Connect with us

മായ കാളിങ് ബെല്ലിൽ വിരൽ അമർത്തി തിരിഞ്ഞു നിന്നു . തോട്ടമാകെ ഒന്ന് വീക്ഷിച്ചു . ചെടികൾ ആകെ വാടിയിരിക്കുന്നു . മൂന്ന് ദിവസമായി തോട്ടം പണിക്കാരൻ വന്നിട്ട് . ക്ലബ്ബിൽ ഉള്ളവരൊക്കെ അസൂയയോടെ പറയാറുണ്ട് ഈ തോട്ടത്തെക്കുറിച്ചു .

അല്ലെങ്കിലും തന്റെ എല്ലാ നേട്ടങ്ങളും അസൂയയോടെ തന്നെയല്ലേ അവര് നോക്കിക്കാണുന്നത് . പലർക്കും പേര് പോലും അറിയാത്ത നിരവധി പൂച്ചെടികൾ ഉണ്ട് . എല്ലാം വാടിയിരിക്കുന്നു . ചിന്തിച്ചു നിന്നപ്പോഴാണ് തൊട്ട് പിറകിൽ ഡോർ തുറക്കുന്ന ശബ്ദം കേട്ടത് . കയ്യിൽ ചായക്കപ്പും പിടിച്ചു വാടിയ മുഖത്തോടെ നിൽക്കുന്ന ജോയിയെ കണ്ടപ്പോൾ അവൾക്ക് ദേഷ്യം അരിച്ചു കയറി .

“”ഇതിനകത്ത് കയറി ഇരിക്കാതെ ഇച്ചായനു ചെടികളൊക്കെ ഒന്ന് നനച്ചൂടെ ?”” ഉള്ളിലേയ്ക്ക് കയറി ബാഗ് സോഫയിലേക്ക് ഇട്ടു കൊണ്ട് ചോദിച്ചു .

“”ഞാൻ ആകെ ടയേർട് ആയിട്ടാണ് മായ വരുന്നത് . ഈയിടെയായി പേഷ്യന്റ്സ് കുറച്ചു കൂടുതൽ ആണ് . ഇന്നാണെങ്കിൽ ചെറിയ ഹെഡ് ഏക്കും . അതാണ്‌ കോഫി ഉണ്ടാക്കി കുടിക്കാം എന്ന് കരുതിയത് . “”

അവൾക്ക് അഭിമുഖമായി ചെയറിൽ ഇരിക്കുന്നതിനിടയിൽ അയാൾ തലയിൽ അമർത്തി തടവുന്നുണ്ടായിരുന്നു .

“”അപ്പൊ ജാനകി ?”” അവൾ സംശയത്തിൽ അയാളെ നോക്കി .

“”അവരുടെ മകന് നല്ല പനിയാണെന്നു . നേരത്തേ പോകണമെന്ന് പറഞ്ഞു . ഞാൻ കുറച്ചു മെഡിസിൻ കൊടുത്തു പറഞ്ഞു വിട്ടു . നാളെ രാവിലെ വരാമെന്ന് പറഞ്ഞിട്ടുണ്ട് . “”
കാലിയായ കോഫി മഗ്‌ ടേബിളിൽ വച്ച് കൊണ്ട് ജോയ് നിവർന്നിരുന്നു .

“”അപ്പൊ ഡിന്നർ ആര് ഉണ്ടാക്കുമെന്ന ?””
അവളുടെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു .

“”പുറത്തു നിന്ന് വാങ്ങാം എന്നാ കരുതിയത് . ഇനിയിപ്പോ നീ നേരത്തേ വന്നില്ലേ ? നിനക്ക് ഉണ്ടാക്കാവുന്നതല്ലേ ഉള്ളൂ .”” നിസാര മട്ടിൽ അയാൾ അത് പറഞ്ഞപ്പോൾ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു .

“”എനിക്ക് വേറെ പണി ഉണ്ട് ജോയിച്ചായാ … എന്തെങ്കിലും കഴിക്കണമെങ്കിൽ പുറത്തു നിന്ന് ഓർഡർ ചെയ്യാൻ നോക്ക് . “”

ഈർഷ്യയോടെ പറഞ്ഞു കൊണ്ട് ബാഗും എടുത്ത് റൂമിലേയ്ക്ക് പോകുന്നവളെ ജോയ് നിർവികാരനായി നോക്കിയിരുന്നു .

മായ ഫ്രഷ് ആയി വരുമ്പോഴേയ്ക്കും ജോയ് അവൾക്കുള്ള ചായയുമായി റൂമിൽ എത്തിയിരുന്നു . മായ ചായ വാങ്ങി മൊത്തിക്കുടിച്ചു കൊണ്ട് ബെഡിലേയ്ക്കിരുന്നു . അയാളും അവൾക്ക് അരികിലായി വന്നിരുന്നു .

“”ഇന്ന് നീ നേരത്തേ ആണല്ലോ ? നമുക്ക് പോയി കുട്ടൂസിനെ കൂട്ടാഡോ … നാളെ മുതൽ അവന്റെ സമ്മർ വെക്കേഷൻ തുടങ്ങുവല്ലേ ? അവൻ ഇങ്ങ് വരാൻ കാത്തിരിക്കുവാകും . ഞാനും…. . രാത്രി തിരിച്ചാൽ വെളുപ്പിന് അവിടെ എത്താം . അവനെയും കൂട്ടി തിരികെ വരുന്ന വഴി ഓൾഡേജ് ഹോമിൽ കയറി അമ്മയെയും കാണാം . നാളെ അമ്മയുടെ പിറന്നാൾ അല്ലേ ?”” അവളുടെ വലത് കൈക്കു മുകളിലായി തന്റെ ഇടത് കരം ചേർത്ത് കൊണ്ടാണ് അയാൾ ചോദിച്ചത് .

അവൾ അയാളുടെ കൈ തട്ടി എറിഞ്ഞു ബെഡിൽ നിന്നും എഴുന്നേറ്റു .

“”നടക്കില്ല ഇച്ചായാ … ഈ ഒരാഴ്ച ഞാൻ ബിസി ആണ് . ക്ലബ്ബിലെ ചില പ്രോഗ്രാംസ് , എന്റെ ഡാൻസ് പ്രോഗ്രാം , എന്റെ പേയിന്റിങ്‌സിന്റെ എക്സിബിഷൻ , ഓഫീസിലെ ചില മീറ്റിംഗ്‌സ് അങ്ങനെ ഈ വീക്ക്‌ എനിക്ക് ഒന്നിനും സമയം ഉണ്ടാകില്ല . കുട്ടു ഇവിടെ വന്നാൽ അവനെ നോക്കാൻ എനിക്ക് പറ്റത്തില്ല . Next വീക്ക്‌ അവനെ വിളിക്കാം . പിന്നെ അമ്മയുടെ പിറന്നാൾ ..?.അത് അടുത്ത വർഷവും വരുമല്ലോ ?”” നിസാരമായി അവൾ അത് പറഞ്ഞപ്പോൾ അയാൾ ഞെട്ടലോടെ അവളെ തന്നെ നോക്കിയിരുന്നു .

“”നീ ആകെ മാറിപ്പോയി മായ …..ഒര് ദിവസം നമ്മളും ഇതേ അവസ്ഥയിൽ എത്തും . അത് ഓർത്താൽ നന്ന് ……”” ഉള്ളിലെ വിഷമവും നിരാശയും അയാളുടെ സ്വരത്തിലും പ്രകടമായിരുന്നു .

“”ഫുഡ്‌ ഇച്ചായൻ ഓർഡർ ചെയ്യുമല്ലോ അല്ലേ ?”” കേട്ടതായി പോലും ഭാവിക്കാതെ തനിക്ക് നേരെ ഒരു ചോദ്യവുമെറിഞ്ഞു എന്തോ തിരയുന്നവളെ നോക്കി അയാൾ ചിരിച്ചു . തന്നോട് തന്നെ തോന്നിയ പുച്ഛത്തിൽ നിന്നുത്ഭവിച്ച ചിരി !

അയാളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ റൈറ്റിംഗ് പാടും പേനയുമായി അവൾ കമ്പ്യൂട്ടർ റൂമിലേയ്ക്ക് നീങ്ങി . രണ്ടും ടേബിളിൽ വച്ച് ചെയറിലേയ്ക്കിരുന്നു .

ഇന്ന് ഒരു കഥ എഴുതണം . ഇത് വരെ കൈ കടത്താത്ത ഒരു മേഖല …. ഇന്ന് ഓഫീസിലെ ക്ലർക്ക് രമാകാന്തന്റെ ഭാര്യയെ മികച്ച നോവലിസ്റ്റ് ആയി തിരഞ്ഞെടുത്തു എന്നറിഞ്ഞപ്പോൾ മുതൽ മനസ്സിൽ തോന്നിയ വിങ്ങൽ ആണ് ഇപ്പോൾ മറ നീക്കി പുറത്തു വരാൻ പോകുന്നത് . ഒരു കഥ എഴുതണം . …..

എഴുതാനായി ഒരു വിഷയത്തെക്കുറിച്ച് ഒരുപാട് ആലോചിച്ചു . ഒന്നും ലഭിച്ചില്ല . അപ്പോഴാണ് സഹപാഠിയും സുഹൃത്തുമായ സുഭദ്രയുടെ ചോദ്യം മനസിലേക്കെത്തിയത് . ‘നിനക്ക് ഒരാത്മകഥ എഴുതിക്കൂടെ?’ എന്ന് ….

ശരിയാണ് ….. ആത്മകഥ തന്നെ ആകാം ….

ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെ സ്നേഹത്തോടെയും, ബഹുമാനത്തോടെയും , ആദരവോടെയും അസൂയയോടെയും നോക്കിക്കാണുന്ന തന്റെ ആത്മ കഥ മികച്ചത് തന്നെ ആയിരിക്കും. തന്നെ മാതൃകയാക്കണമെന്ന് പലരും പറയുന്നത് നേരിൽ കേട്ടിട്ടുണ്ട്. അപ്പൊ ആത്മകഥ തന്നെ എഴുതാം. ജീവിതത്തിൽ ഇതുവരെ ചെയ്ത നന്മകളും നേട്ടങ്ങളുമൊക്കെ എഴുതി വയ്ക്കാം. എല്ലാരും വായിച്ച് അസൂയപ്പെടട്ടെ!

ആത്മ കഥ എന്ന് പറയുമ്പോൾ ബാല്യം മുതൽക്കേ എഴുതെണ്ട ? ബാല്യം മുതൽക്കുള്ള ജീവിതം എല്ലാം ഒന്ന് മനസിൽ തിട്ടപ്പെടുത്തണം ……….നേട്ടങ്ങൾ മാത്രം നിറഞ്ഞു തന്റെ ജീവിതം . …….

എതിരെ കിടന്ന കസേരയിൽ കാൽ കയറ്റി വച്ച് അവൾ കസേരയിലേക്ക് ചാരി കണ്ണുകൾ അടച്ച് . ഓർമ്മകളെ സ്വതന്ത്രമായി പറക്കാൻ അനുവദിച്ചു . അവ ചേക്കേറിയത് അവളുടെ ബാല്യത്തിൽ ആയിരുന്നു .

പിച്ചിയുടെയും മുല്ലയുടെയും ചെത്തിയുടെയും ചെമ്പകത്തിന്റെയും മന്ദാരത്തിന്റെയും ഒക്കെ സുഗന്ധവും വർണങ്ങളും നിറഞ്ഞ ബാല്യത്തിലേക്ക് , നെല്ലിക്കയുടെയും പഴമാങ്ങയുടെയും കാരക്കയുടെയും ചാമ്പക്കയുടെയും കയ്പ്പും മധുരവും പുളിയും നിറഞ്ഞ ബാല്യത്തിലേക്ക് , കളിചിരിയും കുസൃതിയുമായി കളിക്കൂട്ടുകാരൊടൊപ്പം കുറുമ്പ് കാട്ടി നടന്ന കുഞ്ഞ് മായയിലേയ്ക്ക് ഒരു തിരിച്ചു പോക്ക് .

