രചന: Shahina Shahi
അവൾ പടിയിറങ്ങി പോയ രാത്രിയിൽ ജീവിതത്തിൽ ഇനിയൊരു പെണ്ണുണ്ടാവില്ലെന്നയാൾ പ്രതിജ്ഞ ചെയ്തിരുന്നു.
പിന്നീടുള്ള രാത്രികളിലെല്ലാം അത്തായത്തിനൊപ്പം നിനക്കിനി പെണ്ണ് വേണ്ടെങ്കിലും എനിക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നെ ആ കുഞ്ഞിനെ നോക്കാൻ ഇവിടെയാരാ ഉണ്ടാവുക എന്ന അമ്മയുടെ കണ്ണീർ കലർന്ന ചോദ്യം പല തവണ ആവർത്തിച്ച് കേൾക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു ഇടി മിന്നൽ തീർക്കുന്നുണ്ടായിരുന്നു.
ഇനിയൊരിക്കലും എനിക്ക് അമ്മ ഉണ്ടാവില്ലേ അച്ചാ എന്നാ തണുത്ത രാത്രിയിൽ ചേർന്നു കിടന്ന കുഞ്ഞ് കണ്ണ് നിറച്ച് നിഷ്കളങ്കമായി ചോദിക്കുമ്പോൾ എപ്പോഴോ തന്റെ കടുത്ത തീരുമാനങ്ങൾ അലിഞ്ഞ് ഇല്ലാതായി
കൊണ്ടിരിക്കുകയായിരുന്നത് അയാളും അറിയുന്നുണ്ടായിരുന്നു. അടുത്ത രാത്രിയിൽ അമ്മ പതിവ് ചോദ്യം ആവർത്തിച്ചപ്പോൾ യാന്ത്രികമായയാൾ വിവാഹത്തിന് അർദ്ധ സമ്മതം മൂളുമ്പോഴും ഉള്ളിലെവിടെയോ ഒരു പെണ് വിരോധം ബാക്കി നിൽക്കുന്നുണ്ടായിരുന്നു.
പിന്നെ എല്ലാം പെട്ടൊന്നായിരുന്നു, അമ്മ തന്നെ പോയി പെണ്ണ് കാണലും ,ഡേറ്റ് നോക്കലും,ഉറപ്പിക്കലും എല്ലാം….
ഏറെ വൈകാതെ ജീവിതത്തിലേക്ക് ഒരുവൾ കയറി വന്നപ്പോൾ തലയണയും പുതപ്പുമെടുത്തയാൾ സോഫയിലേക്ക് കിടത്തം മാറ്റുമ്പോഴും പുഞ്ചിരിച്ചു നിന്നവൾ ഒരു കുഞ്ഞിനു ജന്മം നല്കാനാകാത്തതിന്റെ
പേരിൽ അനുഭവിക്കേണ്ടി വന്ന വേദനകൾക്ക് മുന്നിൽ ഇതൊക്കെ എന്ത് എന്നായിരിമവളാ ചിരിയിൽ മറച്ചു
വെച്ചത്.പക്ഷെ,തലയിണ എടുത്ത് എന്റെ പിന്നാലെ മോൾ കൂടി കട്ടിലിൽ നിന്നിറങ്ങിയപ്പോൾ എന്തോ അവളുടെ കണ്ണുകളിൽ പടർന്ന നനവ് ആ ഇരുണ്ട വിളിച്ചത്തിലും തിളങ്ങി കാണാമായിരുന്നു.
തൊട്ടടുത്ത പകലിൽ മോളൂന്റെ അമ്മയാണെന്നും പറഞ്ഞ് കുഞ്ഞിന്റെ പിന്നാലെ നടന്ന് ഭക്ഷണം കഴിപ്പിക്കാൻ ശ്രമിക്കുമ്പോഴും എന്റമ്മ ഇതല്ല എന്ന് പറഞ്ഞ് കുശുമ്പ് കാട്ടി അയാളിലേക്ക് ഓടുന്ന കുഞ്ഞിന് മുന്നിൽ നിറ
കണ്ണോടെ നിൽക്കുന്നവളെ കണ്ടിട്ടാവണം ഇനി മുതൽ ഇതാണ് മോളുന്റെ അമ്മ എന്ന് പറയുമ്പോൾ അവളുടെ കവിൾ സന്തോഷത്താൽ വിടരുന്നത് അയാൾക്ക് കാണാമായിരുന്നു.
അമ്മേ എന്ന് ആദ്യമായി മോളു വിളിക്കുമ്പോൾ അവളെ ചേർത്തു പിടിച്ച് അനന്ത കണ്ണീർ പൊഴിക്കുന്നത് കണ്ട് മോളു അയാളുടെ അടുത്തേക്ക് ഓടി അമ്മ കരയുന്നു എന്നും പറഞ്ഞ് കരഞ്ഞ് അയാളുടെ കൈ പിടിച്ചു അവളുടെ അടുത്തേക്ക് കൊണ്ടു വന്നപ്പോൾ എന്തോ അവൾ അയാളെ ഇത്തിരി ഭയത്തോടെ നോക്കി.
അമ്മക്ക് വേദനിക്കുന്നുണ്ടെന്നാ തോന്നുന്നത് തടവി കൊടുക്ക് എന്നും പറഞ്ഞ് അയാളുടെ കൈ അവളുടെ കയ്യിലേക്ക് ആ കുഞ്ഞ് ചേർത്ത് വെക്കുമ്പോൾ അവർ കണ്ണുകളിലേക്ക് നോക്കി നിന്നു… ഒരു നേർത്ത പുഞ്ചിരി അയാളിൽ വിരിഞ്ഞപ്പോൾ അവളും ആ പുഞ്ചിരിയിൽ ലയിച്ചു.
ഞാൻ പറഞ്ഞില്ലേ അമ്മക്ക് വേദനിക്കുന്നുണ്ടെന്നു, അച്ഛൻ തടവിയപ്പോൾ സുഖമായില്ലേ…നിഷ്കളങ്കമായി ആ മോളങ്ങനെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ അവൾ ആ കുഞ്ഞിനെ ചേർത്ത് പിടിച്ചു,അയാൾ അവളേയും…