സ്ത്രീയുടെ ശക്തിയും മഹത്വവും ഞാൻ എന്റെ അമ്മയിലൂടെ മനസ്സിലാക്കിയവളാണ്…

എന്ന് സ്വന്തം മകൾ
രചന: Jils Lincy
പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും,
ഇന്നെനിക്ക് എന്റെ ആദ്യ ശമ്പളം കിട്ടി…

കഴിഞ്ഞ ആഴ്ച്ച അമ്മ വിളിച്ചപ്പോഴും എന്റെ കല്യാണകാര്യത്തെ കുറിച്ച് ആളുകൾ ചോദിച്ചു തുടങ്ങി എന്ന് പറഞ്ഞത് കൊണ്ടാണ് ഈ എഴുത്ത് ഞാൻ എഴുതുന്നത്….
അമ്മേ അച്ഛനോട് പറയണം എന്റെ കല്യാണത്തിനായി വീടിനോട് ചേർന്നുള്ള പറമ്പ് വിൽക്കരുതെന്ന് .. പകരം അതെന്റെ പേരിൽ എഴുതി തന്നാൽ മതി….
ജോലി ഉള്ളത് കൊണ്ട് എനിക്ക് ചെറിയൊരു housing ലോൺ എടുത്ത് അവിടെ ഒരു വീട് പണിയാൻ കഴിയും….

ജീവിതത്തിൽ എന്നെങ്കിലും എന്റെ യൗവനത്തിലോ, മധ്യവയസ്സിലോ, വാർധക്യത്തിലോ ഞാൻ തിരസ്കരിക്കപ്പെട്ടാൽ എനിക്ക് ആരെയും ബുദ്ധിമുട്ടിക്കാതെ അവിടെ കഴിയാൻ കഴിയും….
സ്വർണം പണം ഇവയൊന്നും തന്ന് എന്നെ വിവാഹം കഴിപ്പിച്ചു അയക്കില്ല എന്ന് അച്ചൻ വിവാഹം
ആലോചിച്ചു വരുന്നവരോട് പറയണം….
കാരണം എന്നെങ്കിലും എന്നെ വിവാഹം കഴിച്ച ആൾക്ക് എന്നെ ഉപേക്ഷിക്കണം എന്നുണ്ടെങ്കിൽ എന്റച്ഛൻ തന്ന പണം ഒരു ബാധ്യത ആകരുത്….

സീരിയസ് ആയ പ്രണയം ഇതു വരെ ജീവിതത്തിൽ സംഭവിക്കാത്തത് കൊണ്ട്… അച്ഛനും അമ്മയും തിരഞ്ഞെടുക്കുന്ന ആളെ എന്റെ പങ്കാളിയായി പരിഗണിക്കാൻ ഞാൻ തയ്യാറാണ്….
പക്ഷേ ഞാൻ സംസാരിച്ചു എനിക്ക് പൂർണമായും ഇഷ്ടപെട്ടാൽ മാത്രമേ വിവാഹത്തിന് എന്നെ നിർബന്ധിക്കാവൂ…..
വിവാഹം കഴിക്കുന്ന ആളുടെ സമ്പാദ്യം, കുടുംബ പാരമ്പര്യം, പൂർവിക സ്വത്ത്‌, ഇവയൊന്നും നോക്കണ്ട.. പകരം അയാളുടെ വിദ്യാഭ്യാസവും വിശാലമായ കാഴ്ചപ്പാടും മാത്രം നോക്കിയാൽ മതി….

വിവാഹം അപരചിതരായ രണ്ട് വ്യക്തികളും കുടുംബങ്ങളും തമ്മിൽ നടക്കുന്നത് കൊണ്ടു തന്നെ വിജയത്തിനും പരാജയത്തിനും തുല്യ സാധ്യത ആണെന്ന സത്യം നിങ്ങൾ മനസിലാക്കണം…എപ്പോഴെങ്കിലും ഞാനിത് തുടരാൻ വയ്യ എന്ന് പറഞ്ഞാൽ.. അന്ന് എന്റെ ഒപ്പം നിങ്ങൾ ഉണ്ടാകുമെന്ന് നിങ്ങൾ എനിക്ക് ഉറപ്പ് നൽകണം…
വിവാഹം കഴിഞ്ഞ് പിറ്റേ മാസം മുതൽ കുഞ്ഞി കാൽ കാണാനായി കാത്തിരിക്കുന്ന കുടുംബത്തിലേക്ക് എന്നെ അയക്കണ്ട….
വ്യക്തികളെന്ന നിലയിലും, പങ്കാളികൾ എന്ന നിലയിലും, ഞങ്ങൾ പൂർണമായും മനസ്സിലാക്കിയതിന് ശേഷം മാത്രമേ മാതാവ് എന്ന ഭാരിച്ച ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കൂ….

അവസാനമായി…. സ്ത്രീയുടെ ശക്തിയും മഹത്വവും ഞാൻ എന്റെ അമ്മയിലൂടെ മനസ്സിലാക്കിയവളാണ്…
അതു കൊണ്ട് തന്നെ എന്റെ അവകാശത്തെ കുറിച്ച് മാത്രമല്ല ഒരു കുടുബം മുൻപോട്ടു കൊണ്ട് പോകാനുള്ള എന്റെ ഉത്തരവാദിത്തത്തെ കുറിച്ചും ഞാൻ മനസിലാക്കുന്നു…
സ്നേഹത്തിലൂടെ, സഹകരണത്തിലൂടെ, ക്ഷമയോടെ ഒരു വീടിനെ നയിക്കാൻ എനിക്ക് സാധിക്കുമെന്ന് നിങ്ങൾക്കും എനിക്കും തോന്നുന്ന (നാട്ടുകാർക്കല്ല) സമയത്ത് നമുക്ക് ഇതിനെ കുറിച്ച് തീരുമാനം എടുക്കാം…

എന്ന്… സ്വന്തം മകൾ…
Nb: അല്ലെങ്കിലും വിവാഹം ഒരു നിർബന്ധിത ആചാരമല്ല ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാവുന്ന ഒരു തിരഞ്ഞെടുപ്പ് മാത്രം….