കല്യാണത്തിന് എല്ലാത്തിനും മുന്നിൽ തന്നേ ഉണ്ടാകണംട്ടോ.. നിക്ക് ഏട്ടൻമാരൊന്നും ഇല്ലാത്തതാ…

in Special Report

രചന: മഹാ ദേവൻ

,” ഹരിയേട്ടാ… ഞാനും കൂടി വന്നോട്ടെ ബൈക്കിൽ ടൌൺ വരെ.. “എന്ന് തരുണി കൊഞ്ചലോടെ ചോദിക്കുമ്പോൾ വേണ്ടെന്ന് അർത്ഥത്തിൽ തലയാട്ടികൊണ്ട് ബൈക്കിനടുത്തേക്ക് നടന്നു ഹരി.

” അതെന്താ ഹരിയേട്ടാ ന്നേ കൂടി ഒന്ന് കൊണ്ടുപോയാൽ . ഒന്നല്ലെങ്കിൽ ഞാൻ ഹരിയേട്ടന്റ മുറപ്പെണ്ണല്ലേ. !നാളെ ഹരിയേട്ടന്റെ ബൈക്കിന് പിന്നിൽ കെട്ടിപിടിച്ചിരുന്നു പോകാനുള്ളതല്ലെ. പിന്നെന്താ..”. എന്നുള്ള അവളുടെ സംസാരത്തിന് ദേഷ്യത്തോടെയുള്ള നോട്ടമായിരുന്നു അവന്റെ ഉത്തരം.

” തരുണി നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് എന്റെ പിന്നാലെ ങ്ങനെ കൊഞ്ചി വരരുതെന്ന്. എനിക്കത് ഇഷ്ടമല്ലെന്ന്. നിനക്ക് വേണേൽ ഇവിടെ വരാം. നിന്റെ അമ്മായിയെ കാണാം.. അല്ലാതെ എന്നെ കാണാനായിട്ട് നീ ഇങ്ങോട്ട് വരണമെന്നില്ല. പറഞ്ഞത് മനസ്സിലായല്ലോ. ഒന്നുമില്ലെങ്കിൽ സ്വയമൊന്ന് ആലോചിച്ചുനോക്ക്. കറുത്ത് കറിച്ചട്ടി പോലുള്ള മുഖമുള്ള നീ എനിക്ക് ചേർന്ന് ഒരു പെണ്ണാണെന്ന് തോന്നുന്നുണ്ടോ. നമ്മൾ ഒരുമിച്ച് നടക്കുമ്പോൾ ആൾക്കാർക്ക് പറഞ്ഞ് ചിരിക്കാൻ ഒരു അവസരം ഉണ്ടാക്കികൊടുക്കാൻ എനിക്ക് താല്പര്യം ഇല്ല. നിനക്ക് നിന്റെ കളറിനൊത്ത ഒരുത്തൻ വരും. അത് വരെ ഒന്ന് ക്ഷമിക്ക്. അല്ലാതെ എന്റെ പെടലിക്ക് കേറാമെന്ന വ്യാമോഹം മനസ്സിൽ ഉണ്ടെങ്കിൽ അത് ഇപ്പഴേ കളഞ്ഞേക്ക്.കൊല്ലം കുറെ ആയില്ലേ നീ എന്റെ പിറകെ നടക്കാൻ തുടങ്ങിയിട്ട്. പലവട്ടം ഞാൻ കാര്യം തുറന്നു പറഞ്ഞതല്ലേ . എന്നിട്ടും നിന്റെ തലയിൽ കേറിലെങ്കിൽ….. “

