എന്താണ് ചെയ്യുകാന്ന് ഒരു പിടിയും കിട്ടിയില്ല…നാലു കൊല്ലായി നെഞ്ചിൽ കൊണ്ട് നടക്കുന്നു പെണ്ണിനെ…

in Special Report

രചന: ദിവ്യ കശ്യപ്

രാവിലെ ആറുമണിയായപ്പോഴേ വന്ന ഫോണിന്റെ ശബ്ദത്തിൽ അലോസരം പൂണ്ടാണ് ഞാൻ കണ്ണ് തുറന്നത്… നമ്പർ പോലും നോക്കാതെ എടുത്ത് ചെവിയിലേക്ക് വെച്ച് ഹലോ പറഞ്ഞു.. കണ്ണ് തനിയെ അടഞ്ഞു പോയിരുന്നു അപ്പോഴേക്കും … ഹലോ പറഞ്ഞത് ഉറക്കം മുറിഞ്ഞതിന്റെ ദേഷ്യത്തിലുമായിരുന്നു…

ആ ദേഷ്യസ്വരം കെട്ടിട്ടാണെന്ന് തോന്നുന്നു അപ്പുറത്തെ വശത്തു നിശബ്ദത വന്നത്.. വീണ്ടും ഹലോ പറഞ്ഞു…

“ഇക്കാ… ഇക്കൂ… “അവളുടെ വെപ്രാളം പൂണ്ട സ്വരം…

ചാടിയെഴുന്നേറ്റു പോയി ഞാൻ കിടക്കയിൽ നിന്നും… ഫോൺ ചെവിയിൽ നിന്നെടുത്തു നോക്കി.. അവളുടെ വീട്ടിലെ ലാൻഡ് ലൈൻ നമ്പർ… രാവിലെ അച്ഛനും അമ്മയും അമ്പലത്തിൽ പോയ സമയം നോക്കി വിളിച്ചതാവും..

“വാവേ… എന്താടാ… “എന്റെ സ്വരം ചിലമ്പിച്ചു പോയി …

“ഇക്കു… ഇക്കൂച്ചാ… അച്ഛൻ ആ കല്യാണം ഉറപ്പിക്കാൻ പോണു… നിക്ക് കഴീല്ലാട്ടോ…” ആള് കരയാൻ തുടങ്ങിയിരുന്നു…

ഞാൻ തളർന്നു പോയി…. എന്താണ് ചെയ്യുകാന്ന് ഒരു പിടിയും കിട്ടിയില്ല… നാലു കൊല്ലായി നെഞ്ചിൽ കൊണ്ട് നടക്കുന്നു പെണ്ണിനെ… ജാതിയും മതവും ഒന്നും നോക്കീല്ല… എന്തോ മനസ്സിൽ തോന്നിയോരിഷ്ടം അറിയാതെ പറഞ്ഞുപോയി… ഓള് പഠിക്കുന്നിടത്തെ താൽക്കാലിക മാഷായി ചെന്നതാണ്… പിന്നെപ്പോഴോ എല്ലാവരോടും കൂട്ടാകുന്ന പോലെ കൂട്ടായി…

ഒരു സ്ഥിരം ജോലിയില്ലാതെ വിഷമിച്ചു നടന്ന ആ കാലഘട്ടത്തിൽ പലയിടത്തും ജോലിക്കായി കയറിയിറങ്ങി… എഴുതിയ ടെസ്സ്റ്റുകളും ഒന്നും ഫലം കാണാതെ വന്നപ്പോൾ അതിന്റെയൊക്കെ ടെൻഷനിൽ നടന്ന എന്റെ മാനസികാവസ്ഥ പെട്ടെന്ന് മനസിലാക്കിയത് അവളായിരുന്നു… എന്തിനാ ഇത്ര വിഷമിക്കുന്നെ…എന്നൊക്കെ ചോദിച്ചു വന്ന വാട്സാപ്പ് സന്ദേശങ്ങളിൽ നിന്നും മറ്റും ഒരു കരുതലായി സ്നേഹമായി അവൾ ആശ്വാസമേകിയപ്പോൾ എവിടെ നിന്നോ ഒരു ഊർജം കിട്ടിയ പോലായിരുന്നു… പിന്നീട് എങ്ങനെയൊക്കെയോ ആ ബന്ധത്തിന്റെ നിറം മാറി ഇവിടം വരെയെത്തി…