പൂവാലിയുടെ കുഞ്ഞിന് പിറകെ ഓടി നടന്നതും മണ്ണപ്പം ചുട്ടു കളിച്ചതും പച്ച മാങ്ങയ്ക്ക് വേണ്ടി മാവിൽ വലിഞ്ഞു കയറി താഴെ വീണ് മുട്ട് പൊട്ടിയതുമൊക്കെ ഇന്നലെയെന്ന പോലെ തെളിഞ്ഞു വരുന്നു . അന്ന് കേട്ട മുത്തശ്ശിക്കഥകൾ എല്ലാം നന്മയുടേതായിരുന്നു . നല്ല പാഠങ്ങൾ മാത്രമുള്ളവയായിരുന്നു .

എപ്പോഴാണ് ആ നല്ല പാഠങ്ങൾ ഒക്കെ വിസ്മരിച്ചത് ? ബാല്യത്തിലെയും കൗമാരത്തിലെയും യൗവനത്തിലെയും നന്മയും, നടന്ന് നീങ്ങിയ വഴികളും എന്നോ വിസ്മൃതിയിൽ ആണ്ടു പോയിരുന്നു .

ബാല്യത്തിൽ താൻ അനുഭവിച്ച സന്തോഷം ഒക്കെയും ഇന്ന് തന്റെ മകന് അന്യമാണ് . ബോർഡിങ്ങിന്റെ നാല് ചുവരുകൾക്കുള്ളിൽ അവന്റെ ബാല്യത്തെ തളച്ചിട്ടത് ഞാൻ തന്നെയാണ് . എന്റെ തിരക്കുകൾക്കിടയിൽ അവനെ ശ്രദ്ധിക്കാൻ എനിക്ക് സമയം കിട്ടിയില്ല . ബോർഡിങ്ങിലേയ്ക്ക് വിടാൻ തീരുമാനിച്ചപ്പോഴും ഇച്ചായൻ എതിർക്കുകയാണ് ചെയ്‍തത് .

ഇപ്പോൾ അവൻ തന്നോട് മിണ്ടാറില്ല . കഴിഞ്ഞ തവണ പോയപ്പോഴും ഇച്ചായനോട് വായ് തോരാതെ സംസാരിക്കുന്നത് കണ്ടു . ഇറങ്ങാൻ നേരം കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടു . എന്നെ അവൻ ഒന്ന് നോക്കുകയെങ്കിലും ചെയ്തുവോ ? അന്നത് ശ്രദ്ധിച്ചത് കൂടിയില്ല.

അവന്റെ നല്ല ദിനങ്ങൾ നശിപ്പിച്ചത് ഞാൻ ആണെന്ന് അവനും തോന്നിയിട്ടുണ്ടാകും . ഇന്ന് ഈ നിമിഷം വരെയും ഒന്നിലും വിഷമം തോന്നിയിട്ടില്ല . പക്ഷെ ,ഇപ്പോൾ ………

സ്കൂളിൽ നിന്നും തിരിച്ചു വരുമ്പോൾ വഴിക്കണ്ണുമായി ഉമ്മുറത്തു തന്നെയും കാത്തിരിക്കുന്ന അമ്മച്ചിയുടെ രൂപം കൺ മുന്നിൽ തെളിഞ്ഞു വന്നു . അമ്മച്ചിയുടെയും അപ്പച്ചന്റെയും പ്രിയപ്പെട്ട മായക്കുട്ടി ……… പണത്തിന്റെയും പ്രശസ്തിയുടെയും പിറകെയുള്ള ഓട്ടത്തിനിടയിൽ എന്നോ മൃതി അടഞ്ഞവൾ …….