അവൻ വാക്കുകൾ മുഴുവനാക്കും മുന്നേ അവളുടെ കണ്ണുകൾ നിറഞ്ഞുത്തുടങ്ങിയിരുന്നു,

” ശരിയാ ഹരിയേട്ടാ…. പിറകെ വരുന്നത് ഞാനാ.. പലപ്പോഴും ഹരിയേട്ടൻ അവഗണിക്കുമ്പോഴും മനസ്സിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നെങ്കിലും ഞാൻ കാണിക്കുന്ന സ്നേഹം തിരിച്ചറിയുമെന്ന്. എന്നെ മനസ്സിലാക്കാൻ കഴിയുമെന്ന്. പക്ഷേ, ഹരിയേട്ടന്റെ കണ്ണിൽ എന്റെ കളറിനായിരുന്നു പ്രശ്നം. ഞാൻ കറുത്തവൾ അല്ലെ. പക്ഷേ, അതിനുള്ളിൽ ഒരു മനസ്സ് കൂടി ഉണ്ട്‌ ഹരിയേട്ടാ…അതിന് ഒത്തിരി വെളുപ്പുണ്ട്. അത് ഹരിയേട്ടന് കാണാൻ കഴിയാത്തിടത്തോളം കാലം ഞാൻ കാണാൻ കൊള്ളാത്ത ഒരു കറുത്ത പെണ്ണാണ് നിങ്ങളുടെ മനസ്സിൽ.അതുകൊണ്ട് ഇനി ഞാൻ ശല്യം ചെയ്യിലാട്ടോ…ഈ കരഞ്ഞുതീർക്കുന്നത് ഞാൻ ഹരിയേട്ടനെ സ്നേഹിച്ചതിലുള്ള അവസാന കണ്ണുനീർ ആണ്. ഇനി ഈ പേരിൽ എന്റെ കണ്ണുകൾ നിറയില്ല.”

അവൾ പതിയെ പിൻതിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ പറഞ്ഞത് കുറച്ച് കൂടിപ്പോയോ എന്ന് തോന്നി ഹരിക്ക്.

‘ എത്ര പറഞ്ഞാലും മനസ്സിലാകാത്തത് കൊണ്ടാണ് അവളിലെ കറുപ്പിനെ മുന്നിൽ നിർത്തി പറഞ്ഞത്. പക്ഷേ, അതവൾക്ക് ഒരുപാട് വിഷമം ആയെന്ന് ആ മുഖം കാണുമ്പോൾ മനസ്സിലാകുന്നുണ്ട് ‘

“തരുണി.. “

അവന്റെ വിളിയിൽ ഒരു നിമിഷം അവൾ നിൽക്കുമ്പോൾ അവന് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു,

” തരുണി.. നീ എന്നെ സ്നേഹിക്കുന്നത് പോലെ എനിക്ക് നിന്നെ സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല. സ്നേഹം പിടിച്ച് വാങ്ങാനോ താല്പര്യമില്ലാതെ അഭിനയിച്ചു കാണിക്കാനോ ഉള്ളതല്ലല്ലോ..എന്റെ മനസ്സിൽ വേറെ ഒരു കുട്ടിയുണ്ട്. അവളെ വിവാഹം കഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നതും. ഒന്നുമില്ലെങ്കിൽ നീ പഠിപ്പുള്ള കുട്ടിയല്ലേ. അപ്പോൾ ഒന്ന് ആലോചിച്ചാൽ മനസ്സിലാകും.അവൾക്കിപ്പോ ബാംഗ്ലൂരിൽ നല്ല ഒരു ജോലിയുമായി, എനിക്ക് കൂടി എന്തെങ്കിലും ആയിട്ട് വേണം പെണ്ണ് ചോദിക്കാൻ. ഇപ്പോൾ അവൾ നാട്ടിലുണ്ട് , അവളെ കാണാൻ വേണ്ടിയാണ് ഞാൻ ഇപ്പോൾ പോകുന്നത് പോലും.. അതുകൊണ്ട് വെറുതെ ആവശ്യമില്ലാത്ത മോഹങ്ങൾ മനസ്സിൽ കൊണ്ടു നടക്കേണ്ട ” എന്നും പറഞ്ഞവൻ ബൈക്ക് എടുത്തു പുറത്തേക്ക് പോകുമ്പോൾ അവളുടെ ചുണ്ടിൽ ചെറിയ പുഞ്ചിരിയുണ്ടായിരുന്നു. കരച്ചിലോളം ചേർന്ന് വിതുമ്പുന്ന ചെറിയ പുഞ്ചിരി.

