Warning: Trying to access array offset on false in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144
Warning: Attempt to read property "post_title" on null in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144
ദുരഭിമാനം….ചോര പകരുന്ന പാഠം….
രചന: Josepheena Thomas
നാട്ടിലെ മുന്തിയ പണക്കാരനായിരുന്നു പുന്നൂസ് മുതലാളി. റബ്ബർ എസ്റ്റേറ്റും ഏലത്തോട്ടങ്ങളും ഉള്ള അയാളെ അറിയാത്തവരായി അന്നാട്ടിൽ ആരുമില്ല. പണം കുമിഞ്ഞുകൂടുന്തോറും അയാളുടെ പിശുക്കും കൂടി വന്നു അറുത്ത കൈയ്ക്ക് ഉപ്പു തേക്കാത്തവൻ എന്നു ചിലർ അയാൾ കേൾക്കാതെ പറയുമെങ്കിലും ഒരു കാര്യം പറയാതിരിക്കാൻ പറ്റില്ല കേട്ടോ. അയാളുടെ കൂടെ നിൽക്കുന്നവരെ ഒരിക്കലും അയാൾ ചതിക്കില്ല. അതുകൊണ്ടു തന്നെ ആജ്ഞാനുവർത്തികളായ കുറെപ്പേർ അയാളുടെ കൂടെ എപ്പോഴും കാണും .
അയാളുടെ ഭാര്യ ഒരു ശുദ്ധ പാവം . കഴിയുന്നതും മറ്റുള്ളവരെ സഹായിക്കണമെന്ന് നിർബന്ധമുള്ളവൾ , ഭർത്താവു കാണാതെ അയൽവക്കത്തുള്ള പാവങ്ങളെയൊക്കെ അകമഴിഞ്ഞു സഹായിക്കുമായിരുന്നു അവർ. അവരുടെ ദാമ്പത്യവല്ലരിയിൽ പുത്ത രണ്ടു കുസുമങ്ങളാണ് ജസ്സിയും ജസ്നയും.
ജസ്സി പഠനത്തിൽ മാത്രമല്ല മറ്റു കലാ സാഹിത്യ രംഗങ്ങളിലൊക്കെ മിടുക്കിയായിരുന്നു. സുന്ദരിയും ശാന്തശീലയുമായ അവളോടു പ്രണയാഭ്യർത്ഥന നടത്താത്ത ആൺകുട്ടികൾ കുറവായിരുന്നു അവളുടെ ക്ലാസ്സിൽ . പക്ഷേ അവളുടെ ഹൃദയം കവർന്നത് ബി.കോമിനു പഠിക്കുന്ന പാവപ്പെട്ട കുടുംബത്തിലെ വിപിൻ എന്ന ചെറുപ്പക്കാരനാണ്. കൂലിപ്പണിക്കാരായ അച്ചുതന്റെയും വീട്ടുജോലിക്കാരിയായ ഭവാനിയുടെയും ഏകമകൻ. വിപിൻ പഠിക്കാൻ വളരെ മിടുക്കനും കോളെജ് ആർട്സ് ക്ലബ്ബ് സെക്രട്ടറിയുമാണ്. വിപിന് ജസ്സിയെ ഇഷ്ട്ടമായിരുന്നെങ്കിലും അവൻ അതൊരിക്കലും അവളോടു തുറന്നു പറഞ്ഞിരുന്നില്ല. കാരണം കൂലിപ്പണിക്കാരായ തന്റെ മാതാപിതാക്കൾ നാട്ടിലെ പ്രമാണിയായ പുന്നൂസ് മുതലാളിയുടെ മുമ്പിൽ ആരാണ്? അതുകൊണ്ടു തന്നെ അവനാ ഇഷ്ടം ജെസ്സിയോടു തുറന്നു പറയാതെ ഉള്ളിന്റെയുള്ളിൽ ഒളിപ്പിച്ചു വയ്ക്കാനാണിഷ്ടപ്പെട്ടത്.
ഒരിക്കൽ ഒരു വൈകുന്നേരം, ജെസ്സിതന്നെയാണ് അവനോട് തന്റെ ഹൃദയം തുറന്നത്. ഈ പെണ്ണിനിതെന്തുപറ്റി? ഇതു പ്രായോഗികമാണോ എന്നാണവനാദ്യം തോന്നിയത്. പക്ഷേ അവൾ സീരിയസ്സ് ആണെന്നറിഞ്ഞപ്പോൾ പിന്തിരിപ്പിക്കാനാണവൻ നോക്കിയത്. പക്ഷേ അവൾ തന്റെ പ്രണയ സാമ്രാജ്യത്തിലെ രാജകുമാരനായി വിപിനെ മനസ്സുകൊണ്ടു വരിച്ചു കഴിഞ്ഞിരുന്നു. ഭാവിയിൽ താനൊരു വിവാഹം കഴിക്കുന്നെങ്കിൽ അതു വിപിന്നെ മാത്രമായിരിക്കുമെന്നവൾ ഉറപ്പിച്ചു പറഞ്ഞു.
