
അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി അഭിനയ ലോകത്തേയ്ക്ക് താരമാണ് ലക്ഷ്മി ഗോപാലസ്വാമി. താരത്തിന് നടിയായും നര്‍ത്തകിയായും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുവാനായി. ആദ്യ സിനിമയിലൂടെ തന്നെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ ലക്ഷ്മി പിന്നീടിങ്ങോട്ട് മോഹന്‍ലാല്‍, ജയറാം,
മമ്മൂട്ടി തുടങ്ങി മുന്‍നിര നായകന്മാരുടെ എല്ലാം നായികയായി അഭിനയിച്ചു. ശക്തമായ സ്ത്രീകഥാപാത്രങ്ങളും നടിയെ തേടി എത്തി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും വിവാഹം വേണ്ടായെന്ന തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ചും വെളിപ്പെടുത്തി നടി. അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴിയെന്ന് താരം പറയുന്നു.
‘എന്തുകൊണ്ട് മലയാള സിനിമയിലേക്ക് വരുന്നില്ല സെലക്റ്റീവായോ എന്നെല്ലാം പലരും ചോദിക്കുന്നു.
കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് വലിയ പ്രശ്‌നമാണ്.’ ‘നാല്‍പ്പത്തിയഞ്ച് കഴിഞ്ഞ അഭിനേത്രികള്‍ക്കെല്ലാം ഈ പ്രയാസമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അമ്മവേഷങ്ങള്‍ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ ഇതുവരെ ചെയ്ത വേഷങ്ങളിലൂടെ പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹവും
ബഹുമാനവും നിലനിര്‍ത്തുന്ന കഥാപാത്രങ്ങളുമായി മാത്രം ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ മതിയെന്നാണ് തീരുമാനം. യാത്രകള്‍ക്കിടെ കാണുമ്പോള്‍ ഫോട്ടോയെടുക്കാന്‍ ഓടിയെത്തുന്നവരില്‍ അധികവും മലയാളികളാണ്.’ ‘നൃത്തവും അഭിനയവുമാണ് എന്റെ ജീവിതമെന്ന് ഞാന്‍ എത്രയോ മുമ്പെ തീരുമാനിച്ചുറപ്പിച്ചിരുന്നു. വിവാഹപ്രായമായപ്പോള്‍
സ്വാഭാവികമായും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും സമ്മര്‍ദങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി എന്റെ ആഗ്രഹത്തെ വഴിതിരിച്ചുവിടാന്‍ മനസ് ഒരുക്കമായിരുന്നില്ല. അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല എന്റെ വഴിയെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്.’ ‘അവരോടെനിക്ക്
സ്‌നേഹവും ബഹുമാനവുമാണ്. അവര്‍ അങ്ങനെയും ഞാനിങ്ങനെയും ജീവിക്കട്ടെ. സ്ത്രീകള്‍ക്ക് വിവാഹം കഴിച്ചും കഴിക്കാതെയും ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇന്ന് അവിവാഹിതയായി തുടരാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പെണ്‍കുട്ടികളെയും സ്ത്രീകളെയും എനിക്കറിയാം. ഞാനത്തരമൊരു തീരുമാനമെടുത്തകാലത്ത് ആ വഴിക്ക് നീങ്ങുന്നവര്‍ താരതമ്യേന കുറവായിരുന്നുവെന്ന് മാത്രം.