ഹരി ടൗണിൽ എത്തുമ്പോൾ അക്ഷമയോടെ കാത്തിരിപ്പുണ്ടായിരുന്നു ഹരിത. അവനെ കണ്ടമാത്രയിൽ അവളുടെ മുഖത്തെ ദേഷ്യം വാക്കുകളായി അവന് നേരെ തിരിഞ്ഞു,

“എത്ര നേരമായി ഞാൻ ഇവിടെ കുറ്റിയടിച്ചു നിൽക്കുന്നു ഹരി. ഒന്നുമില്ലെങ്കിൽ പറഞ്ഞ സമയത്തിന് ഒരു വില വേണ്ടേ. ഇനിയും കണ്ടിലെങ്കിൽ ഞാൻ പോവാൻ നിൽക്കുകയായിരുന്നു . അലെങ്കിലും നിങ്ങളെ പോലെ ഉള്ള കുറച്ചു ചെറുപ്പക്കാർ ഉണ്ട്. ഒരു പണിയും ഇല്ലെങ്കിലും ഒരു സമയത്തിന് വരാൻ പറഞ്ഞാൽ അത് കഴിഞ്ഞേ വരൂ.. എന്നിട്ട് ഇല്ലാത്ത കുറെ പണിയുടെ കാര്യവും പറയും , ഇതൊക്കെ തന്നെയാ തന്നെ എന്റെ വീട്ടുകാർക്ക് ഇഷ്ട്ടമല്ലാതായതും “

എന്തോ അവളുടെ വാക്കുകൾ മനസ്സിനൊരു ഭാരമായാണ് അവന് തോന്നിയത്. ഒരു പണിയുമില്ലത്ത ചെറുപ്പക്കാർ എന്ന് പറയുമ്പോൾ അവളുടെ മുഖത്തു കാണുന്ന പുച്ഛം.വാക്കുകളിൽ കാണിക്കുന്ന അസഹിഷ്ണുത….അതെല്ലാം മനസ്സിനേ വല്ലാതെ വേദനിപ്പിച്ചെങ്കിലും അത് പുറത്തു കാണിക്കാതെ ചിരിയോടെ തന്നെ ആയിരുന്നു ഹരി അവളോട് സംസാരിച്ചത്.

” നിനക്കറിയാലോ ഹരിതേ. ഞാൻ അങ്ങനെ കാണിക്കില്ലെന്ന്, ഇതിപ്പോ ഇറങ്ങാൻ നേരം ആ പെണ്ണ് ന്റെ കുറെ സമയം കളഞ്ഞു.. ആ തരുണി. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അവൾക്ക് എന്നോടുള്ള താല്പര്യം. അതിന്റ പേരിൽ രാവിലെ തന്നെ ഒന്ന് ഉടക്കി. എന്റെ മനസ്സിൽ നീ മാത്രേ ഉള്ളൂ എന്ന് പറഞ്ഞ് മനസ്സിലാക്കാൻ കുറെ സമയമെടുത്തു. അതാണ് വൈകിയത്, നീ ക്ഷമിക്ക് മോളെ “

എന്നും പറഞ്ഞവളുടെ മുഖത്തേക്ക് നോക്കി ചിരിക്കുമ്പോൾ എന്തോ ഒരു താല്പര്യം ഇല്ലാത്ത പോലെ ഒരു മൂളലിൽ മാത്രം മറുപടി ഒതുക്കി അവൾ ഒരു കോഫിഷോപ് ലക്ഷ്യമാക്കി നടന്നു. പിറകെ അവനും.

ഒരു ടേബിളിലിന്റെ ഇരുവശത്തും ഇരിക്കുമ്പോൾ മൗനം വേട്ടയാടിയ നിമിഷങ്ങളിൽ ഒരു മുഖവുരയെന്നോണം ആ മൗനത്തെ മുറിച്ചുകൊണ്ടവൾ പറഞ്ഞു,

” ഹരി… നിനക്കറിയാലോ എന്റെ അവസ്ഥകൾ, ഞാൻ ഒരു പെണ്ണാണ്, എനിക്ക് എന്റെ വീട്ടിൽ പറഞ്ഞു പിടിച്ച് നിൽക്കുന്നതിൽ ഒരു പരിധിയുണ്ട്. നിനക്കാണേൽ ഒരു ജോലി തേടി കണ്ടുപിടിക്കാൻ പോലും താല്പര്യം ഇല്ല. ജോലി ഉള്ള എന്നെ ഒരു പണിയും ഇല്ലാത്ത നിന്നോടൊപ്പം പറഞ്ഞുവിടാൻ എന്റെ വീട്ടുകാർക്ക് സമ്മതമല്ല. ഞാൻ പറയുമ്പോഴെല്ലാം അവർ ചോദിക്കുന്നത് ഒറ്റ ചോദ്യമാ…

” ഹരിയെ കിട്ടണമെന്ന് വാശി പിടിക്കുന്നത് നീ അവന് ചിലവിനു കൊടുത്ത് നോക്കാൻ വേണ്ടിയാണോ ഒരു ജോലിക്കും പോവാത്ത അവന്റെ കൂടി ഉത്തരവാദിത്വം തലയിൽ കേറ്റി വെച്ചിട്ട് എന്തിനാണെന്ന്. “

