ചരിത്ര നിമിഷത്തിന് 31 വയസ്; വിലമതിക്കാത്തവർക്ക് മുന്നിൽ സുസ്മിത സെൻ വിശ്വസുന്ദരി കിരീടം ചൂടിയപ്പോൾ








ഇന്ത്യക്കാരുടെ അഭിമാന ദിനമാണ് 1994 മെയ് 21. വിശ്വസുന്ദരിപ്പടം ആദ്യമായി ഒരു ഇന്ത്യക്കാരിക്ക് ലഭിച്ച ദിനം. സുസ്മിത സെൻ ആണ് ഈ നേട്ടത്തിലൂടെ ചരിത്രത്തിൽ ഇടം പിടിച്ചത്. 18ാം വയസിലാണ് സുസ്മിത മിസ് യൂണിവേഴ്സ് കിരീടം നേടുന്നത്. മറക്കാൻ പറ്റാത്ത ചരിത്ര നിമിഷത്തിന്റെ ഓർമകൾ പങ്കുവെച്ച് കൊണ്ട് ഒരുപിടി ചിത്രങ്ങൾ സുസ്മിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 18 വയസുള്ള പെൺകുട്ടിയെ പ്രപഞ്ചത്തിന് പരിചയപ്പെടുത്തിയ ചരിത്ര നിമിഷമെന്നാണ് സുസ്മിത മിസ് യൂണിവേഴ്സ് കിരീടം ചൂടിയ നിമിഷത്തെ വിശേഷിപ്പിക്കുന്നത്. 31 വർഷങ്ങൾക്കിപ്പുറം തിരിഞ്ഞ് നോക്കുമ്പോൾ സുസ്മിതയുടെ ജീവിതത്തിലും ഇന്ത്യൻ ഫാഷൻ രം​ഗത്തും വലിയ ചലനങ്ങളുണ്ടാക്കിയ ദിനമാണ് 1994 മെയ് 21.







സുസ്മിത അന്ന് കിരീടം ചൂടുമ്പോൾ ഇന്ത്യൻ സമൂഹം പഠിച്ച വലിയൊരു പാഠവുമുണ്ട്. ഐശ്വര്യ റായ് ഇന്ത്യൻ മോഡലിം​ഗ് രം​ഗം ഇളക്കി മറിക്കുന്ന കാലഘട്ടമാണത്. ഐശ്വര്യയുടെ ജ്വലിക്കുന്ന സൗന്ദര്യം ഇന്ത്യയൊട്ടുക്കും സംസാര വിഷയമായി തുടങ്ങുന്ന കാലം. വിശ്വ സുന്ദരിപട്ടം ഐശ്വര്യ റായ് നേടുമെന്നാണ് അക്കാലത്ത് മിക്കവരും കരുതിയത്. സുസ്മിതയെ അന്ന് ആർക്കുമറിയില്ല. മിസ് യൂണിവേഴ്സ്, മിസ് വേൾഡ് മത്സരങ്ങളിലേക്ക് ചവിട്ട് പടിയായ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ മടിച്ചയാളാണ് സുസ്മിത സെൻ. ഐശ്വര്യ റായ് മത്സരിക്കുന്നുണ്ടെന്ന് അറിഞ്ഞതായിരുന്നു കാരണം. സുന്ദരിയായ ഐശ്വര്യ റായ് മത്സരിക്കുമ്പോൾ തനിക്ക് വിജയിക്കാനാകില്ലെന്ന് സുസ്മിത സെൻ കരുതി. അമ്മ ശുഭ്ര സെൻ ആണ് സുസ്മിതയ്ക്ക് ശ്രമിച്ച് നോക്കാൻ ധെെര്യം നൽകുന്നത്. ഐശ്വര്യയെ പിന്നിലാക്കി സുസ്മിത സെൻ മിസ് ഇന്ത്യ കിരീടം ചൂടി.






ഐശ്വര്യ റായ് ഫസ്റ്റ് റണ്ണർ അപ്പായി. അപ്പോഴും സുസ്മിതയെ അം​ഗീകരിക്കാൻ മടിച്ചവരുണ്ട്. മിസ് യൂണിവേഴ്സ് മത്സരത്തിന് പോകാനിരിക്കെ സുസ്മിതയുടെ പാസ് പോർട്ട് കാണാതെ പോയി. അന്ന് മിസ് ഇന്ത്യ സംഘാടകർ സുസ്മിതയോട് പറഞ്ഞത് മിസ് യൂണിവേഴ്സ് മത്സരത്തിന് ഞങ്ങൾ ഐശ്വര്യ റായിയെ അയക്കാം, നിങ്ങൾ മിസ് വേൾഡ് മത്സരത്തിന് പൊയ്ക്കോ എന്നാണ്. മിസ് യൂണിവേഴ്സ് മത്സരത്തിന് സുസ്മിത സെന്നിന് പോകാൻ പറ്റില്ലെന്ന ഘട്ടം വന്നു. ഒടുവിൽ സുസ്മിതയുടെ പിതാവ് ഷുബീർ സെൻ അന്തരിച്ച മുൻ കേന്ദ്രമന്ത്രി രാജേഷ് പെെലറ്റിനോട് സഹായം ചോദിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് പോകുന്ന സുസ്മിതയ്ക്ക് എല്ലാ സഹായവും അദ്ദേഹം ഉറപ്പ് നൽകി. അങ്ങനെയാണ് മിസ് യൂണിവേഴ്സ് മത്സരത്തിനായി ഫിലിപ്പീൻസിലേക്ക് സുസ്മിതയെത്തുന്നത്. കിരീടം ചൂടിയാണ് സുസ്മിത സെൻ തിരികെയെത്തിയത്.







രാജ്യം സുസ്മിതയെ ബഹുമതികളോടെ വരവേറ്റു. അതേ വർഷം തന്നെ ഐശ്വര്യ റായ്ക്ക് മിസ് വേൾഡ് മത്സരത്തിൽ വിജയിക്കാനായി. എന്തുകൊണ്ട് ഐശ്വര്യയെ പിന്നിലാക്കി സുസ്മിത മിസ് യൂണിവേഴ്സ് പട്ടം ചൂടിയെന്ന് പിന്നീട് ഇന്ത്യൻ ജനത മനസിലാക്കി. ജീവിതത്തെക്കുറിച്ചും മാനവിക മൂല്യങ്ങളെക്കുറിച്ചും തുറന്ന കാഴ്ചപ്പാടുള്ള സുസ്മിതയുടെ വാക്കുകൾ ആഴമുള്ളതായിരുന്നു. 18 കാരിയിൽ അത്രയും പക്വത അക്കാലത്ത് പലരും പ്രതീക്ഷിച്ചിരുന്നില്ല. തന്റെ ചിന്തകളും അഭിപ്രായങ്ങളും ഹൃദ്യമായ ഭാഷയിൽ അഭിമുഖങ്ങളിൽ സുസ്മിത സംസാരിച്ചു. ബോളിവുഡിലെ ​ഗ്ലാമർ ​ഗേൾ മാത്രമായി ഒതുങ്ങാൻ സുസ്മിത സെൻ തയ്യാറായിരുന്നില്ല. താരപകിട്ടും ​ഗോസിപ്പുകളും വഴക്കും പ്രശ്നങ്ങളും നിറഞ്ഞ ബോളിവുഡിൽ സുസ്മിത വ്യത്യസ്തയായി. 18 വയസിൽ തനിക്ക് ലഭിച്ച ഖ്യാതിയുടെ മഹത്വം സുസ്മിത കാത്ത് സൂക്ഷിച്ചു.