അവർ രണ്ടിണക്കുരുവികളെപ്പോലെ ആ ക്യാംപസ്സാകെ പാറി നടന്നു. ആർട്സ്ക്ലബ്ബ് പ്രസിഡന്റായിരുന്ന അവളുടെയും സെക്രട്ടറിയായിരുന്ന അവന്റെയും കൂട്ടായ പ്രവർത്തനങ്ങൾ കോളെജിനെ കലാപരമായ ഉയർച്ചയിലേക്കു നയിച്ചു. മറ്റു വിദ്യാർത്ഥികൾക്കിടയിലും അവർ പ്രിയപ്പെട്ടവരായി മാറി.
ഒരിക്കൽ പുന്നൂസ് മുതലാളിയുടെ കാര്യസ്ഥൻ ഗോവിന്ദനാണ് ആദ്യം മുതലാളിയോട് ഈ കാര്യം സൂചിപ്പിച്ചത്. അതു കേട്ട മാത്രയിൽ അയാൾ ഗോവിന്ദനോട് ചൂടാവുകയാണുണ്ടായത്. തന്റെ മകൾ ഒരിക്കലും അങ്ങിനെയൊന്നുമാവില്ലെന്നും അവർ തമ്മിൽ വെറും സൗഹൃദം മാത്രമായിരിക്കുമെന്നും അയാൾ ആശ്വസിച്ചു.
പക്ഷേ ഉള്ളതു സത്യമാണെന്നറിഞ്ഞപ്പോൾ അതേ കോളെജിൽത്തന്നെ പഠിക്കുന്ന ഇളയമകൾ ജസ്നയെ വിളിച്ചന്വേഷിച്ചു. അവൾക്കൊന്നും അറിയില്ലെന്ന നിലപാടിലായിരുന്നു ചേച്ചിയുടെ മിടുക്കിയായ അനിയത്തി.
വിപിനെക്കുറിച്ചുള്ള വിവരണം കൂടി ഗോവിന്ദൻ പറഞ്ഞപ്പോൾ അയാളാകെ ബേജാറായി. കാൽക്കാശിനു ഗതിയില്ലാത്തവൻ! അയാൾ കാർക്കിച്ചു തുപ്പി. പഠിക്കാൻ വിട്ടതല്ലേ കുഴപ്പം. എന്നാൽ ഇനി പഠിക്കാൻ വിടേണ്ട. മൂന്നാം വർഷമാണെന്നും പരീക്ഷ അടുക്കാറായെന്നുമൊക്കെ സാറാമ്മയും മകളും പറഞ്ഞു നോക്കിയെങ്കിലും ആ പിതാവ് തന്റെ തീരുമാനം മാറ്റിയില്ല.
അയാൾ അവളുടെ മൊബൈൽ ഫോണും വാങ്ങിച്ചു വെച്ചു. ഇനിയെന്തു ചെയ്യും? വിപിനുമായി ഒന്നു ബന്ധപ്പെടാൻ ഒരു വഴിയുമില്ല. വളരെ നേരത്തെ ആലോചനയ്ക്കുശേഷമാണ് അവളൊരു തീരുമാനമെടുത്തത്. ഒരു കാരണവശാലും പപ്പ ഇതറിയരുതെന്നും പറഞ്ഞ് ഒരു കത്ത് അനിയത്തിയുടെ കൈവശം കൊടുത്തു വിട്ടു.
ഒന്നും പേടിയ്ക്കേണ്ടെന്നും പഠനം കഴിഞ്ഞാലുടനെ അച്ഛന്റെ ഒരു സുഹൃത്തിന്റെ പരിചയത്തിലുള്ള ഒരാളുടെ ടെക്‌സ്‌റ്റൈൽ ഷോപ്പിൽ അക്കൗണ്ടന്റായി ജോലിക്കു കയറാമെന്നുള്ള പ്രതീക്ഷയിലാണ് താനെന്നും അയാൾ പറഞ്ഞു.