“ഇക്കൂച്ചി… എന്താ മിണ്ടാത്തെ… ഞാനെന്താ ചെയ്യേണ്ടേ…? “”

“വാവേ… വിഷമിക്കാതെ… ഞാൻ ഉപ്പായേം കൂട്ടി വരാം… “

നാട്ടിലെ പേര് കേട്ട നായർ തറവാട്ടിലേക്കു ഉപ്പായേം മാമായേം കൂട്ടി ചെല്ലുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ടുണ്ടായിരുന്നു… മുസ്ലിം സമുദായത്തിൽ പെട്ട തനിക്ക് അവർ അവളുടെ മകളെ തരുമോ എന്ന ആവലാതി..

ഇക്കാര്യം ഉപ്പായോടും ഉമ്മായോടും പറഞ്ഞപ്പോൾ അവരും ചോദിച്ചത് അത് തന്നെയായിരുന്നു…

“ഞങ്ങൾ സമ്മതിച്ചാലും അവർ സമ്മതിക്കുമോ…”

മറ്റൊന്നിലും രണ്ടു കൂട്ടരും തമ്മിൽ വ്യത്യാസം ഒന്നുമില്ല… തറവാടിത്തമായാലും.. സാമ്പത്തികമായാലും…മറ്റെന്തായാലും… ഈ കാലത്തിനിടയിൽ പ്രൈവറ്റ് എങ്കിലും നല്ലൊരു ജോലിയും ഞാൻ സമ്പാദിച്ചിരുന്നു

പ്രതീക്ഷിച്ചതു പോലെ തന്നെ അവർ സമ്മതിച്ചില്ല… മറ്റേ കല്യാണവുമായി മുന്നോട്ട് തന്നെ നീങ്ങി… അവളോട്‌ സ്ഥിരം മാതാപിതാക്കളുടെ ഭീഷണിയും.. അച്ഛനും അമ്മയും ആത്മഹത്യ ചെയ്യും…

എന്നും രാത്രി വിളിച്ചു അവളുടെ കരച്ചിൽ..

“ഇക്കൂ… ഞാൻ മരിക്കും… എനിക്ക് കഴീല്ല… ഇക്കൂന്റെ സ്ഥാനത് മറ്റൊരാളെ… “

പെണ്ണിന്റെ കരച്ചിൽ നെഞ്ഞിലോട്ടാണ് തുളച്ചു കയറുന്നത്.. പിന്നെ ഒരു പോള കണ്ണടക്കാൻ പറ്റില്ല…

“ഞാൻ കൊണ്ടുപോരാം… നീ വരുവോ… “എന്റെ ചോദ്യത്തിൽ അവളൊന്നു ശങ്കിച്ചു..

“അച്ഛൻ… അമ്മ…ഇക്കൂച്ചാ.. ഞാൻ എന്ത് ചെയ്യും… “

“അവർ മരിക്കുമെന്നല്ലേ പറഞ്ഞിരിക്കുന്നെ.. നീയും അത് തന്നെ പറ… വേറെ കല്യാണം നടത്തിയാൽ നീ മരിക്കുമെന്ന്… “

അവളങ്ങനെ തന്നെ പറഞ്ഞു നിന്നു… ഒടുവിൽ അവളുടെ അച്ഛൻ പറഞ്ഞു നിന്റെ ഇഷ്ടം പോലെ ചെയ്യ്… ഞാൻ നടത്തി തരില്ല ഈ വിവാഹം….

