രചന : AmMu Malu AmmaLu
താലികെട്ടിയ പെണ്ണ് നിറവയറുമായ് കണ്മുന്നിൽ നിൽക്കുമ്പോൾ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലിചാർത്താൻ എന്റെ കൈകൾ നന്നേ വിറയ്ക്കുന്നുണ്ടായിരുന്നു..
ഒരു നോട്ടം അവളിലേക്ക് പായിക്കുമ്പോൾ നിറചിരിയുമായി എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്ന മാളുവിന്റെ മുഖം മനസ്സിനെ വല്ലാതെ കീറിമുറിക്കുകയായിരുന്നു ആ നിമിഷം.
കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങും മുൻപേ “മുഹൂർത്തം ആയിരിക്കണൂ താലി കെട്ടിക്കോളുക “എന്ന ശാന്തിയുടെ വാക്കുകൾ കാതിൽ ഒരിടി മുഴക്കം പോലെ പ്രതിധ്വനിച്ചപ്പോൾ ചടങ്ങിന് സാക്ഷ്യം വഹിക്കാനെന്നോണം എന്റെയും മാളുവിന്റെയും വീട്ടുകാർ മാത്രമേ അപ്പോളവിടെ സന്നിഹിതരായിരുന്നുള്ളു..
നാളും നക്ഷത്രവും നോക്കി പൊരുത്തങ്ങളെട്ടും കോർത്തിണക്കി എന്റെ വീട്ടുകാർ തന്നെ എനിക്ക് വേണ്ടി കണ്ടുപിടിച്ച പെണ്ണായിരുന്നു എന്റെ മാളു.
നിശ്ചയത്തിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ പരസ്പരം മനസ്സിലാക്കി പ്രണയിച്ച് വിവാഹം എന്ന മഹത്തരമായ കർമ്മത്തിലൂടെ എന്റെ നല്ല പതിയായവൾ..
എന്നാൽ, വിവാഹം കഴിഞ്ഞ് വർഷം മൂന്നായിട്ടും ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയാത്തവളെ പോകപ്പോകെ അമ്മയ്ക്കും അടുത്ത ബന്ധുക്കൾക്കും മുന്നിൽ മച്ചിയായി വിധി ചിത്രീകരിക്കുമ്പോഴും പ്രതീക്ഷയുടെ ഒരംശം എന്നിലും അവളിലും ദൈവം തന്നെ നിറച്ചിരുന്നു…!!!
ഉണ്ണിയേട്ടാ.. ഉണ്ണിയേട്ടാ ഇതെന്തൊരൊറക്കാ എണീറ്റെ മണി ഏഴ് കഴിഞ്ഞു.
രാവിലെ അമ്പലത്തിൽ പോകാന്നു പറഞ്ഞു കിടന്നതല്ലേ മറന്നോ എന്നിട്ട്.
ഏട്ടാ ഉണ്ണിയേട്ടാ ഹാ എണീറ്റെ…എണീറ്റു പോയി കുളിച്ചു വാ..
തലവഴി മൂടിയിരുന്ന പുതപ്പ് വലിച്ചുകൊണ്ടവളത് പറഞ്ഞു തിരിഞ്ഞതും പെട്ടന്നൊരു വിറയലോടെ ഏട്ടാന്ന് വിളിച്ചവൾ നിലത്തേക്ക് വീഴുകയായിരുന്നു.
ചാടിയെണീറ്റവളെ കൈത്തണ്ടയിലേക്ക് ചേർത്ത് പിടിച്ചു കുലുക്കി വിളിക്കുമ്പോളെക്കും പൂർണമായും ബോധരഹിതയായിരുന്നു.
അമ്മേന്ന് നീട്ടിവിളിച്ചു ഞാൻ ജെഗ്ഗിലെ വെള്ളമെടുത്താമുഖത്തേക്ക് തളിച്ചിട്ടും ബോധം വീണ്ടെടുക്കാനവൾക്കാവതുണ്ടായില്ല.
ഉടൻ തന്നെ അടുത്ത പ്രാഥമിക ആരോഗിക കേന്ദ്രത്തിലേക്കവളെയുമെടുത്ത് പോകുമ്പോഴും മനസ്സിൽ ആശങ്കകൾ ഏറെയായിരുന്നു..
പരിശോധന കഴിഞ്ഞ് ഡോക്ടർ മുറിയിലേക്ക് വിളിപ്പിച്ചപ്പോൾ കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകൾ കേട്ടെന്റെ മനസ്സ് മാളുവിനെ കാണാൻ വെമ്പൽ കൊണ്ടു.
