
സോഷ്യൽ മീഡിയ ഉപജീവന മാർഗമാക്കി മാറ്റിയ ഇൻഫ്ലുവൻസേർസ് കുടുംബമാണ് അഹാന കൃഷ്ണയുടേത്. അഹാനയും മൂന്ന് സഹോദരിമാരും അമ്മ സിന്ധു കൃഷ്ണയും യൂട്യൂബ് ചാനലിൽ സജീവമാണ്. സോഷ്യൽ മീഡിയ തങ്ങളുടെ ജീവിതം മാറ്റി മറിച്ചതിനെക്കുറിച്ച് അഹാന സംസാരിച്ചിട്ടുണ്ട്.
അതേസമയം ലക്ഷക്കണക്കിന് ആരാധകരുള്ള ഇൻഫ്ലുവൻസറായതിനാൽ ഇവർ നടത്തുന്ന ചെറിയൊരു പരാമർശം പോലും പ്രശ്നമായേക്കും. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ അഹാനയും കുടുംബവും നേരിട്ടിട്ടുണ്ട്. അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണ കഴിഞ്ഞ ദിവസം തന്റെ ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ചർച്ചയാകുന്നത്.

ഗ്ലൂട്ടാത്തയോണിനെക്കുറിച്ചാണ് ഇഷാനി സംസാരിച്ചത്. ഗ്ലൂട്ടാത്തയോൺ എന്താണെന്ന് പോലും എനിക്കറിയില്ല. ടാബ്ലറ്റാണോ ഇഞ്ചക്ഷൻ കുത്തുന്നതാണോ എന്നെനിക്ക് അറിയില്ല. എന്റെ ഫാമിലിയിൽ ആരും അതൊന്നും ചെയ്തിട്ടില്ല. ചിന്തിച്ചിട്ടുമില്ല. കാരണം അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല. കുഞ്ഞായിരുന്നപ്പോഴുള്ള വീഡിയോയിലും ഫോട്ടോസിലും ഇന്നത്തെയത്ര നിറമില്ലല്ലോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഞാൻ മുഴുവൻ സമയത്തും വെയിലത്തായിരുന്നു. സ്കൂളിൽ പോകുന്നത് തന്നെ കളിക്കാനായിരുന്നു. കുട്ടിക്കാലത്ത് എനിക്ക് വല്ലാതെ ടാൻ ഉണ്ടായിരുന്നു. അത് വെയിലത്ത് കളിച്ചത് കൊണ്ടാണ്. പിന്നീട് വന്ന മാറ്റം സ്വാഭാവികമാണ്. അല്ലാതെ ഇഞ്ചക്ഷൻ കുത്തിയതല്ല. ഞങ്ങളാരും ചെയ്തിട്ടില്ല.

അച്ഛനും അമ്മയ്ക്കും അത്യാവശ്യം ഫെയർ സ്കിൻ ആണ്. അത് തന്നെയാണ് ഞങ്ങൾക്ക് കിട്ടിയത്. ഹോം റെമഡീസ് ഒന്നും ചെയ്യാറില്ലെന്നും ഇഷാനി കൃഷ്ണ പറഞ്ഞു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. പലരും താര കുടുംബത്തെ വിമർശിക്കുകയാണ് ചെയ്തത്. ഇഷാനിയുടെ ചേച്ചി അഹാന നേരത്തെ ഗ്ലൂട്ടാത്തയോണിന്റെ ആഡ് ചെയ്തിരുന്നു. ഇതാണ് പലരും ചൂണ്ടിക്കാട്ടിയത്. സ്വന്തമായി ഉപയോഗിക്കാത്ത പ്രൊഡക്ടുകൾ എന്തിന് പ്രൊമോട്ട് ചെയ്യുന്നു എന്നാണ് ചോദ്യങ്ങൾ. ‘ഫാമിലി ആരും അത് യൂസ് ചെയ്യില്ല. പക്ഷെ പരസ്യത്തിൽ ഉപയോഗിക്കുന്നു എന്ന് നുണ പറഞ്ഞ് ആൾക്കാരെ പറ്റിച്ച് ക്യാഷ് വാങ്ങിയിട്ടുണ്ട്,’ ഒരാളുടെ കമന്റിങ്ങനെ. ‘ഇവരൊക്കെ ഓരോ പ്രൊഡക്ടിന്റെ പരസ്യം ചെയ്യുമ്പോൾ ഞാൻ വിചാരിക്കാറുണ്ട്. ഇതൊക്ക കണ്ട് ആരെങ്കിലും ഇൻസ്പെെർഡ് ആകുമോയെന്ന്.

കമന്റ്സ് കണ്ടപ്പോൾ ഞെട്ടി. കുറേ പേർ അത് വിശ്വസിച്ചിരിക്കുന്നു’. ഇങ്ങനെയുള്ള ആഡ് കണ്ട് ഇവരൊക്കെ വാങ്ങി കഴിക്കുന്നുണ്ടാവില്ലേ. വിവരം ഉള്ളവർ മാത്രമല്ല. ഇതേക്കുറിച്ച് ഒന്നുമറിയാത്തവരും സോഷ്യൽ മീഡിയ യൂസ് ചെയ്യുന്നുണ്ട്. അവരൊക്കെയാണ് ഇതൊക്കെ കണ്ട് ബലിയാടാകുന്നത്’ എന്നാണ് മറ്റൊരാളുടെ കമന്റ്. സ്കിൻ കെയർ പ്രൊഡക്ടുകൾ ഇഷാനി കൃഷ്ണയും പ്രൊമോട്ട് ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ പല തവണ ഇത്തരം വിമർശനങ്ങൾ ഇവർ കേട്ടതാണ്. അഹാന മാത്രമാണ് സിനിമ കരിയറായി തെരഞ്ഞെടുത്തത്. ബാക്കി മൂന്ന് പേരും ഇൻഫ്ലുവൻസേർസായാണ് അറിയപ്പെടുന്നത്. വൺ എന്ന സിനിമയിൽ ഇഷാനി അഭിനയിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് സിനിമകളിൽ കണ്ടില്ല. അടി, പാച്ചുവും അത്ഭുതവിളക്കും എന്നിവയാണ് അഹാനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ.