മാസങ്ങൾ കടന്നുപോയി. ജെസ്സിയുടെ വിവാഹം എത്രയും പെട്ടെന്നു നടത്തണമെന്നു തന്നെയായിരുന്നു പുന്നൂസിന് . ഓരോ ദിവസവും പെണ്ണിന്റെ കോലം കെട്ടുപോകുന്നത് അയാളിൽ തെല്ല്
അങ്കലാപ്പുണ്ടാക്കി. ഇടവകപ്പള്ളിയിലെ സക്കറിയയുടെ മകൻ സണ്ണിയുടെ കാര്യം സക്കറിയ മുമ്പൊരിക്കൽ സൂചിപ്പിച്ചിട്ടുള്ളതാണ്. അപ്പോഴൊക്കെ പഠനമൊന്നു കഴിയട്ടെ എന്ന നിലപാടിലായിരുന്നു അയാൾ ഇനിയിപ്പോ അതൊന്നും നോക്കേണ്ടല്ലോ. ഒരു മാസം കൂടി കഴിഞ്ഞാൽ സണ്ണിയുടെ ഹൗസ് സർജൻസി പൂർത്തിയാകും.. ഉടനെ തന്നെ ഒരു തീരുമാനം എടുത്തില്ലെങ്കിൽ ആ ഡോക്ടർ പയ്യൻ കൈയ്യിൽ നിന്നു വഴുതിപ്പോകും . പണക്കാരനായ കറിയാച്ചനുമായി ബന്ധുത്വം സ്ഥാപിക്കുക എന്നു പറഞ്ഞാൽ അതത്ര നിസ്സാര കാര്യമല്ല.
പക്ഷേ ഈ കാര്യം കറിയാച്ചനോടു സൂചിപ്പിച്ചപ്പോൾ പണ്ടത്തെ താല്‌പര്യം അയാളിൽ കണ്ടില്ല. പഠനം നിർത്തി വീട്ടിലിരിക്കുന്നതിന്റെ കാരണമെന്താവുമെന്ന് ആലോചിച്ചിട്ടുണ്ടായിരിക്കണം അയാൾ.
പുന്നൂസ് മുതലാളി ആകെ നിരാശനായി. തന്റെ മകൾക്ക് തന്നെ തോപ്പിക്കാൻ തന്നെയാണോ ഭാവം? അവൾക്കിപ്പോ കല്യാണം വേണ്ട പോലും !
അതിന്റെ കാരണം തനിക്കറിയാത്തതല്ലല്ലോ. ഒരു ഗതിയും പരഗതിയുമില്ലാത്ത ആ ചെറ്റ തന്നെ അതിനു കാരണം.
ബ്രോക്കർമാർ പല പല ആലോചനകളുമായി വന്നു. പക്ഷേ ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞ് അവൾ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറികൊണ്ടിരുന്നു. തന്റെ കൊക്കിനു ജീവൻ ഉള്ളിടത്തോളം കാലം അതു നടക്കില്ല. ഈ പുന്നൂസ് മുതലാളി ആരാണെന്ന് അവനു കാണിച്ചു കൊടുത്തിട്ടു തന്നെ കാര്യം’.
ഇതിനിടെ വിപിന്റെ റിസൽറ്റ് അറിഞ്ഞു അവൻ മികച്ച മാർക്കോടെ പാസ്സായി. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽത്തന്നെ തുടർന്നു കൊണ്ടിരുന്നു. ജസ്സിയുടെ മനസ്സിൽ എപ്പോഴും ഒരേ ചിന്ത തന്നെ. അവൾ അമ്മച്ചിയോട് കാര്യം തുറന്നു പറഞ്ഞു. ആദ്യം അവർ പൊട്ടിത്തെറിച്ചു. അപ്പനറിഞ്ഞാലത്തെ ഭവിഷ്യത്തിനെപ്പറ്റി ഓർമ്മിപ്പിച്ചു .
മകളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ പുന്നൂസ് ആവുന്നത്ര ശ്രമിച്ചു. കന്യാസ്ത്രീയായ തന്റെ ഏറ്റവും മുത്ത സഹോദരിയെക്കൊണ്ട് ഉപദേശിപ്പിച്ചു നോക്കി. അടുത്തുതന്നെ താമസിക്കുന്ന അവളുടെ സ്കൂൾ ടീച്ചറിനെ കൊണ്ട് പറയിപ്പിച്ചു നോക്കി. പെണ്ണ് എന്തെങ്കിലും അവിവേകം കാണിച്ചാൽ താൻ പിന്നെ ജീവിച്ചിരുന്നിട്ടെന്തു കാര്യം? പള്ളി ക്കാരുടെ മുഖത്തു താൻ പിന്നെങ്ങിനെ നോക്കും? പ്രത്യേകിച്ച് സക്കറിയ , പള്ളിക്കമ്മിറ്റിയിൽ നിന്നും തന്നെ പുറത്താക്കില്ലേ? കന്യാസ്ത്രീകളായ തന്റെ മൂത്ത സഹോദരിക്കും ഇളയ സഹോദരിക്കും അതു നാണക്കേടുണ്ടാക്കില്ലേ? അയാളുടെ ചിന്തകൾക്ക് ഒരറുതിയുമില്ലായിരുന്നു.