ശരിക്കും പറഞ്ഞാൽ അവർ പറഞ്ഞതും സത്യമല്ലേ, ഈ അവസ്ഥയിൽ ഹരി എന്നെ കെട്ടിയാൽ ഹരിക്ക് ചിലവിന് തരേണ്ട ബാധ്യത കൂടി എന്റെ ആകും. അത് മാത്രമല്ല, മറ്റുള്ളവരുടെ മുന്നിൽ പരിചയപ്പെടുത്തുമ്പോൾ പറയാൻ മാത്രം എന്ത് യോഗ്യതകൾ ആണ് ഹരിക്ക് ഉള്ളത്. അതുകൊണ്ട് വീട്ടുകാരെ ധികരിച്ചുകൊണ്ടൊരു സ്വന്തം തീരുമാനം എടുക്കാൻ ഞാൻ ഒരുക്കമല്ല..പ്രേമിക്കാൻ മാത്രം അറിഞ്ഞാൽ പോരല്ലോ, കൂടെ കഴിയാൻ ഇറങ്ങി വരുന്ന പെണ്ണിനെ നോക്കാനുള്ള ചങ്കൂറ്റം എങ്കിലും വേണമല്ലോ.. അത് പോലും ഇല്ലാത്ത ഒരാളുടെ ഇറങ്ങിത്തിരിച്ച് ജീവിതം തുലക്കാൻ ഞാൻ ഇല്ല.. ഇത്ര നാള് ഞാൻ കാത്തിരുന്നു പക്ഷേ, കുഴല് വളയുമെന്നല്ലാതെ വാല് നൂരില്ലെന്ന് മനസ്സിലായി. അതുകൊണ്ട് നമുക്കിത് ഇവിടെ നിർത്താം ഹരി. ഇനി മുതൽ നമുക്കൊരു നല്ല ഫ്രണ്ട്സ് ആയി തുടരാം…അതാണ്‌ നമുക്ക് രണ്ട് പേർക്കും നല്ലത്. “

അവൾ പറഞ്ഞതെല്ലാം കേൾക്കുമ്പോഴും പറയാൻ മറുത്തൊന്നും ഉണ്ടായിരുന്നില്ല. അവൾ പറഞ്ഞതിൽ വലിയ തെറ്റൊന്നും കാണാൻ കഴിയാത്തിടത്തോളം എന്ത് പറയാൻ. ജോലിക്ക് ശ്രമിച്ചിട്ടും കിട്ടാത്തതാണെന്ന് അവൾക്കും അറിയാം. പക്ഷേ, ആ വാക്കിനിവിടെ പ്രസക്തി ഇല്ല.

അവൻ ഒന്നും പറയാതെ എഴുനേറ്റ് അവളെ ഒന്ന് നോക്കുകപോലും ചെയ്യാതെ പുറത്തേക്ക് നടന്നു.

പതിയെ ബൈക്കിനടുത്തെത്തി അത് സ്റ്റാർട്ട്‌ ചെയ്ത് പോകുമ്പോഴും മനസ്സിൽ ഒരുപാട് ചിന്തകളായിരുന്നു, “എത്ര പെട്ടന്നാണ് ഒരു സ്നേഹം ഇല്ലാതാകുന്നത്. പ്രണയത്തിനു മുന്നിൽ പണത്തിനും പദവിക്കുമുള്ള സ്ഥാനം എത്രത്തോളം ആണ്. എല്ലാം അറിയാമായിരുന്നിട്ടും, എത്രനാൾ വേണമെങ്കിലും കാത്തിരിക്കാം എന്ന് പറഞ്ഞവൾ എത്ര പെട്ടന്നാണ് മാറിയത്. അവൾ പറഞ്ഞതാണ് ശരി . ചേരുന്നതിനെ നമ്മൾ ആഗ്രഹിക്കാൻ പാടുള്ളൂ.സുന്ദരിയായ ഒരു പെണ്ണ് കൂടെ ഉണ്ടെന്ന അഹങ്കാരം ഉണ്ടായിരുന്നു ഇതുവരെ. അതാണ് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായത്. .തരുണി പറഞ്ഞതാണ് ശരി, മനസ്സിന്റെ വെളുപ്പാണ് നമ്മൾ കാണേണ്ടത്. അല്ലാതെ തൊലിപ്പുറത്തെ കളറല്ല “

ആ ആലോചനകൾ നിന്നത് വീടെത്തിയെന്ന് അറിഞ്ഞപ്പോൾ ആയിരുന്നു.