കുളി കഴിഞ്ഞ് വരുമ്പോൾ ഒരുപാട് പലഹാരങ്ങളും നിരത്തി വച്ച് ചായയുമായി കാത്തിരിക്കുന്നുണ്ടാകും അമ്മച്ചി . അതൊക്കെ കഴിച്ച് തീർക്കുമ്പോഴേയ്ക്കും സ്കൂളിലെയും കോളേജിലെയുമൊക്കെ വിശേഷങ്ങളും പറഞ്ഞു തീർന്നിട്ടുണ്ടാകും .
എനിക്കുണ്ടാകുന്ന ഒരു ചെറിയ തലവേദന പോലും അമ്മച്ചിയുടെ കണ്ണ് നനയ്ക്കുന്നത് കണ്ടിട്ടുണ്ട് .

പനിയോ മറ്റൊ വന്നാൽ രാത്രി അടുത്ത് നിന്നും മാറാതെ ഉണർന്നിരിക്കുന്നത് കാണാം . വീട്ടിൽ എത്താൻ ഒരല്പം വൈലികിയാൽ വഴിക്കണ്ണുമായി കാത്ത് നിൽക്കും . എത്തുമ്പോൾ, ” അമ്മച്ചിടെ മായക്കുട്ടി ഇതെവിടെ പോയിരുന്നു അമ്മച്ചി പേടിച്ചു പോയി ” എന്ന് പറഞ്ഞു വന്ന് കെട്ടിപ്പിടിക്കും .

” പേടിക്കണത് എന്തിനാ ? ഞാൻ കൊച്ച് കുട്ടിയൊന്നുമല്ലല്ലോ ?” എന്ന് പറയുമ്പോൾ “മക്കൾ എത്ര വളർന്നാലും അമ്മമാർക്ക് അവര് കൊച്ച് കുട്ടികൾ തന്നെയാ ” എന്ന് പറഞ്ഞു ചേർത്ത് പിടിക്കും.

ഇച്ചായനോടുള്ള ഇഷ്ടവും ആദ്യം തുറന്നു പറഞ്ഞത് അമ്മച്ചിയോടു തന്നെ ആയിരുന്നു . കല്യാണത്തിന്റെ അന്ന് തന്നെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞ അമ്മച്ചി , മകളേ പിരിഞ്ഞ വിഷമം താങ്ങാൻ ആകാതെ പിറ്റേന്നു രാവിലെ തന്നെ ഇച്ചായന്റെ വീട്ടിൽ മകളെക്കാണാൻ എത്തിയ എന്റെ അമ്മച്ചി . അപ്പച്ചൻ മരിച്ചു ഒറ്റയ്ക്കായ അമ്മച്ചിയെ ഇങ്ങോട്ട് കൂട്ടിയത് ഇച്ചായൻ തന്നെയാണ് .

അവളുടെ കണ്ണുകൾ നിറഞ്ഞു . ആ അമ്മച്ചി ഇന്നെവിടെയാണ് ?? ഇത്രയും അധികം തന്നെ സ്നേഹിച്ച അമ്മച്ചി എപ്പോഴാണ് തനിക് ബാധ്യത ആയത്? അമ്മച്ചിയെ ഓൾഡേജ് ഹോമിൽ ആക്കാൻ തീരുമാനിക്കുമ്പോഴും ഇച്ചായൻ എതിർത്തു .

“”ഒരാളുടെ സഹായം ഇല്ലാതെ അമ്മച്ചിക്ക് പറ്റത്തില്ല ,അമ്മച്ചിയെ ഫുൾ ടൈം നോക്കിയിരിക്കാൻ എനിക്കും പറ്റത്തില്ല . ഇച്ചായൻ ലീവ് എടുത്ത് ഇവിടെ ഇരുന്ന് അമ്മച്ചിയെ നോക്കുമോ ? “” എന്നുള്ള എന്റെ ചോദ്യം ഇച്ചായന്റെയും വായടപ്പിച്ചു .