അങ്ങനെ, മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ എന്റെ മാളു ഒരമ്മയാവാൻ പോകുവാണെന്നുള്ള വാർത്ത ഞാനവളെ അറിയിക്കുമ്പോൾ തെല്ലൊരു നാണത്തോടൊപ്പം നിറഞ്ഞു വന്ന കണ്ണുകളാൽ അവളെന്നിലേക്ക് ചേർന്നു.
കഠിന ജോലികൾ എടുപ്പിക്കരുതെന്നും മറ്റുമുള്ള ഡോക്ടർന്റെ നിർദ്ദേശപ്രകാരം ഞങ്ങൾ വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ ഒരു കുഞ്ഞിനെ വരവേൽക്കാൻ ഞാനും അവൾക്കൊപ്പം മുൻ കരുതലുകളെടുക്കാൻ തുടങ്ങിയിരുന്നു.
ആദ്യത്തെ മൂന്നു മാസം വല്ല്യ കുഴപ്പങ്ങളൊന്നുമില്ലാതെ കടന്നുപോയെങ്കിലും നാലാം മാസം തൊട്ടാണ് സ്തനങ്ങളിൽ കഠിനമായ വേദന അനുഭവപ്പെടുന്നതിനെപ്പറ്റിയവൾ പറയുന്നത്.
പരിശോധനയിൽ ചെറിയൊരു മുഴ ആയിരിക്കുമെന്ന ധാരണയിൽ നിന്നത് സ്തനാർബുദത്തിലേക്ക് എത്താൻ അവൾക്ക് അധികകാലം കാത്തിരിക്കേണ്ടി വന്നില്ല.
ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ഇങ്ങനെയൊരു തിരിച്ചറിവ് അവളെ നന്നേ പരിഭ്രാന്തിയിലെത്തിച്ചു.
ആ സമയം ചികിത്സ തുടരുന്നതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും എത്രയും വേഗം ഗര്‍ഭം അലസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമാണ് ഡോക്ടർ പറഞ്ഞത്.
അതവളിൽ ഒരു മാനസിക സമ്മർദ്ദം ഉടലെടുക്കാൻ കരണമാവുകയായിരുന്നു. ഇത്രയും കാലം കാത്തിരുന്ന കൺമണിയെ ഇല്ലാതാക്കാൻ അവളും തയ്യാറായില്ല അത് കൊണ്ടാണൊരു ചികിൽത്സക്കും അവൾ വഴങ്ങാതിരുന്നത് അത്രമേൽ സ്നേഹിച്ചിരുന്നു അവളാ കുഞ്ഞിനെ…
“നമ്മുടെ കുഞ്ഞിനെ ഏട്ടന്റെ കൈകളിൽ തരണം എന്നെ മച്ചിയായി ചിത്രികരിച്ചവർക്ക് മുൻപിൽ ഞാനൊരമ്മയായി എന്നൊരിക്കലെങ്കിലുമെനിക്ക് പറയണം എന്നിട്ടെനിക്കെന്ത് സംഭവിച്ചാലും ഞാനത് സഹിക്കും” ചിരിച്ച് കൊണ്ടവളത് പറയുമ്പോഴും ഒരമ്മയാവാനുള്ള വികാരവും സന്തോഷവും വാശിയുമായിരുന്നവൾക്ക്..
പക്ഷെ ദിനംപ്രതി അവളുടെ നിലവഷളായപ്പോഴും ഒടുവിൽ കുഞ്ഞും അവളും നഷ്ടപ്പെടുമെന്ന അവസ്ഥ എത്തിയപ്പോഴും തന്റെ നിർബന്ധത്തിന് വഴങ്ങി ചികിൽത്സക്ക് പോകാൻ സമ്മതിക്കാൻ അവൾ തനിക്ക് നേരെ നീട്ടിയ നിബന്ധനയായിരുന്നു അവളുടെ അനിയത്തി അമ്മുവിന്റെ കഴുത്തിൽ ഒരു താലിചാർത്തുക എന്നത്..
ഒരുപാട് എതിർത്തിട്ടും ഇനിയും സമ്മതിച്ചില്ലെൽ അവൾ തങ്ങൾക്ക് നഷ്ടമാവും എന്നറിയാവുന്നത് കൊണ്ടും മനസ്സില്ലാമനസോടെ സമ്മതിക്കേണ്ടി വരികയായിരുന്നു.!
താലി കെട്ടുകഴിഞ്ഞ് മാളുവിനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോകുമ്പോഴും എന്റെ മടിയിൽ തലവച്ച് കുഞ്ഞിനെ കുറിച്ച് വാതോരാതെ സംസാരിക്കുകയായിരുന്നവൾ തന്റെ കൈകളാവയറിൽ ചേർത്ത് കുഞ്ഞിന്റെ ഓരോ ചലനങ്ങളും തന്നിലേക്കും പകരുകയായിരുന്നുവപ്പോൾ.