സാറാമ്മയ്ക്ക് മകളുടെ പാറിപ്പറന്ന തലമുടിയും വാടിയ മുഖവും കാണുമ്പോൾ ആകെ സങ്കടം. അവൾ
വിപിനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് തനിക്കറിയാം. ഇഷ്ടമില്ലാത്ത ഒരുത്തന്റെ തലയിൽ വച്ചു കെട്ടിയിട്ടെന്തു കാര്യം?. പണവും പദവിയും ഉണ്ട്. സമാധാനമില്ലെങ്കിൽ പിന്നെന്തു കാര്യം വിപിൻ……. അവനെ താൻ കണ്ടിട്ടില്ലെങ്കിലും മകൾ പറഞ്ഞ് ഏറെക്കുറെയൊക്കെ അറിയാം. പണവും പദവിയുമൊന്നും ശ്വാശ്വതമല്ല. മോളെ ജീവനാണവന് . അവളെ ഇഷ്ടപ്പെടുന്നവന്റെ കൂടെയല്ലേ അവൾ ജീവിക്കേണ്ടത് ?ജാതിയും മതവും….മണ്ണാങ്കട്ട! മനുഷ്യത്വം ……..അതാണു വേണ്ടത്.
മകളുടെ മനസ്റ്ററിഞ്ഞ ആ അമ്മയുടെ അനുമതിയോടു കൂടി അവൾ വീട്ടിൽ നിന്നും ഇറങ്ങി. വിപിൻ ബൈക്കിൽ ഇരുട്ടിനു മറ പറ്റി കാത്തുനിൽപ്പുണ്ടായിരുന്നു. ജസ്സിയെയും കൊണ്ട് അസമയത്ത് വിപിൻ വന്നപ്പോൾ അവന്റെ മാതാപിതാക്കൾ അമ്പരന്നു. ശക്തനായ പുന്നൂസ് മുതലാളി ഇനി അടങ്ങിയിരിക്കുമോ? അയാൾ വിചാരിച്ചാൽ എന്തും നടക്കും. അവളെ വീട്ടിൽ കൊണ്ടു വിടാൻ അവർ ഉപദേശിച്ചു. പക്ഷേ തന്നെ പ്രതി വിലപ്പെട്ടതെല്ലാം ഇട്ടെറിഞ്ഞിട്ടു പോന്ന തന്റെ പ്രണയിനിയെ തിരിച്ചയക്കാനവനെങ്ങിനെ മനസ്സു വരും? അവളുടെ ഹൃദയത്തിന്റെ നൈർമ്മല്യമല്ലേ തന്നെയും അവളെയും അടുപ്പിച്ചത്?
രാത്രി ഇരുണ്ടു വെളുത്തപ്പോൾ മകളെ കാണാനില്ല എന്ന ആവലാതിയുമായി അവർ ഭർത്താവിനെ സമീപിച്ചു.
” അമ്മയായ നീയറിയാതെ എങ്ങിനെയാടീ അവൾ പുറത്തു പോകുന്നത്?”
അയാൾ ഭാര്യയേയും ഇളയ മകളെയും കണക്കറ്റു ശകാരിച്ചു.
അയാൾ മകളെ കാണാനില്ല എന്ന പരാതിയുമായി പൊലീസ് സ്റ്റേഷനെ സമീപിച്ചു. പക്ഷേ പ്രയോജനമുണ്ടായില്ല. പ്രായപൂർത്തിയായവരായതിനാൽ അവർക്ക് വിവാഹം കഴിക്കുന്നതിനും ഒന്നിച്ചു ജീവിക്കുന്നതിനും തടസ്സമില്ലെന്ന നിലപാടിലായിരുന്നു പൊലീസ്കാർ.
” നിയമങ്ങളൊന്നും നിങ്ങൾക്കറിയില്ലേ? നിങ്ങളീ ലോകത്തൊന്നുമല്ലേ?”
