ആദ്യത്തെ ദിവസം വലിയ കുഴപ്പമൊന്നുമില്ലാതെ പോയി, രണ്ടാമത്തെ ദിവസം മുതൽ ഞാനും അമ്മയും കൂടി ഇടങ്ങേറായി…

in Special Report

രചന: ദിവ്യ കശ്യപ്

ക്രിസ്ത്മസിനോട് ചേർന്ന് കുറച്ചു ദിവസം അച്ഛനോടും അമ്മയോടുമൊപ്പം ചെലവഴിക്കാം എന്ന് കരുതിയാണ് വീട്ടിൽ ചെന്നത്… പോരാത്തതിന് ഇത്തിരി വയ്യായ്കയും ഉണ്ടായിരുന്നു… മോള് ക്ഷീണിച്ചു പോയെന്നും വീട്ടിൽ നിന്നു ഇത്തിരി പുഷ്ടിപ്പെടട്ടെ എന്നും അച്ഛൻ, ഏട്ടൻ കേൾക്കാതെ അമ്മയോട് പറയുന്നത് കേട്ടു… കേട്ടാൽ പിന്നെ അതിൽ കയറി സെന്റിയടിച്ച് ഏട്ടൻ വിടൂല്ല…എന്ന് അച്ഛന് നന്നായി അറിയാം… എനിക്ക് കെട്ടിച്ചു വിട്ടടുത്ത് വലിയ കുഴപ്പമൊന്നുമില്ല… അമ്മയാണെങ്കിലും ഓക്കെ.. ഏട്ടൻ ഡബിൾ ഓക്കെ…പിന്നെ വല്ലപ്പോഴും വൺ ആന്റ്റ് ഒൺലി നാത്തൂൻ വന്ന് കുത്തിത്തിരുപ്പുണ്ടാക്കുന്നതേ പ്രശ്നമായുള്ളൂ…….

അച്ഛന്റെ കണ്ണിൽ പക്ഷെ പലപ്പോഴും മകൾക്കിവിടെ ജോലിഭാരം കൂടുതലുള്ളതായി തോന്നുമത്രേ… സത്യമായിട്ടും പക്ഷെ എനിക്കങ്ങനെ തോന്നീട്ടില്ലാട്ടോ… അച്ഛന്മാർക്കല്ലെങ്കിലും പെണ്മക്കൾ രാജകുമാരിമാരാണല്ലോ… അതിപ്പോ എത്ര വളർന്നാലും… പോരാത്തതിന് ഇളയ സന്താനവും….തന്നെയുമല്ല അമ്മയേക്കാളേറെ അച്ഛനുമായി ചെറുപ്പം മുതലേ ബോണ്ട്‌ അല്പം കൂടുതലാ… അച്ഛനിഷ്ടമില്ലാത്തതിന്റെ പേരിൽ മാറ്റി വെച്ച ആഗ്രഹങ്ങളുടെ ലിസ്റ്റ് ഈ മകൾക്ക് കൂടുതലാണ്… അതിൽ ഏഴു വർഷത്തെ ഒരു പ്രണയവും പെടും… “അച്ഛൻ “…അത് ഒരേസമയം ഒരു ശക്തിയും ദൗർബല്യവുമാണ്….

അമ്മ കുറച്ചു സീരിയസ് ആണ്.. പെട്ടെന്നൊന്നും അലിയത്തില്ല…ബോൾഡ്… എന്തെങ്കിലുമൊന്നു പറഞ്ഞാലും വലിയ മൈൻഡ് ഒന്നുമില്ല…

“അമ്മേ ഇത്തിരി പഴംപൊരി ഉണ്ടാക്കി തരുവോ… അല്ലെങ്കിൽ ഉള്ളിവട… “

“പിന്നെ… എനിക്കിപ്പോ നേരമില്ല… സ്‌കൂളിലേക്ക് കുറെ ടീച്ചേഴ്സ് നോട്ട് എഴുതാനുണ്ട്… “

“വാ… അച്ഛനുണ്ടാക്കി തരാം… അപ്പോഴേക്കും അച്ഛൻ റെഡി ആകും…. “

അച്ഛൻ…… അത് അന്നും ഇന്നും എന്നും ഒരു ഫീലാണ്…

പക്ഷെ പഴംപൊരിയും ഉള്ളിവടയുമെ അന്ന് കണ്ടുള്ളു… അതുണ്ടാക്കി കഴിഞ്ഞു അവിടെ നിന്നും ഇറങ്ങുമ്പോഴുള്ള എണ്ണമറ്റ പാത്രങ്ങളും അടുക്കളയിലെ അഴുക്കും അന്ന് കണ്ടിട്ടില്ല….