പതിയെ ബൈക്ക് നിർത്തി അകത്തേക്ക് കയറുമ്പോൾ മനസ്സിൽ തരുണിയുടെ മുഖമായിരുന്നു. അവളെ ആവുന്നത്ര നോവിച്ചിട്ടേ ഉള്ളൂ വാക്കുകൾ കൊണ്ട്. എന്നിട്ടും അവൾക്ക് തന്നെ ഇഷ്ട്ടമായിരുന്നു . അവളുടെ നിറത്തെ വരെ കളിയാക്കിയപ്പോഴും അവൾ മറുത്തൊന്നും പറഞ്ഞില്ല, ഒരുപാട് ഇഷ്ട്ടമായിരുന്നു എന്നല്ലാതെ. ” ആരോ പറഞ്ഞ പോലെ നമ്മൾ സ്നേഹിക്കുന്നവരെ അല്ല, നമ്മളെ സ്നേഹിക്കുന്നവരെ ആണ് കണ്ടെത്തേണ്ടത് എന്നത് എത്ര ശരിയാണെന്ന് ” ചിന്തിച്ചുപ്പോയി ഹരി.

പക്ഷേ, ഹരിതയുടെ അവഗണയുടെ നിമിഷങ്ങളിൽ നിന്ന് മോചിതനാകാൻ സമയമെടുത്തു. ആ ഒരാഴ്ചയിൽ ഒരിക്കൽ പോലും തരുണി ആ വീട്ടിലേക്ക് വന്നതുമില്ല. ” അല്ലെങ്കിലും ഇനി അവൾ ഈ പടി കയറില്ല, അത്രത്തോളം അപമാനിച്ചാണ് വിട്ടതെന്ന് “ഓർത്തപ്പോൾ ഹരിക്ക് മനസ്സിൽ വല്ലാത്തൊരു പശ്ചാത്താപമുണ്ടായിരുന്നു.

അമ്മായോട് പല വട്ടം “തരുണി എവിടെ ” എന്ന് ചോദിക്കുമ്പോൾ പറയാൻ അമ്മക്ക് ഒന്നേ ഉണ്ടായിരുന്നുള്ളൂ, ” നിനക്ക് വേണ്ടാത്തവളെ കുറിച്ച് നീ എന്തിനാ അന്വോഷിക്കുന്നത് ” എന്ന്.

പക്ഷേ, മനസ്സിൽ ഉണ്ടായിരുന്നു അവളെ ഒന്ന് കാണണമെന്ന്… അവളെ വിഷമിപ്പിച്ചതിൽ മാപ്പ് ചോദിക്കണമെന്ന് …. അവളുടെ സ്നേഹത്തിന്റെ ആഴത്തെ തിരിച്ചറിയാൻ വൈകിയതിൽ ഖേദം അറിയിക്കണമെന്ന്. പറ്റിയാൽ ഇനിയുള്ള ജീവിതം അവളോടൊപ്പം ആണെന്ന് അവളുടെ കൈ പിടിച്ച് പറയണമെന്ന്.. !!

അന്ന് ” തരുണിയുടെ വീട് വരെ പോയിട്ട് വരാം ” എന്ന് പറഞ്ഞ് അമ്മ പുറത്തേക്കിറങ്ങുമ്പോൾ കൂടെ പോയാലോ എന്ന് ആലോചിച്ചു ഹരി. അമ്മയുടെ കൂടെ പോയാൽ അവളോട് ഒറ്റക്ക് സംസാരിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ അത് വേണ്ടെന്ന് വെച്ചു.

