു.ഒരുനിമിഷം അമ്മയുടെ കണ്ണുകൾ അതിലേക്ക് ഉടക്കി നിന്നു.
‘ഇവർ..ഇവരെ നിനക്ക്..ഇവർ നിൻ്റെ പേഷ്യൻ്റാണോ?’
‘അമ്മയ്ക്ക് അറിയുമോ ഇവരെ?’
അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു.
‘നീ തേടി കൊണ്ടിരിക്കുന്ന നിൻ്റെ..നിൻ്റെ ഉമ്മയാണിവർ’
എൻ്റെയുള്ളിൽ ഒരു വിസ്ഫോടനം നടന്നു.എത്രയോ നാളായി ഞാൻ തേടി കൊണ്ടിരിക്കുന്ന,എൻ്റെ ചുണ്ടിൽ മുലപ്പാൽ രുചി പകർന്നു തന്ന ഉമ്മ.ഉമ്മ..രണ്ടു മുലകളിൽ ഒന്ന് താൻ ജന്മം നല്കിയ മകൾക്കും മറ്റൊന്ന് അയൽപക്കത്തെ വീട്ടിലെ സുശീലയുടെ മകനും നല്കി ആ മകന് പുനർജന്മം നല്കിയ ഉമ്മ.

നാല്പത്തിരണ്ടു വർഷങ്ങൾക്ക് മുമ്പാണ്.ബാങ്കു മനേജരായ ചന്ദ്രശേഖരനും ഗർഭിണിയായ ഭാര്യ സുശീലയും ആയിഷ ബീവിയുടെ അയൽപക്കത്തു പുതിയ താമസക്കാരായി വന്നത്.ബാങ്കിലെ തൂപ്പുക്കാരിയുടെ മകളെ പ്രേമിച്ചു വിവാഹം കഴിച്ചതിനാൽ വീട്ടുകാർ പടിയടച്ച് പിണ്ഡം വച്ചതിനാൽ ചന്ദ്രശേഖരനും സുശീലയും ഇങ്ങനെ അഭയാർത്ഥികളെ പോലെ വാടക വീടുകൾ തോറും കയറിയിറങ്ങാൻ തുടങ്ങിയത്.മകൻ പിറന്നതിൻ്റെ മൂന്നാംനാൾ ബാങ്കിലേക്ക് പോയ ചന്ദ്രശേഖരൻ തിരിച്ചു വന്നത് ഒരു ശവമായിട്ടിരുന്നു.അറ്റാക്കായിരുന്നു. അതോടെ സമനില തെറ്റിയവളെ പോലെ പെരുമാറിയ സുശീല താൻ ജന്മം കൊടുത്ത മകനുണ്ടെന്ന് പോലും ഓർക്കാതെ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. അയൽവാസിയായ കുഞ്ഞികാദർ ഓടിവന്നു സുശീലയെ തീയിൽ നിന്നും രക്ഷിച്ചെങ്കിലും പാതിവെന്തടർന്ന മുലകളിൽ ഒന്ന് അവൾക്ക് നഷ്ടമായിരുന്നു. മുലപ്പാൽ കിട്ടാതെ കരഞ്ഞു തളർന്ന അവളുടെ മകനെ അയാൾ വാരിയെടുത്ത് പ്രസവിച്ച കിടക്കുന്ന തൻ്റെ ബീവിയുടെ അടുത്ത് കൊണ്ടുവച്ചു.അവൻ വയർ നിറയുവോളം മുലപ്പാൽ നുകരുന്നത് അയാൾ നോക്കി നിന്നു.
കുഞ്ഞികാദർ ഇടപ്പെട്ട് സുശീലയ്ക്ക് ഒരു തുണിക്കടയിൽ ജോലി തരപ്പെടുത്തി കൊടുത്തു.കുഞ്ഞി കാദറിൻ്റെ ബീവി അങ്ങനെ രണ്ട് കുട്ടികളുടെ ഉമ്മയായി.മൂന്നു വയസ്സുവരെ ‘കണ്ണനെന്ന്’വിളി പേരുള്ള അവൻ അവരുടെ മുലപ്പാൽ നുകർന്നു.കണ്ണൻ്റെ താജിയും താജിയുടെ കണ്ണനും ഇരുമെയ്യും ഒരു മനസ്സുമുള്ള രണ്ട് കുസൃതികൾ.ദേഷ്യമെല്ലാം മറന്ന് ചന്ദ്രശേഖരൻ്റെ അനിയൻ വന്ന് സുശീലയേയും മകനെയും കൂട്ടി കൊണ്ടു പോകുമ്പോൾ തൻ്റെ കളിക്കൂട്ടുകാരനെ നഷ്ടപ്പെട്ടു പോയ ആ മൂന്നുവയസ്സുക്കാരി കണ്ണൻ്റെ താജി ആർത്തലച്ച് കരയുന്നുണ്ടായിരുന്നു.അപ്പോൾ അകത്തളത്ത് എവിടെയോ ഇരുന്നു ആ ഉമ്മയും കരഞ്ഞിട്ടുണ്ടാവണം.
അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകയാണ്.തൻ്റെ അറ്റുപ്പോയ വലത്തേ മാറിടത്തിൽ കൈകൾ അമർത്തി ശക്തമായി തടവി.അമ്മ വീണു പോകാതിരിക്കാൻ ഞാൻ താങ്ങി.ഭാര്യയുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു.

ഉമ്മയേയും കൊണ്ട് ഓപ്പറേഷൻ റൂമിലേക്ക് കയറുമ്പോൾ ഞാനെൻ്റെ പഴയ താജിയേ ഒന്നുക്കൂടി നോക്കി.അവൾ വലംകൈയുടെ പുറം കൊണ്ട് കണ്ണുകൾ തുടക്കുകയായിരുന്നു.അമ്മയുടെ തോളിലേക്ക് അവൾ മെല്ലേ ചാരി.
ഓപ്പറേഷൻ ചെയ്യാൻ തുടങ്ങുമ്പോൾ എൻ്റെ കൈകൾക്ക് ചെറിയ വിറയൽ അനുഭവപ്പെട്ടു. ജീവിതത്തിലെ ആദ്യത്തെ അനുഭവം. മുന്നിൽ കിടക്കുന്നത് എനിക്ക് ജീവവായു തന്ന ഒരു ജന്മമാണ്.ഞാൻ നുകർന്ന മുലപ്പാലിൻ്റെ ഉറവിടത്തെയാണ് ഞാൻ ഇല്ലായ്മ ചെയ്യുന്നത്. ഒടുവിൽ ഞാനവിടെ കത്തിവച്ചു.അപ്പോൾ അവിടെ നിന്നും വന്ന ചോരയ്ക്ക് മുലപ്പാലിൻ്റെ ഗന്ധമായിരുന്നു.
Leave a Reply