അവർ അയാളെ ശാസിച്ചു.
പിറ്റെ ദിവസം പൊലീസിന്റെ അനുമതിയോടു കൂടി രജിസ്റ്റർ ഓഫീസ്സിൽ വിവാഹം രജിസ്റ്റർ ചെയ്തു അങ്ങിനെ വിപിന്റെ ഭാര്യയായി ജസ്സി ആ ചെറിയ വീട്ടിൽ സമാധാനത്തോടെ കഴിഞ്ഞു. തന്റെ പപ്പയേയും അമ്മച്ചിയേയും അനിയത്തിയേയും മറക്കാൻ അവൾക്കു കഴിഞ്ഞില്ല. എല്ലാം ഒരിക്കൽ കലങ്ങിത്തെളിയും. പപ്പ വിപിനെ മരുമകനായി സ്വീകരിക്കുന്ന ഒരു ദിവസം വരും. വിപിന്റെ ഹൃദയത്തിന്റെ നന്മ പപ്പ തിരിച്ചറിയാതിരിക്കില്ല. അവൾ ആശ്വസിച്ചു.
വിപിന്റെ മാതാപിതാക്കൾക്ക് അവൾ ഒരു മകളെ പോലെയായിരുന്നു. സമ്പന്നയാണെങ്കിലും അതിന്റെ യാതൊരഹങ്കാരവും ഇല്ലാത്ത അവളെ ആർക്കാണിഷ്ടപ്പെടാതിരിക്കാനാവുക?
റോസമ്മ മിക്ക ദിവസങ്ങളിലും മകളുമായി ബന്ധപ്പെട്ടിരുന്നു. തന്റെ മകൾക്കവിടെ സുഖമാണെന്നറിഞ്ഞപ്പോൾ അവർക്കു സമാധാനമായി. വിപിന് സാമാന്യം നല്ല വരുമാനവും ഉണ്ടായിരുന്നു. ജോലി കിട്ടിയപ്പോൾ മുതൽ മാതാപിതാക്കൾക്ക് പരിപൂർണ്ണ വിശ്രമം നൽകിക്കൊണ്ടവൻ കുടുംബഭാരം ഏറ്റെടുത്തു. നാട്ടിലെല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു അവൻ . ആ ഇഷ്ടം ജസ്സിയോടും അവർ കാണിച്ചു തുടങ്ങി.
പുന്നൂസ് മുതലാളിയുടെ തല പുകഞ്ഞു കൊണ്ടിരുന്നു. അയാളുടെ ഉള്ളിലെ പക ഓരോ ദിവസം ചെല്ലുന്തോറും ആളിക്കത്തിക്കൊണ്ടിരുന്നു.
റോസമ്മയുടെ ഇളയ ആങ്ങളയെ അയാൾ വിളിച്ചു വരുത്തി. മരുമകൾ ഒരു പാവപ്പെട്ട അന്യജാതിക്കാരന്റെ കൂടെ ഇറങ്ങിപ്പോയത് ടോമിച്ചനും സഹിക്കാനാവുമായിരുന്നില്ല. സാധാരണ പെങ്ങളുടെയടുത്തു വരുമ്പോൾ തന്നോട് അടുക്കളയിൽ വന്നു കുശലം പറയാറുള്ള ടോമിച്ചനിന്ന് കുറച്ചകലം പാലിച്ചതു പോലെ റോസമ്മയ്ക്കു തോന്നി. അതുകൊണ്ടു തന്നെ അവരുടെ സംസാരത്തിൽ അവർ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. അവരുടെ മനസ്സിലുണ്ടായ തോന്നൽ അസ്ഥാനത്തായിരുന്നില്ല. എങ്ങിനെയും വിപിനെ വകവരുത്തുന്നതിന് ക്വട്ടേഷൻ കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാനായിരുന്നു ടോമിച്ചനെ പുന്നൂസ് വിളിച്ചു വരുത്തിയത്.
റോസമ്മയുടെ നെഞ്ചിൽ ഇടിവാളേറ്റതുപോലെ തോന്നി. അവർ യേശുവിന്റെയും മാതാവിന്റെയും രൂപത്തിനു മുന്നിൽ മാറി മാറി പ്രാർത്ഥിച്ചു.
താൻ കേട്ട വിവരം എത്രയും പെട്ടെന്ന് അവർ മോളെ അറിയിച്ചു. ജസ്സി ഈ വിവരം വിപിന്റെ മാതാപിതാക്കളറിയാതിരിക്കാൻ ശ്രദ്ധിച്ചു.