………………………….❣️

അപ്പോൾ പറഞ്ഞു വന്നത് കുറച്ചീസം വീട്ടിൽ നിൽക്കാനായി ആകെയുള്ളൊരു ട്രോഫി കാശൂട്ടനുമായി വീട്ടിൽ ചെന്നു…

ആദ്യത്തെ ദിവസം വലിയ കുഴപ്പമൊന്നുമില്ലാതെ പോയി… രണ്ടാമത്തെ ദിവസം മുതൽ ഞാനും അമ്മയും കൂടി ഇടങ്ങേറായി… കാര്യം മറ്റൊന്നുമല്ല കഴിഞ്ഞ തവണ ഞാൻ ചെന്നപ്പോൾ അകത്തിടാൻ ഉപയോഗിച്ചിരുന്ന ചെരുപ്പ് ഞാൻ പോയി കഴിഞ്ഞപ്പോൾ അമ്മ പുറത്തിടാൻ തുടങ്ങിയിരുന്നു… ഇതറിയാതെ ഞാനതെടുത്ത് അകത്തിട്ടു ഇത്തവണ… അമ്മയാണെങ്കിൽ വലിയ വൃത്തിയുള്ള കൂട്ടത്തിലാ… നമുക്കാണെങ്കിൽ അത് കുറച്ചു കുറവും… അതിന്റെ പേരിൽ അടിയായി… പിന്നെ അച്ഛൻ ഇടയിൽ വീഴേണ്ടി വന്നു … അതൊന്നു തീർന്നു കിട്ടാൻ…

പിന്നെ അടുത്ത വഴക്ക് അമ്മ ഞങ്ങൾക്ക് പുതക്കാൻ തന്ന ബെഡ്ഷീറ്റ് ഒരു വശത്തെ ജനലിൽ നിന്നു മറ്റേ വശത്തെ ജനലിലേക്ക് വലിച്ചു കെട്ടി ടെൻറ്റുണ്ടാക്കി കളിച്ച് എന്റെ കാശൂട്ടൻ കീറി കളഞ്ഞപ്പോഴാണ്… കൊച്ചിനെ പുന്നാരിപ്പിച്ചു ഞാൻ വഷളാക്കി വെച്ചിരിക്കുകയാണത്രേ…

എന്തായാലും ഒരാഴ്ചത്തെ ആഘോഷം അഞ്ചു ദിവസമായി ചുരുക്കേണ്ടി വന്നു… അത് പിന്നെ അമ്മയുമായുള്ള വഴക്ക് കൊണ്ടല്ല കേട്ടോ… എന്റെ കെട്യോന്റെ ഇടപെടൽ മൂലം…. “മതി… അമ്മേം മോനും കൂടി സുഖിക്കാൻ പോയത് ….ബാക്കി വീട്ടിൽ വന്ന് സുഖിക്കാമെന്നു…… “

അങ്ങനെ കെട്ടും ഭാണ്ഡവും പെറുക്കി രാത്രി തിരികെ വീട്ടിലേക്ക്….

പിറ്റേന്ന് കാലത്ത് തന്നെ അച്ഛൻ വിളിച്ചു… എഴുന്നേറ്റോ??…. എന്ന് തിരക്കി… വിശേഷങ്ങൾ പറഞ്ഞു..മോനെ കളിപ്പിച്ചു…സന്തോഷത്തോടെ ഫോൺ വെച്ചു..

ഞാൻ പതിവ് ജോലികൾക്കായി അടുക്കളയിലേക്കും… ഒരു ഉഷാറില്ല… ഒന്നും ഉണ്ടാക്കാൻ തോന്നുന്നില്ല…ആകെയൊരു അസ്വസ്ഥത… മടി പിടിച്ചാൽ പിന്നെ രാവിലത്തെ പലഹാരം പുട്ടാണ്.. എളുപ്പമുണ്ടല്ലോ… കുറ്റിയിൽ പൊടി നിറച്ചു വെച്ചിട്ട് അടുക്കളയിലിട്ടിരിക്കുന്ന കസേരയിൽ ഇരുന്നു ആവോളം ചിന്തിച്ചു കൊണ്ടിരിക്കാം..

ചിന്തകളൊക്കെ കാട് കയറി പോയിക്കൊണ്ടിരുന്നു… ആ കാട്ടിൽ നിന്നൊക്കെ ഇറങ്ങി വന്ന് പിന്നെ അമ്മയെ കുറിച്ചായി ചിന്ത…..