ഉച്ചക്ക് ശേഷം അമ്മ വീട്ടിൽ തിരികെ എത്തിയപ്പോൾ ആയിരുന്നു ഹരി ബൈക്കുമെടുത്തു പുറത്തേക്ക് ഇറങ്ങിയത്. നേരെ അവളുടെ വീട് ലക്ഷ്യമാക്കി പോകുമ്പോൾ മനസ്സിൽ ഒരു സന്തോഷം ഉണ്ടായിരുന്നു. താൻ ഇഷ്ടമാണെന്ന് പറയുമ്പോൾ അവളുടെ മുഖത്തു പ്രതിഫലിക്കുന്ന സന്തോഷം അവന് കാണാൻ കഴിയുന്നുണ്ടായിരുന്നു. അവളുടെ വീട്ടിന്റെ ഉമ്മറത്തേക്ക് വണ്ടി ഒതുക്കി നിർത്തി ഇറങ്ങുമ്പോൾ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു അമ്മാവൻ. ” ന്താ ഹരി നിനക്കീ വഴിയൊക്കെ അറിയോ….. അതെങ്ങനാ… തിരക്കൊഴിഞ്ഞ നേരം വേണ്ടേ അല്ലെ…. മ്മ്… ന്നാ നീ അകത്തേക്ക് ചെല്ല്. തരുണി ഉണ്ട്‌ അവിടെ. അവളോട് ചായ ഇട്ടു തരാൻ പറ. അപ്പോഴേക്കും ഞാൻ പറമ്പിലൊന്ന് പോയിട്ട് വേഗം വരാ ” എന്നും പറഞ്ഞ് അമ്മാവൻ പുറത്തേക്കിറങ്ങുമ്പോൾ ഹരിയുടെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു. ” ഇനി ആരുടേയും ശല്യമില്ലാതെ അവളോട് തുറന്ന് സംസാരിക്കാലോ !!”

പതിയെ അകത്തേക്ക് നടക്കുമ്പോൾ ” എങ്ങനെ പറഞ്ഞ് തുടങ്ങണം എന്ന ചിന്തയായിരുന്നു.

” ന്താ ഹരിയേട്ടാ.. ഈ വഴിയൊക്കെ… വല്ലാത്ത അത്ഭുതം ആണല്ലോ ന്റെ ശിവനെ… ” എന്ന് പറഞ്ഞ് കൊണ്ട് പുഞ്ചിരിയോടെ മുന്നിൽ നിൽക്കുന്ന തരുണിയെ കണ്ടപ്പോൾ അത് വരെ പറയാൻ വന്നതെല്ലാം മറന്നപോലെ തോന്നി ഹരിക്ക്.

പതിയെ അവളെ നോക്കി പുഞ്ചിരിക്കുമ്പോൾ അവൾ അവനെ ആകെമൊത്തം ഒന്ന് നോക്കി ” ഞാൻ എന്താ ഈ കാണുന്നത്. ജീവിതത്തിൽ ആദ്യമാണ് എന്റെ മുഖത്തു നോക്കി ഹരിയേട്ടൻ പുഞ്ചിരിക്കുന്നത്… .. മ്മ്…. വെറുതെ അല്ല, എല്ലാം അറിഞ്ഞുകാണും അല്ലെ… അല്ലാതെ ഈ വഴി വരവും ഈ പുഞ്ചിരിയും ആ മുഖത്തുണ്ടാകാൻ സാധ്യത ഇല്ല. “

പക്ഷേ, അവൾ ഉദ്ദേശിച്ചത് എന്താണെന്ന് അവന് മനസ്സിലായില്ലായിരുന്നു. എന്ത് അറിഞ്ഞെന്നാണ് ഇവൾ പറയുന്നതെന്ന് ആലോചിക്കുകയായിരുന്നു ഹരി.

” എന്ത് അറിഞ്ഞെന്നാണ് തരുണി നീ ഈ പറയുന്നത്.. ഞാൻ ഒന്നും അറിഞ്ഞിട്ടില്ല.. പിന്നെ ഞാൻ വന്നത് ഒരു തെറ്റ് തിരുത്താൻ വേണ്ടിയാണ്. ബോധം വരാൻ കുറച്ചു സമയമെടുത്തെങ്കിലും നിന്റെ സ്നേഹം എനിക്കിപ്പോഴാണ് മനസ്സിലാകുന്നത്. പുറത്തെ കളറിലല്ല, അകത്തേ മനസ്സിലാണ് കാര്യമെന്ന്. ഒരുപാട് സങ്കടപ്പെടുത്തിയിട്ടുണ്ട് ഞാൻ നിന്നെ… അതിനൊക്കെ പ്രായശ്ചിത്തം ചെയ്യണം എനിക്ക്. ഞാൻ…..ഞാൻ നിന്നെ ന്റെ ജീവിതത്തിലേക്ക് കൂട്ടിക്കോട്ടെ തരുണി “

അവന്റെ സന്തോഷത്തോടെ ഉള്ള ചോദ്യം കേട്ടപ്പോൾ അവൾ പുഞ്ചിരിയോടെ അവനെ നോക്കി,

പിന്നെ അലമാരയിൽ നിന്നും ഒരു ബുക്ക്‌ എടുത്ത് അവന് നേരെ നീട്ടി..