അവളുടെ ഉള്ളിൽ ഒരഗ്നിപർവ്വതം പുകഞ്ഞുകൊണ്ടിരുന്നു. ഈ കാര്യം അവൾ മാതാപിതാക്കൾ കേൾക്കാതെ വിപിനെ അറിയിച്ചു.
” നിന്റെ പപ്പ എന്നെ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ. പേടിച്ചു മാളത്തിൽക്കേറി ഒളിച്ചിരിക്കാൻ എന്നെ കിട്ടില്ല. മരിക്കാനാണു വിധിയെങ്കിൽ അങ്ങിനെയാകട്ടെ. “
ബൈക്ക് സ്റ്റാർട്ടാക്കുന്നതിനിടയിൽ അവൻ പറഞ്ഞു.
” അപ്പോ വിപിൻ… അച്ഛനെയും അമ്മയയും എന്നെയുമൊന്നും ഓർക്കുന്നില്ലേ?”
” മണ്ടിപ്പെണ്ണേ ::: അങ്ങിനെയൊക്കെ പേടിച്ചാൽ ജീവിക്കാൻ പറ്റുമോ? തന്നെയല്ല ജോലിക്കു പോയില്ലെങ്കിൽ നമ്മളെങ്ങിനെ കഴിയും?”
അവൻ പോകുന്നതു അവൾ വല്ലാത്തൊരുൾക്കിടിലത്തോടെ നോക്കി നിന്നു.
പിറ്റെ ദിവസം പുന്നൂസ് മുതലാളി സഞ്ചരിച്ചിരുന്ന കാർ ഒരു വളവിൽ വച്ച് നിയന്ത്രണം വിട്ടുവന്ന ലോറിയുമായി കൂട്ടിയിടിച്ചു. രാത്രി നേരമായിരുന്നു ലോറി നിർത്താതെ വിട്ടു പോയി. ദേഹമാസകലം രക്തത്തിൽ കുളിച്ചു കിടന്ന അയാളെ കണ്ടവർ കണ്ടില്ലെന്നു നടിച്ചു കടന്നുപോയി.
ഒടുവിൽ നാലഞ്ചു ചെറുപ്പക്കാർ ചേർന്ന് ആശുപത്രിയിലാക്കി. വിവരം അറിഞ്ഞ് അയാളു കീഴിലുള്ള ജോലിക്കാരൊക്കെ ആശുപത്രിയിലക്കു വന്നുകൊണ്ടിരുന്നു.
രക്തം കണ്ടമാനം വാർന്നു പോയിരുന്ന അയാളുടെ നില വളരെ സങ്കീർണ്ണമായിരുന്നു. എത്രയും പെട്ടെന്ന് രക്തം വേണ്ടി വരുമെന്നു ഡോക്ടർമാർ പറഞ്ഞു. പക്ഷേ വന്നവരിൽ ആർക്കും തന്നെ അപൂർവ്വങ്ങളിൽ അപൂർവ്വമായ എ ബി നെഗറ്റീവ് ഗ്രൂപ്പിൽപ്പെട്ട ബ്ലഡ് ഇല്ലായിരുന്നു. ഒരാൾക്കുണ്ടായിരുന്നുവെങ്കിലും അയാൾക്ക് പല വിധ രോഗങ്ങളുണ്ടായിരുന്നതിനാൽ അതു സ്വീകാര്യമായിരുന്നില്ല.
ആ വിവരം റോസമ്മ ജസ്സിയെ വിളിച്ചറിയിച്ചു അവൾക്കതിയായ സങ്കടം തോന്നി. ദൈവമേ ഇതെന്തു പരീക്ഷണം.
തന്റെ ഭർത്താവിനെ കൊല്ലാൻ നോക്കിയതാണെങ്കിലും അവളുടെ മനസ്സു പിടഞ്ഞു. അവൾക്ക് അപ്പനോടു തെല്ലും ദേഷ്യം തോന്നിയില്ല. അവൾ വളരെ ഭയാശങ്കയോടെയാണീ വിവരം വിപിനോടറിയിച്ചത്. വിപിന്റെ ബ്ലഡ് ഗ്രൂപ്പ് എ ബി നെഗറ്റീവാണെന്ന വിവരം തനിക്കറിയാവുന്നതാണല്ലോ. പക്ഷേ തന്നെ കൊല്ലാൻ പദ്ധതിയിട്ട അമ്മായി അപ്പനു ബ്ലഡു കൊടുക്കാൻ വിപിൻ തയ്യാറാവുമോ? പക്ഷേ അങ്ങിനെ പകരം വീട്ടുന്നവനായിരുന്നില്ല വിപിൻ. അവൻ സന്തോഷത്തോടെ അതിനു തയ്യാറായി.