അമ്മയാവാൻ കൊതിച്ച അവളുടെ അടുത്ത് കുഞ്ഞിനെ കിടത്തുമ്പോൾ അറിയാതെ അവളുടെ മാറിടങ്ങളിലേക്കാ കുഞ്ഞു ചുണ്ടുകൾ നീണ്ടു. അപ്പോഴാണവളും അറിഞ്ഞത് തന്റെ മാറിടങ്ങൾക്ക് ഒരിക്കൽ പോലും തന്റെ കുഞ്ഞിന്റെ വിശപ്പകറ്റാൻ കഴിയാത്ത വിധം ശൂന്യമായെന്ന്….!
ശൂന്യമായ മാറിടവും അരികത്ത് കിടക്കുന്ന കുഞ്ഞിനെയും ഒപ്പം നിറകണ്ണുകളോടെ തന്നെയും നോക്കി തന്റെ വിരലുകളിൽ ഒന്നമർത്തി പിടിച്ച് ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി എന്തോ പറയാൻ തുടങ്ങിയവൾ എന്നത്തേക്കുമായി കണ്ണുകളടച്ചു. ഒരിക്കലും പരിഭവങ്ങളും പരാധികളും ഇല്ലാത്ത ലോകത്തേക്കുള്ളയാത്ര..
പറയാൻ വന്നത് പോലും തന്നോട് പറയാതെ ഒരിക്കലും ഉണരാത്ത ആഘാതമായ ഉറക്കം..!
——————–
മാളു ഇല്ലാതെ അവളുടെ ഏട്ടാന്നുള്ള വിളി കേൾക്കാതെ ഇനിയുള്ള ജീവിതം താനൊരു യന്ത്രം കണക്കെ എങ്ങനെ ജീവിക്കും എന്ന ചിന്ത ഉള്ളിലെ വേദനയുടെ ആഴം കൂട്ടുമ്പോളൊക്കെയും ഞങ്ങളുടെ കൺമണിയെ എടുത്താവോളം ചുംബിക്കുമ്പോളായിരുന്നുവൊരിത്തിരി ആശ്വാസം കിട്ടുക.
മാളുവിന് പകരമാവില്ലെങ്കിലും അമ്മു അപ്പോളേക്കും അമ്മക്ക് പ്രിയങ്കരിയായ മരുമകളായി മാറിയിരുന്നു.
മോളേ അമ്മു.. എന്താ നിനക്കൊരു സങ്കടം പോലെ രണ്ടു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു.. എന്താ എന്തുപറ്റി നിനക്ക്.
ഏയ് എന്ത് സങ്കടം… സങ്കടമൊന്നുമില്ല അമ്മക്ക് വെറുതെ തോന്നുന്നതാ..
മോളേ അമ്മു പെറ്റമ്മയല്ലെങ്കിലും ഞാനുമൊരമ്മയല്ലേ മോളേ.. ഒന്നുമല്ലെങ്കിലും വർഷം രണ്ടായില്ലേ നിന്നെ ഞാൻ കാണുന്നു ആ എനിക്ക് നിന്റെ മുഖമൊന്ന് മാറിയാൽ തിരിച്ചറിയില്ലെന്നാണോ നീ പറയണേ.
അമ്മേ…. അത്…. ഉണ്ണിയേട്ടൻ…. ഉണ്ണിയേട്ടനെന്നോട്…!!
ഉം.. വിഷമിക്കാതെ അമ്മ സംസാരിക്കമാവാനോട് മോള് കുഞ്ഞിന്റടുത്തേക്ക് ചെല്ല് അവളിപ്പോ ഉണരും.
മോനെ ഉണ്ണി… നീ എന്തെടുക്കാ..
പെട്ടന്നുള്ള അമ്മയുടെ വിളിയിൽ ഒരു ഞെട്ടലോടെ മയക്കം വിട്ടോർമകളിൽ നിന്നുമുണരുമ്പോൾ പാതി ചാരിയ വാതില് തുറന്നമ്മ എന്റെയരികിലെത്തിയിരുന്നു.
ഉണ്ണി ഉറങ്ങുകയായിരുന്നോ നീ.. എന്താ മോനെ ഇത് എപ്പോഴും ഈ മുറിയിൽ തന്നെയിരുന്നാലെങ്ങനെയാ..
ഇല്ലമ്മേ ഞാൻ വെറുതെ ഇങ്ങനെ…,,
ഉം മതി മനസ്സിലായി..
