ബെംഗളൂരുവില്‍ കാമുകിയുടെ ഏഴ് വയസ്സുള്ള മകളെ കൊലപ്പെടുത്തിയ കേസിൽ ഇരുപത്താറുകാരന്‍ അറസ്റ്റില്‍. മുൻ മാർക്കറ്റിങ് എക്സിക്യൂട്ടീവായ ദർശൻ കുമാർ യാദവിനെയാണ് കുമ്പളഗുഡു പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്ഥാപനത്തില്‍ ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസറായ ശില്‍പയുടെ മകള്‍ സിരിയാണ് കൊല്ലപ്പെട്ടത്. രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് സിരി. കൊലപാതകത്തിനുശേഷം ഒളിവില്‍ പോയ ദര്‍ശനെ തിങ്കളാഴ്ചയാണ് പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ശില്‍പയും ദർശൻ കുമാർ യാദവും പ്രണയത്തിലായിരുന്നു. ഭർത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്ന ശില്‍പ സിരിയുടെയും വളര്‍ത്തമ്മയുടെയും കൂടെയാണ് താമസിച്ചിരുന്നത്. ഓഗസ്റ്റിൽ വളർത്തമ്മ മരിച്ചതോടെ വീട്ടില്‍ ശില്‍പയും സിരിയും മാത്രമായി. തങ്ങളുടെ അടുപ്പത്തിന് കുഞ്ഞ് തടസ്സമാണെന്ന് പറഞ്ഞ് സിരിയെ ഹോസ്റ്റലില്‍ ചേര്‍ക്കാന്‍ ദര്‍ശന്‍ ശില്‍പയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ശിൽപ സമ്മതിച്ചില്ല. ഇതിന്‍റെ പേരില്‍ ദർശൻ ശില്‍പയുമായി വഴക്കിടുന്നതും ശാരീരികമായി ആക്രമിക്കുന്നതും പതിവായി.
അമ്മയെയും കുഞ്ഞിനെയും കൊല്ലുമെന്ന് ദര്‍ശന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഈമാസം 23 ന് ശിൽപയുടെ വീട്ടിൽ താമസിച്ച ദര്‍ശന്‍ പിറ്റേന്ന് ശിൽപ ജോലിക്ക് പോയശേഷം, അവിടെത്തന്നെ തുടര്‍ന്നു. പിന്നീട്, ശിൽപയെ വിളിച്ച് ഉടൻ തിരിച്ചെത്തണമെന്ന് ദര്‍ശന്‍ ആവശ്യപ്പെട്ടു. ഫോണിലൂടെ മകളുടെ കരച്ചിൽ കേട്ട ശില്‍പ പരിഭ്രാന്തയായി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ശില്‍പയെയും ദര്‍ശന്‍ ആക്രമിച്ച് മുറിയില്‍ പൂട്ടിയിട്ടു.
രക്ഷപ്പെട്ട് പുറത്തുകടന്ന ശില്‍പ കണ്ടത് രക്തത്തിൽ കുളിച്ച്, അനക്കമറ്റ് കിടക്കുന്ന മകളെയായിരുന്നു. കുഞ്ഞിന്‍റെ തല തറയിൽ പലതവണ ഇടിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. ശില്‍പയെ വിവാഹം കഴിച്ചിരുന്നുവെന്ന് ദർശന്‍റെ കുറ്റസമ്മതമൊഴിയില്‍ അവകാശപ്പെടുന്നു. എന്നാല്‍ ദര്‍ശന്‍ തന്‍റെ കാമുകനാണെന്നാണ് ശില്‍പയുടെ പരാതിയിലുള്ളത്. ഇൻസ്റ്റഗ്രാം വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്ന ദര്‍ശന് നിരവധി വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നതായും പൊലീസ് പറയുന്നു.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)