“”അവിടെ ആകുമ്പോൾ അമ്മച്ചിയുടെ പ്രായത്തിലുള്ള ഒരുപാട് പേരുണ്ടാകും . ഇവിടെ ഒറ്റയ്ക്കിരുന്നു സമയം കൊല്ലുന്നതിനേക്കാൾ അമ്മച്ചിക്ക് അവിടം ഇഷ്ടമാകും . അത് തന്നെയാ നല്ലത് . “”
പിന്നീട് ഇച്ചായൻ ഒന്നും മിണ്ടിയില്ല .

വൃദ്ധ സദനത്തിലേയ്ക്ക് കൊണ്ട് പോയപ്പോഴുള്ള അമ്മച്ചിയുടെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും ? അറിയില്ല . അന്നെനിക്ക് ,അമ്മച്ചി തരുന്ന സ്നേഹത്തേക്കാളും ലാളനയേക്കാളും തൂക്കം പണത്തിനും പദവിക്കും ആയിരുന്നു .

വിവാഹം കഴിഞ്ഞ നാളുകളിൽ ഇച്ചായനു നൽകിയിരുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും ഒരംശം പോലും ഇപ്പോൾ അദ്ദേഹത്തിനും നൽകുന്നില്ല . അന്നൊക്കെ ഇച്ചായൻ പറഞ്ഞാൽ പോലും പുറത്തു നിന്നും ആഹാരം കഴിക്കാൻ അനുവദിക്കുമായിരുന്നില്ല .

ഇച്ചായന് ഒരു ചെറിയ ജലദോഷം വന്നാൽ അത് മാറും വരെ ഉള്ളിൽ ഒരു നീറ്റൽ ആണ് ….ഇന്നൊ ? ഇച്ചായൻ ഇവിടെ ഉണ്ടെന്ന് പോലും പലപ്പോഴും മറക്കുന്നു .

ലക്ഷങ്ങൾ മാസവരുമാനമുള്ള ജോലി കിട്ടിയപ്പോൾ മുതലാണ് ഞാൻ ഞാനല്ലതായി തുടങ്ങിയത് . കുടുംബത്തിന് വേണ്ടി എന്നോ മറന്ന് വച്ച നൃത്തവും ചിത്ര രചനയുമൊക്കെ പൊടി തട്ടി എടുക്കാൻ സഹായിച്ചത് സഹപ്രവർത്തകരാണ് . അവരുടെ പുകഴ്ത്തലുകളിൽ വീണ് പോയി .

മേലുദ്യോഗസ്ഥയായ എന്നെ പുകഴ്ത്തുന്നത് കൊണ്ട് അവർക്ക് ഗുണം ഉണ്ടായിരുന്നു . അത് മനസിലാക്കാതെ പോയ ഞാൻ ആണ് വിഢി !

അവരിൽ ഒരാൾ തന്നെയാണ് വിമൻസ് ക്ലബ്ബിലെ മെമ്പർ ആക്കിയതും . പണച്ചാക്കുകളായ പെണ്ണുങ്ങളുടെ ഇടയിൽ എത്തിയപ്പോൾ, മനസ്സിൽ അവരെക്കാൾ ഉയരത്തിൽ എത്താനുള്ള വാശി കയറി …പിന്നെ അതിനുള്ള പരിശ്രമം ആയിരുന്നു . കൈ വച്ച എല്ലാ മേഖലകളിലും വിജയിച്ചപ്പോൾ അവര് അസൂയയോടെ നോക്കുന്നത് കണ്ട് ആസ്വദിച്ചു .