“ഇക്കാടെ ഉപ്പായും ഉമ്മായും സമ്മതിച്ചല്ലോ അച്ഛാ… അച്ഛനും സമ്മതിച്ചൂടെ… “

“ഇല്ലാന്ന് പറഞ്ഞാൽ ഇല്ലാ… “

“എന്തിനാച്ഛാ.. ഈ വാശി… ഞാനങ് മരിച്ചു പോയാലോ… ഇന്നുള്ളവർ നാളെ കാണും എന്ന് എന്താ ഉറപ്പ്.. “

“എനിക്ക് എന്റെ അന്തസ്സാ വലുത്… ഒരന്യ സമുദായത്തിൽ പെട്ട ഒരുത്തനുമായി ഒരിക്കലും ഞാൻ നടത്തി തരില്ല… “അവളുടെ അച്ഛൻ കട്ടായം നിന്നു..

കരഞ്ഞിട്ടും പറഞ്ഞിട്ടും കാര്യമില്ലെന്നു മനസിലായപ്പോൾ അവൾ ഇറങ്ങി പോന്നു

അവൾക്കു അവളുടെ ഇക്കൂച്ചിയെ ജീവനായിരുന്നു…

എന്റെ വീട്ടിൽ അത്ര വലിയ അംഗീകാരം ഒന്നും കിട്ടിയില്ലെങ്കിലും എന്നെ മതിയായിരുന്നു അവൾക്ക്.. പണ്ടത്തെത്തിനു പിന്നത്തെ കരുതലും സ്നേഹവും പ്രണയവുമൊക്കെ അവളെനിക്ക് തന്നു…

ഇടക്ക് ഈ പ്രൈവറ്റ് ജോലി വിട്ട് പ്രവാസിയാകാൻ എടുത്ത എന്റെ തീരുമാനം അവൾ മുളയിലേ നുള്ളി കളഞ്ഞു…

“ഒരു പിടിയെ ഉള്ളെങ്കിലും അത് പകുത്ത് കഴിച്ച് ഇവിടെ കഴിയാം നമുക്ക്.. ഇക്കൂച്ചി അടുത്തില്ലാതെ എനിക്ക് പറ്റില്ല… “അവൾ തീർത്തു പറഞ്ഞു…

രണ്ടുവർഷം ആകാറായപ്പോൾ അവൾക്ക് വിശേഷമായി… സന്തോഷത്തിന്റെ നാളുകളായിരുന്നു അത്… വിവരം അവൾ അവളുടെ അമ്മയേം വിളിച്ചു പറഞ്ഞിരുന്നു.. പക്ഷെ ഒരിക്കൽ പോലും അവർ ഒന്നു വിളിച്ചു പോലും ചോദിച്ചില്ല…

മൂന്നാം മാസത്തേ സ്കാനിങ്ങിലാണ് ഡോക്ടർ ഒരു സംശയം പ്രകടിപ്പിച്ചത്.. യൂട്രസിൽ ഒരു മുഴയും ഉണ്ട്… അതെടുത്തു കളയണം…

പിന്നീടുള്ള പോക്കിനൊന്നും അവൾ എന്നെ കൂടെ കൂട്ടിയില്ല… ഉമ്മായേം കൂട്ടി പോയി.. എനിക്ക് പ്രത്യേകിച്ച് സംശയം ഒന്നും തോന്നിയതുമില്ല… അവളുടെ ഒരു കൂട്ടുകാരി അവിടെ തന്നെ നേഴ്സ് ആയുള്ളത് കൊണ്ട് ഇക്കാ വന്നില്ലേലും കുഴപ്പമില്ല എന്നൊക്കെയായിരുന്നു പറച്ചിൽ… ഉമ്മാ കൂടുതലൊന്നും ശ്രെദ്ധിച്ചുമില്ല…

ആദ്യം ഡോക്ടർ പറഞ്ഞ മുഴയെ കുറിച്ച് ഞാൻ ചോദിച്ചപ്പോൾ അതിനു ഗ്രോത്ത് ഒന്നുമില്ലാത്തത് കൊണ്ട് കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടർ പറഞ്ഞു എന്നൊക്കെയാണ് അവളെന്നോട് പറഞ്ഞത്…