“എന്നാലും ഇത്രേം ദിവസം അവിടെ നിന്നിട്ട് പോന്നതല്ലേ… ഈ അമ്മക്കൊന്നു വിളിച്ചൂടെ… എന്നെ അല്ലെങ്കിലും കാശുട്ടനെ എങ്കിലും … “ഞാനോർത്തു…

“ഓ.. എന്തേലും ആവട്ടെ… അങ്ങോട്ട് വിളിച്ചേക്കാം… “

ഞാൻ വിളിച്ചില്ല.. പകരം നമ്പർ ഡയൽ ചെയ്തു കൊടുത്തിട്ട് കാശൂട്ടന്റെ കയ്യിൽ ഫോൺ കൊടുത്തു… എന്നിട്ട് സ്പീക്കറിൽ ഇട്ടു…

അപ്പുറത്ത് അമ്മയുടെ “ഹലോ “കേട്ടു..

“അമ്മമ്മാ… എന്തെദുക്കുവാ…. “

“ആഹ്… ഇതാര്.. അമ്മമ്മേടെ മോൻകുട്ടനോ… ന്താ വിശേഷം…അമ്മയെന്ത്യേ….”

“അമ്മ പുത്തുണ്ടാക്കുവാ…. “

“ഇവൾക്കിത് എന്നും പുട്ടേ ഉള്ളോ… ഓ…എന്നാലല്ലേ ഇരുന്നു സ്വപ്നം കാണാൻ പറ്റൂ… “

എന്റെ മുഖമൊന്നു ചുളിഞ്ഞു.. “ഹോ വിളിക്കണ്ടാരുന്നു… ഇനിയിപ്പോ ഇതിനാവും….അടുത്ത പുകില്…. അമ്മേടെ ഭാഷയിൽ ഞാൻ പണിയാക്കള്ളി ആണ്…. പണി എടുക്കാൻ മടിയാണെന്ന് എന്നെക്കുറിച്ച് ആരെ കണ്ടാലും പറയുന്നത് അമ്മേടെ ഒരു ഹോബിയാണ്…… “

“അമ്മമ്മാ ചായ കുദിച്ചോ… “

“ഇല്ലെടാ വാവേ.. “

“അതെന്താ കുക്കാഞ്ഞേ…ഇത്തില്ലേ “

“അത്…ഇട്ടു… പക്ഷെ കുടിച്ചില്ല… “അമ്മയുടെ ശബ്ദം ഒന്നിടറിയത് പോലെ..

“അതെന്താന്നാ ചോച്ചേ… “കാശൂട്ടൻ വിടാൻ പ്ലാനില്ല…

“അത്.. അമ്മമ്മ എന്നും എഴുന്നേറ്റു വരുമ്പോൾ ചെയ്യാറുള്ളത് പോലെ നിങ്ങളുടെ മുറിയുടെ വാതിലിൽ വന്ന് രണ്ടു കൊട്ട് കൊട്ടി… എന്നിട്ട് “എഴുന്നേൽക്ക്” എന്നും പറഞ്ഞുകൊണ്ട് വന്ന് ചായയിട്ടു… കാശൂന് പാലിൽ ബൂസ്റ്റ്‌ ചേർത്ത് മാറ്റി വെച്ചു.. അമ്മക്ക് ബ്രൂ ഇട്ട് കാപ്പിയാക്കി അതും ഒരു കപ്പ് മാറ്റി വെച്ചു.. ബാക്കി രണ്ടു കപ്പിൽ ചായയാക്കി അമ്മമ്മയ്ക്കും അപ്പൂപ്പക്കും എടുത്തു… വീണ്ടും നിങ്ങളുടെ മുറിയിലേക്ക് വരാൻ പോയപ്പോഴാ.. നിങ്ങൾ പോയല്ലോ എന്ന് അമ്മമ്മ ഓർത്തത്…പിന്നെ അമ്മമ്മക്ക് കുടിക്കാൻ തോന്നിയില്ല…… “

കുറച്ചു നേരത്തേക്ക് കാശൂട്ടൻ പോലും നിശബ്ദനായി പോയി…

എന്തിനോ എന്റെ കണ്ണ് നിറഞ്ഞു… മനസും… ❣️

അമ്മമനസ്സ് ❤️അത്… നമ്മൾ വിചാരിക്കുന്നതിലും എത്രയോ അപ്പുറത്താണല്ലേ……ഒരുപാടൊരുപാട് ഉയരത്തിൽ…..

NB: ചിലർ ഇങ്ങനെയാവും അല്ലേ….വിളിച്ചില്ലെങ്കിലും മിണ്ടിയില്ലെങ്കിലും ഉള്ളിൽ നിറച്ച്‌ നമ്മളുണ്ടാവുമായിരിക്കും … ശരിയാണ് ഒന്നോർത്താൽ… വിളിക്കുകയും പറയുകയുമൊന്നും വേണ്ടാ… പക്ഷെ ആ ഓർമ്മകളിൽ നമ്മളുണ്ടാവും എന്ന ഒറ്റ ചിന്ത മതി… എല്ലാ സങ്കടങ്ങളും മറക്കാൻ…