മോനെ അമ്മ പറയുന്നത് നീ മനസ്സിലാക്കണം. അമ്മേ പ്ലീസ്… അമ്മുവിന്റെ കാര്യമാണെങ്കിൽ വേണ്ട.. അറിയാലോ എല്ലാർക്കുമെല്ലാം എന്നിട്ടും എന്തിനാ എന്നെയിങ്ങനെ ടോർച്ചർ ചെയ്യുന്നേ.
മോനെ എല്ലാമറിഞ്ഞിട്ടും സ്വന്തം ജീവിതം കൂടപ്പിറപ്പിന്റെ കുടുംബത്തിന് വേണ്ടി ഉഴിഞ്ഞു വെച്ചവളാ അമ്മു.. മാളുവിന് പകരമാവില്ലെന്നറിയാം എങ്കിലും നിന്റെ മോൾക്കവൾ അമ്മയാണിന്ന്.
പേറ്റു നോവറിഞ്ഞില്ലെങ്കിലും നിന്റെ മോളേ പൊന്നുപോലെ നോക്കുന്നില്ലേ അവൾ.. ആ അവളുടെ മനസ്സ് ഇനിയും കണ്ടില്ലെന്നു നടിക്കരുത് മോനെ നീ.. അറിയാതെ പോലും ആ മനസ്സ് നൊന്താൽ ആ ശാപം എന്റെ കുട്ടീടെ നെറുകയിൽ പതിക്കാൻ ഇടവരരുത്.
അമ്മ മാളുവിനെ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട്. മനസ്സിനെ ബാധിച്ച അന്ധകാരത്തിൽ നിന്നും വിമുക്തയായപ്പോളേക്കും തെറ്റേറ്റു പറഞ്ഞു മാപ്പ് ചോദിക്കാൻ പോലും ദൈവം സമ്മതിക്കാതെയവളെ കൊണ്ടുപോയി.
എന്നാൽ ഇന്ന് അവളുടെ സ്ഥാനത്ത് നിന്ന് എനിക്കും നിനക്കും എല്ലാവർക്കും വീണ്ടും സ്നേഹിക്കാൻ ഇവളെ തന്നിട്ടല്ലേടാ അവൾ പോയത്.
ഇന്ന് നീ ഇവളോട് കാണിക്കുന്ന അകലം ഈശ്വരന്മാരുടെ ലോകത്തിരുന്നവൾ കാണുന്നുണ്ടാവില്ലേ. അവൾക്കത് സഹിക്കാൻ പറ്റുമെന്നു തോന്നുന്നുണ്ടോ നിനക്ക്.. എന്റെ മോൻ ഇനിയും ആ പാവത്തിന്റെ കണ്ണീരു കണ്ടില്ലെന്നു നടിച്ചാൽ മാളുവിന്റെ ആത്മാവിന് ശാന്തി ലഭിക്കില്ലെടാ..എന്റെ മോൻ അമ്മ പറയുന്നതനുസരിക്കണം.
അമ്മേ ഞാൻ….!!
വേണ്ട ഒന്നും പറയണ്ട.. അമ്മക്ക് മനസ്സിലാകും നിന്നെ..
എതിർത്തൊരക്ഷരം പറയാൻ സമ്മതിക്കാതെ അമ്മയുടെ ആലിംഗനത്താൽ ആ വാക്കുകൾക്ക് മുന്നിൽ ആ മടിയിൽ കിടന്ന് സങ്കടം തീരുവോളം കരയാൻ മാത്രമേയെനിക്കപ്പോൾ ആവുമായിരുന്നുള്ളു. അത്രമേൽ സ്നേഹിച്ചിരുന്നു ഞാനെന്റെ മാളുവിനെ…!!
ഉണ്ണിയേട്ടാ.. ഉണ്ണിയേട്ടാ എന്തൊരൊറക്കാ ഇത് എണീറ്റെ മണി ഏഴ് കഴിഞ്ഞു. രാവിലെ അമ്പലത്തിൽ പോകാന്നു പറഞ്ഞു കിടന്നതല്ലേ മറന്നോ എന്നിട്ട്..
മതിയുറങ്ങീത് എണീറ്റു പോയി കുളിച്ചു വാ..തലവഴി മൂടിയ പുതപ്പ് മാറ്റിക്കൊണ്ടമ്മുവത് പറഞ്ഞു തിരിഞ്ഞതും ആ കയ്യിലൊരു പിടുത്തം പിടിച്ചവളെ തന്നിലേക്ക് ചേർത്തപ്പോൾ അവൾക്കൊപ്പം. മക്കൾ രണ്ടു പേരും ഒന്നൂടെ എന്നോടോട്ടിച്ചേർന്നിരുന്നു …