എന്നാൽ അടിക്കടി ആ മുഴ വളർന്നു കൊണ്ടിരിക്കുകയായിരുന്നുവെന്നും… യൂട്രസ് റിമൂവ് ചെയ്യേണ്ട അവസ്ഥ വരെ ഉണ്ടായിരുന്നുവെന്നും ഒക്കെ അവളുടെ സിസേറിയൻ സമയത്താണ് ഞാനറിയുന്നത്…..

അപ്പോഴേക്കും എട്ടാം മാസത്തിൽ തന്നെ അത് ക്യാൻസറിന്റെ രൂപത്തിൽ വളർന്നു മാരകമായി കഴിഞ്ഞിരുന്നു… എട്ടാം മാസത്തിൽ എന്റെ മുഖഛായ ഉള്ള ഒരു കുഞ്ഞുപെൺവാവയെ എനിക്ക് തന്നിട്ട് എന്നെ നോക്കി തളർന്ന ചിരി ചിരിച്ചു അവൾ…

“എന്തിനാണ് വാവേ നീയിത് എന്നോട് ചെയ്തതെന്ന് “…കരഞ്ഞു ചോദിച്ചപ്പോൾ അവൾ പറഞ്ഞത്… പെങ്ങന്മാരുടെ മക്കൾ വരുമ്പോൾ ഇക്കൂച്ചിയുടെ മുഖത്ത് നിറയുന്ന വാത്സല്യം കണ്ടത് കൊണ്ട്… എന്നായിരുന്നു…

ആ മുഴയും വെച്ച് ഒരു കുഞ്ഞുണ്ടാവില്ല എന്ന് ഡോക്ടർ തീർത്തു പറഞ്ഞിരുന്നത്രെ.. യൂട്രസ് റിമൂവ് ചെയ്യുക എന്നത് മാത്രമായിരുന്നു ആകെയുള്ള ഒരു ഓപ്ഷൻ..

“എനിക്കൊരു കുഞ്ഞിനെ തരാൻ വേണ്ടി എന്റെ വാവ… “എന്റെ ഹൃദയം കലങ്ങി മറിഞ്ഞു…

മറ്റൊരു മേജർ ഓപ്പറേഷന് തയ്യാറെടുക്കുന്നതിനിടയിൽ തന്നെ എന്റെ കണ്ണിൽ തന്നെ നോക്കിക്കിടന്നു എന്റെ കയ്യിൽ അമർത്തി പിടിച്ചു… “ഇക്കൂച്ചാ.. അടുത്ത ജന്മത്തിലും ഞാൻ തന്നെയാണെ ആ നെഞ്ചത്തെ രോമം കിള്ളിപ്പറിക്കാൻ വരുന്ന ആൾ “….എന്ന് ചിരിയോടെ പറഞ്ഞു കൊണ്ട് കണ്ണടച്ച അവളുടെ മേലേക്ക് “വാവേന്നു “….വിളിച്ചു ഞാൻ മറിഞ്ഞു വീഴുമ്പോൾ ഇടതു കയ്യിൽ ഞങ്ങളുടെ പഞ്ഞി കുഞ്ഞുമുണ്ടായിരുന്നു….

ജീവിച്ചിരുന്നപ്പോൾ കാണാതിരുന്ന മകളെ വെള്ള പുതപ്പിച്ചു കിടത്തിയപ്പോൾ കാണാൻ അവളുടെ അമ്മയും അച്ഛനുമെത്തിയിരുന്നു…

അപ്പോഴും എന്റെ മടിയിൽ ഞങ്ങളുടെ മോൾ ഉണ്ടായിരുന്നു….

*********************

…ബന്ധങ്ങൾക്കിടയിൽ വാശിയും മതവും ജാതിയും എന്തിനാ… സ്നേഹവും വിശ്വാസവും പോരെ….