അബോധാവസ്ഥയിലായിരുന്ന പുന്നൂസ് മുതലാളി തനിക്കു ബ്ലഡ് തന്നതോ തന്നതാരാണെന്നോ ഒന്നും അറിഞ്ഞില്ല.
പപ്പയ്ക്ക് അപകടം ഉണ്ടായതു മുതൽ ജെസ്സി ആകെ അസ്വസ്ഥയായിരുന്നു. വിപിന്റ മാതാപിതാക്കൾ അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ഒന്നു പോയിക്കാണാൻ അവളുടെ ഉള്ളം കൊതിച്ചു.
പക്ഷേ താൻ പോയി ഒരു സീനുണ്ടാക്കേണ്ട, ഇപ്പോൾ അപ്പന് സ്വസ്ഥതയാണാവശ്യം എന്ന തിരിച്ചറിവ് അവളെ അതിൽ നിന്നും വിലക്കി.
പുന്നുസ് മുതലാളിക്ക് ക്രമേണ ബോധം വന്നു തുടങ്ങി. ശരീരമാസകലം വേദന. അന്നു നടന്ന സംഭവങ്ങൾ ഒന്നൊന്നായി അയാളുടെ മനസ്സിലൂടെ കടന്നുപോയി മരണത്തെ മുഖാമുഖം കണ്ട തന്നെ ആരുടെയൊക്കെ പ്രാർത്ഥനയാണ് ജീവിതത്തിലേക്ക് തിരിയെ കൊണ്ടുവന്നത് എന്ന കാര്യത്തിൽ അയാൾക്കു സംശയമുണ്ടായില്ല താനില്ലാതായാൽ തന്റെ ഇളയ മകളുടെ ഭാവി എന്താവും? കൊള്ളാവുന്ന ഒരുത്തന്റെ കൈ പിടച്ചേല്‌പിച്ചിട്ടു താൻ മരിച്ചാലും വേണ്ടില്ല.
തന്നെ രക്ഷിച്ച ആ ചെറുപ്പക്കാരനെ ഒന്നു കണ്ടിരുന്നെങ്കിൽ? അയാളെപ്പറ്റി അരുന്ധതി സിസ്റ്റർ പറഞ്ഞിരുന്നു. അയാൾ അറിഞ്ഞു കേട്ടു വന്നതാണെന്നും കൂടി പറഞ്ഞപ്പോൾ അയാളുടെ ആഗ്രഹത്തിനു ശക്തി കൂടി. താൻ ചെയ്യാനേല്പിച്ച പാപത്തിൻറ പ്രതിഫലമാണീ അപകടം. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ എന്ന ചൊല്ല് അയാൾ ഓർത്തു പോയി. മകളുടെ ഭർത്താവിനെ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ അവളുടെ തന്നെ ജീവിതമാണു തകരുന്നതെന്ന് അന്ധത ബാധിച്ച തന്റെ മനസ്സിനു തിരിച്ചറിയാൻ കഴിഞ്ഞില്ല. അവൾ ഇറങ്ങിപ്പോയെങ്കിൽ പുകഞ്ഞ കൊള്ളി പുറത്ത് എന്നു വിചാരിച്ചാൽ മതിയായിരുന്നില്ലേ? അവരുടെ സന്തോഷം തല്ലി കെടുത്തിയാൽ തനിക്കെന്തു നേട്ടം? അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. കുറ്റബോധത്താൽ അയാൾ വിങ്ങിപ്പൊട്ടി..
ബോധം വീണതറിഞ്ഞിട്ടായിരിക്കാം അടുത്ത റൂമിലുണ്ടായിരുന്ന ബന്ധുക്കളെല്ലാം ഐ സി യു വിനടുത്തേക്കു വന്നു. കയറി ക്കാണാൻ സമയമായിരുന്നതിനാൽ ഈ രണ്ടു പേരു വീതം കേറിക്കാണാൻ അനുവാദം കിട്ടി. ആദ്യം വന്നത് സാറാമ്മയും ജസ്നയുമായിരുന്നു. അവർ ഒന്നും പറഞ്ഞില്ല അയാളുടെ കയ്യിൽ അമർത്തി പൊട്ടിക്കരഞ്ഞു അയാൾക്കും തിരിച്ചൊന്നും പറയാൻ കഴിഞ്ഞില്ല. അയാളുടെ കുറ്റബോധം ഇരട്ടിച്ചു.
