
സോഷ്യല്‍ മീഡിയയിലെ താരമാണ് മുംതാസ്. എന്നാല്‍ തന്റെ കുട്ടിക്കാലം മുതല്‍ തന്റെ ചുണ്ടിന്റെ പേരില്‍ പല തരത്തിലുള്ള അധിക്ഷേപങ്ങളും അവഹേളനങ്ങളും മുംതാസിന് നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് യൂട്യൂബ് ചാനല്‍ തുടങ്ങിയപ്പോഴും മുംതാസിന് സമാനമായ കമന്റുകള്‍ കാണേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതകഥ പങ്കുവെക്കുകയാണ് മുംതാസ്. ജോഷ് ടോക്‌സിലൂടെയാണ് മുംതാസ് തന്റെ കഥ പറയുന്നത്. ആ വാക്കുകളിലേക്ക്.
നിന്റെ ചുണ്ടിന് എന്ത് വലിപ്പമാണ്? നിന്റെ ചുണ്ടൊന്ന് വെട്ടിച്ചെറുതാക്കിക്കൂടേ, നിന്നെ കാണുമ്പോള്‍ തന്നെ അറപ്പാണ്. നിന്നെ കാണാന്‍ ഒരു രസവുമില്ല. എന്തിനാണ് നീ ഇതുപോലെയുള്ള വീഡിയോകള്‍ ചെയ്യുന്നത് എന്നുള്ള കമന്റുകള്‍ എനിക്ക് ലഭിക്കുന്നത്. യൂട്യൂബ് ചാനല്‍ തുടങ്ങും മുമ്പും ഇതൊക്കെ തന്നെയാണ് കേട്ടുവളര്‍ന്നത്. ചെറുപ്പത്തില്‍ എന്റെ കുടുംബത്തില്‍ തന്നെ ഇതുപോലെയുള്ള കാര്യങ്ങള്‍ പറഞ്ഞ് എന്നെ തളര്‍ത്തിയിട്ടുണ്ട്. അവര്‍ക്ക് അതൊക്കെ തമാശയായിരുന്നു.
ചെറുപ്പത്തില്‍ തന്നെ നീയെന്തിനാണ് വാ തുറക്കുന്നത്, നീ വാ പൂട്ടി അവിടെയെവിടെയെങ്കിലും പോയിരിക്ക്, എന്ത് വലിയ വായ ആണ് എന്നൊക്കെ കേട്ടാണ് വളര്‍ന്നത്. എന്തിനാണ് അവര്‍ ഇങ്ങനൊക്കെ പറയുന്നത് എന്ന് ചിന്തിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ നമുക്ക് ഇതൊന്നും മനസിലാകില്ലല്ലോ. ഇഷ്ടപ്പെടുന്ന ആളുകളില്‍ നിന്നു തന്നെ ഇങ്ങനെ കേള്‍ക്കുമ്പോള്‍ വിഷമം തോന്നും. എന്റെ ഉമ്മ പ്രവാസിയായിരുന്നു. അതേസ്ഥാനത്ത് നമ്മള്‍ കണ്ടവരില്‍ നിന്നുമിത് കേള്‍ക്കുമ്പോള്‍ വളരെ വിഷമം തോന്നും.
എന്തെങ്കിലും സംസാരിച്ചാല്‍ നീ ആ ഒന്ന് അടച്ചു വെക്കുമോ എന്ത് വലിയ വാ ആണെന്ന് അറിയുമോ എന്നൊക്കെ ചോദിക്കും. അവരത് തമാശയായി പറയുന്നതാകും. പക്ഷെ എനിക്കത് വളരെയധികം വിഷമമാകും. ഒറ്റയ്ക്ക് റൂമില്‍ പോയിരുന്ന് കരയും. ഉമ്മയോട് പറഞ്ഞിരുന്നുവെങ്കില്‍ ആശ്വാസം ആയേനെ. പക്ഷെ പറയാന്‍ പോലും ഉമ്മ അരികിലില്ല. ചെറുപ്പം മുതല്‍ ഇപ്പോള്‍ വരെ ഞാനിത് തന്നെയാണ് കേള്‍ക്കുന്നത്. പറയാന്‍ മാത്രം ഉണ്ടോ എന്റെ ചുണ്ട്? കണ്ണാടിയില്‍ പോയി പലപ്പോഴും നോക്കിയിട്ടുണ്ട്.