അത് തുറന്ന് നോക്കിയ അവൻ ഒരു നിമിഷം അതിൽ നിന്ന് കണ്ണെടുക്കാതെ തന്നെ നിന്നുപോയി. പിന്നെ പതിയെ അവൾക്ക് നേരെ മുഖമുയർത്തി ” ഇത് ആരെന്ന ഭാവത്തിൽ “.

അതിനും മറുപടിയെന്നോണം പുഞ്ചിരി തന്നെ ആയിരുന്നു അവളുടെ മുഖത്ത്‌.

” ഹരിയേട്ടാ…. ഇത് അരുൺ…. നാല് ദിവസം മുന്നേ പെണ്ണ് കാണാൻ വന്നതായിരുന്നു.കറുത്തവളായത് കൊണ്ട് വന്നവർ ആ വഴിക്ക് തന്നേ പോകുമെന്നാണ് കരുതിയത്.പക്ഷേ, അവർക്ക് ഈ വിവാഹത്തിനു താല്പര്യം ഉണ്ടെന്ന് പറഞ്ഞു.ഹരിയേട്ടൻ അന്ന് പറഞ്ഞതാണ് ശരി, .സമയമാകുമ്പോൾ എനിക്കുള്ള ഒരാൾ വരുമെന്ന്…നമ്മൾ ആരെയൊക്കെ എത്രയൊക്കെ സ്നേഹിച്ചാലും അവർക്ക് നമ്മളെ സ്നേഹികക്കാൻ കഴിഞ്ഞില്ല പിന്നെ പിന്നാലെ നടക്കുന്നതിൽ ഒരു അർത്ഥവുമില്ല..

കറുത്തവളെ സ്നേഹിക്കാനും സ്വീകരിക്കാനും നിറഞ്ഞ മനസ്സോടെ ഒരാൾ മുന്നിൽ നിൽക്കുമ്പോൾ അതിൽ കൂടുതൽ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. ഹരിയേട്ടന് ന്നേക്കാൾ നല്ല കുട്ടിയെ തന്നെ കിട്ടും..ഞാൻ എങ്ങാനും ആ ജീവിതത്തിലേക്ക് വന്നാൽ പിന്നെ നാളെ മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാൻ ഒരു കാരണം ആയി.. എന്തിനാ നമ്മളായിട്ട് നാട്ടുകാർക്ക് ഒരു കാരണം ഉണ്ടാക്കിക്കൊടുക്കുന്നത്.അരുണേട്ടന്റെ വീട്ടിൽ നിന്ന് ഇന്ന് രാവിലെയും അവർ വന്നിരുന്നു. എല്ലാം ഏകദേശം തീരുമാനിക്കാൻ.. അമ്മായി പറഞ്ഞില്ലേ ഹരിയേട്ടാ …”

ഇല്ലെന്നവൻ പതിയെ തലയാട്ടി..

” ഹരിയേട്ടനുള്ള പെണ്ണ് എവിടെയോ ഉണ്ട്… അവിടെ എത്താൻ കുറച്ച് നേരം കാത്തിരിക്കണം എന്നെ ഉള്ളു.. ഈ കറുത്തവൾക്ക് വിധിച്ചത് അരുണേട്ടൻ ആണ്…

എല്ലം ഒരു വിധിയല്ലേ ഹരിയേട്ടാ… “

“അതെ എല്ലാം വിധിയാണ് തരുണി…എന്തായാലും ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ… “

കൂടുതലൊന്നും പറയാതെ പുറത്തേക്ക് നടക്കുന്ന അവനെ നോക്കികൊണ്ട് അവൾ ഒന്നുകൂടി ഉറക്കെ പറഞ്ഞു,

” ഹരിയേട്ടാ… കല്യാണത്തിന് എല്ലാത്തിനും മുന്നിൽ തന്നേ ഉണ്ടാകണംട്ടോ.. നിക്ക് ഏട്ടൻമാരൊന്നും ഇല്ലാത്തതാ ” എന്ന്.

പഴയ എഴുത്താണ് ☺️☺️☺️