കന്യാസ്ത്രീകളായ പെങ്ങന്മാരും ടോമിച്ചനും മറ്റു സഹോദരങ്ങളും ആരും തന്നെ കുറ്റപ്പെടുത്തിയില്ല. ആരെങ്കിലും തന്നെ പഴി പറഞ്ഞിരുന്നെങ്കിലെന്നയാളാശിച്ചു.
അപ്പോഴു അയാൾ തനിക്കു ബ്ലഡു തന്ന ചെറുപ്പക്കാരനെ കാണാഗ്രഹിച്ചു.
ബ്ലഡു കൊടുത്തിട്ട് വിപിൻ വീട്ടിൽ തിരിച്ചെത്തുന്നതുവരെ ജസ്സി വല്ലാത്തൊരവസ്ഥയിലായിരുന്നു. അവിടെ പപ്പയുടെ ജോലിക്കാരെല്ലാം വരുന്നതല്ലേ? ആരെങ്കിലും……. ? പക്ഷേ ഒന്നും സംഭവിച്ചില്ല.
പിറ്റെ ദിവസം രാവിലെ ഏഴു മണിക്ക് ഐസിയുവിൽ കയറി രണ്ടു പേർക്കും കൂടി കാണാമെന്നു വിചാരിച്ചാണ് വിപിൻ നേരെ വീട്ടിലേക്കു പോന്നത്. ജസ്സി നേരം പുലരാൻ കാത്തിരുന്നു. ഏഴു മണിക്കു മുൻപെ അവർ അവിടെ ഹാജരായി. തന്നെയും വിപിനെയും കാണുമ്പോൾ പപ്പയുടെ നിലപാടെന്തായിരിക്കും എന്നതിനെപ്പറ്റി അവൾ ചിന്തിക്കാതിരുന്നില്ല. എന്തായാലും താൻ നേരിടാൻ തയ്യാറാണ് .
കഴിഞ്ഞതെല്ലാം ഒരു ദുഃസ്വപ്നം പോലെ തോന്നി പുന്നൂസിന് . എന്തായാലും ഇനിയെങ്കിലും തനിക്കൊരു നല്ല മനുഷ്യനായി ജീവിക്കണമെന്നയാൾ തീർച്ചയാക്കി.
“ങാഹാ ……. എന്താ ചേട്ടാ ആലോചിക്കുന്നെ? കണ്ണാകെ നിറഞ്ഞിരിക്കുന്നല്ലോ? ആരൊക്കെയാ ഈ വന്നിരിക്കുന്നതെന്നു നോക്കിയേ . ചേട്ടനു ബ്ലഡു തന്നയാളെ കാണേണ്ടെ?”
അരുന്ധതി സിസ്റ്ററിന്റെ പുറകെ വന്നവരെ ചൂണ്ടി അവർ പറഞ്ഞു. ഇത് തന്റെ മകളും മരുമകനുമല്ലേ? അയാൾ ഞെട്ടിപ്പോയി. പരിസര ബോധം വീണ്ടെടുക്കാൻ അയാൾ നന്നേ കഷ്ടപ്പെട്ടു. ജെസ്സി ഓടി വന്നു പപ്പയുടെ കരം ഗ്രഹിച്ചു. അയാൾ കൈ നീട്ടി അടുത്തേക്കു വരാൻ വിപിനോട് ആംഗ്യം കാണിച്ചു. പപ്പയുടെയും മോളുടെയും കണ്ണുകളിൽ നിന്നും ഈറൻ അണപൊട്ടിയൊഴുകാൻ തുടങ്ങി. അയാൾ തന്റെ കരങ്ങൾ നീട്ടി മരുമകന്റെ കയ്യിലേക്ക് മോളുടെ കരങ്ങൾ ചേർത്തു വെച്ചു…….. ഒരു പിതാവിന്റെ നിറഞ്ഞ സ്നേഹ വാത്സല്യങ്ങളോടെ .
“എനിക്കു തെറ്റുപറ്റിപ്പോയി മക്കളെ. പണവും പ്രതാപവും ജാതിയും മതവും ഒന്നും ഒന്നുമല്ല ….ഒരേയൊരു മതം…. അതാണു മനുഷ്യത്വം.ഇവൻ എന്റെ മരുമകനല്ല. മകൻ തന്നെയാണ്.എല്ലാവരുടേയും രക്തത്തിന് ഒരേ നിറം………ചുവപ്പ് ……..
അയാളുടെ മുഖത്ത് ആശ്വാസത്തിന്റെ തിളക്കം.