എന്നാല്‍ ഇവരുടെ നിരന്തരമുള്ള പറച്ചില്‍ കാരണം എന്റെ ചുണ്ട് പ്രശ്‌നമാണെന്ന് എനിക്ക് തോന്നിത്തുടങ്ങി. എല്ലാവരേയും പോലെയല്ല കുറച്ച് വണ്ണം കൂടുതലാണ്. വായ്ക്ക് വലുപ്പം കൂടുതലാണെന്ന് എനിക്ക് തോന്നി. എല്ലാവരും പറഞ്ഞ് ഞാനും അത് വലിയൊരു കാര്യമായി എടുത്തു. ആളുകള്‍ എന്നെ ഇഷ്ടപ്പെടില്ല എന്ന് ചിന്തിച്ചു തുടങ്ങി. സ്‌കൂളിലും ഇത് തന്നെയായിരുന്നു അവസ്ഥ. അവര്‍ എന്നെ നോക്കി ചിരിക്കും. അവളുടെ ചുണ്ട് നോക്കൂ എന്ത് വൃത്തികേടാണ് എന്നൊക്കെ അവര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
വീട്ടുകാര്‍ തന്നെ ഇങ്ങനൊക്കെ പറയുന്നതു കൊണ്ട് കൂടെ പഠിക്കുമ്പോള്‍ അത്ര വിഷമം തോന്നില്ല. എന്നെ ആര്‍ക്കും ഇഷ്ടമല്ല എന്ന തോന്നല്‍ എനിക്ക് വന്നു തുടങ്ങി. എനിക്ക് സുഹൃത്തുക്കളുണ്ടായിരുന്നില്ല. എന്നും ഒറ്റപ്പെട്ടായിരുന്നു ജീവിച്ചിരുന്നത്. ഞാന്‍ അടുത്ത് പോയിരിക്കുമ്പോള്‍ അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. മറ്റൊരു സ്‌കൂളില്‍ എത്തിയപ്പോള്‍ മാറ്റം വന്നു. വലിയ ചോദ്യങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. പിജി വരെ വലിയ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ അവള്‍ ചിരിച്ചാല്‍ പോയി, വായ തുറന്നാല്‍ പോയി എന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
ആ സമയത്ത്, ഇത് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ചെറുതാക്കാന്‍ പറ്റില്ലേ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. എന്റേത് പ്രണയ വിവാഹമായിരുന്നു. അതേക്കുറിച്ച് ഞാന്‍ അധികം സംസാരിച്ചിട്ടില്ല. അതിന് വേണ്ടി എല്ലാവരേയും ബുദ്ധിമുട്ടിച്ചിരുന്നു. ഞാനും ഭര്‍ത്താവും കൂടിയാണ് യൂട്യൂബ് ചാനല്‍ തുടങ്ങാം എന്ന് തീരുമാനിക്കുന്നത്. എനിക്ക് മേക്കപ്പ് ഇഷ്ടമായിരുന്നു. അങ്ങനെയാണ് ചാനല്‍ തുടങ്ങുന്നത്. ഞാന്‍ ചെറുതിലേ എന്തായിരുന്നുവോ കേട്ടത് അത് തന്നെയാകും ഇനിയും കേള്‍ക്കുക എന്ന് കരുതിയാണ് തുടങ്ങിയത്. രണ്ട് മൂന്ന് വീഡിയോ ഇട്ട് തുടങ്ങിയതോടെയാണ് വ്യൂസ് കൂടി വരുന്നത്.
ആദ്യം കണ്ട കമന്റ് ഈ ചുണ്ട് വച്ച് നീയെന്തിനാണ് വീഡിയോ ഇടുന്നത്, നിനക്ക് വാ പൂട്ടി ഇരുന്നൂടേ എന്നായിരുന്നു. അതെന്നെ വല്ലാതെ ബാധിച്ചു. ചെറുപ്പം മുതല്‍ കേട്ടത് വീണ്ടും കേള്‍ക്കാന്‍ തുടങ്ങി. അതോടെ ചുണ്ട് വലുതാണെന്ന് തോന്നിയിട്ടുണ്ടോ എന്ന് ഭര്‍ത്താവിനോട് ചോദിച്ചു. ഇല്ല എനിക്ക് തോന്നുന്നില്ല, സിനിമയിലൊക്കെ കാണുന്നത് പോലെയാണ് എനിക്ക് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. എനിക്കതില്‍ സന്തോഷം തോന്നി. തുടര്‍ന്നും വീഡിയോസ് ഇട്ടു. പതിയെ വൈറലായി. കൂടുതലും നെഗറ്റീവ് കമന്റുകളായി.