അവരെക്കാൾ ഒക്കെ ഉയരത്തിൽ എത്തിയതിൽ അഭിമാനിച്ചു . പിന്നീട് തിരക്കായിരുന്നു …. ഒന്നിനും സമയം ഇല്ലാത്ത തിരക്ക് . അല്ല , സമയം ഇല്ലാതിരുന്നത് ഭർത്താവിന്റെയും അമ്മയുടെയും മകന്റെയും കാര്യങ്ങൾ നോക്കാൻ മാത്രം ആയിരുന്നു . അവർ തരുന്ന സ്നേഹത്തേക്കാൾ ഞാൻ വില നൽകിയത് പണത്തിനും പ്രശസ്തിക്കും ആര്ഭാടങ്ങൾക്കും ആയിരുന്നു .

കഴിഞ്ഞ കാലത്തിലേക്ക് ….നടന്ന് വന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇന്ന് ഞാൻ അറിയുന്നു ഒന്നും ഇല്ലായ്മയിൽ നിന്നായിരുന്നു എന്റെ തുടക്കം എന്ന് …. അന്നന്നത്തെ എന്നതിനുള്ള വക കണ്ടെത്തിയിരുന്ന ഒരു പാവം ഓട്ടോ ഡ്രൈവറുടെ മകൾ ആയിരുന്നു താൻ എന്ന് . ആ ചെറിയ സമ്പാദ്യത്തിൽ നിന്നുമാണ് എനിക്ക് ഉന്നത വിദ്യാഭ്യാസം ലഭിച്ചത് ….ഞാൻ ഇന്ന് വീമ്പു പറയുന്ന ഈ ജോലി നേടാനായത് ….. എല്ലാം മറന്നു ഞാൻ ……

കണ്ണിലെ കൃഷ്ണമണി പോലെ സ്നേഹിച്ച അമ്മച്ചിയെപ്പോലും മറന്നു ……

സ്ത്രീധനം ഒന്നും വേണ്ട എനിക്ക് നിന്റെ സ്നേഹം മാത്രം മതി എന്ന് പറഞ്ഞു എന്റെ കൈ പിടിച്ച ഒരു പാവം ഡോക്ടറുടെ ഭാര്യയാണ് ഞാൻ എന്നതും മറന്നു ……

മരണ വേദന സഹിച്ചു പ്രസവിച്ചു പാലൂട്ടി വളർത്തിയ മകനെപ്പോലും മറന്നു കളഞ്ഞില്ലേ???

“”””അല്പന് ഐശ്വര്യം കിട്ടിയാൽ അര്ധരാത്രി കുട പിടിക്കും …..”””” എത്ര ശരിയാണത് ….

എന്തിന് വേണ്ടിയായിരുന്നു എല്ലാം ?
ആത്മാർത്ഥ സ്നേഹം മറന്ന് പ്രലോഭനനങ്ങൾക്കും വീൺവാക്കുകൾക്കും പുറകെ പോയത് എന്തിനായിരുന്നു ?

പക്ഷെ, മനസിലാകാത്തത് ഒന്നുണ്ട് …. ഞാൻ ഒരു വലിയ തെറ്റായിരുന്നു എങ്കിൽ ലോകം എനിക്ക് തരുന്ന അംഗീകാരം ? ബഹുമാനം ? ഒക്കെയും കാപട്യം ആണെന്നോ ?

അപ്പോൾ ഈ ലോകത്തിനു ബഹുമാനവും അംഗീകാരവും നൽകാനുള്ള മാനദണ്ഡം എന്താണ് ??? പണം , പദവി, പ്രശസ്തി …അത് മാത്രമോ ? അതേ …അതല്ലാതെ മറ്റെന്താണ് ?

കണ്ണ് തുറന്നപ്പോൾ ഒരുപാട് കരഞ്ഞിരിക്കുന്നു എന്ന് തോന്നി ……… വിലപ്പെട്ടത് എന്തൊക്കെയോ നഷ്ടമായത് പോലെ ഒരു തോന്നൽ …….. നടന്ന് വന്ന ജീവിതം വഴിയിൽ എവിടെയോ ഞാൻ എന്നെ മറന്നു വച്ചിരുന്നു …….. അവിടേയ്ക്ക് തിരികെ ചെല്ലണം …… അവിടെ ഞാൻ ഉപേക്ഷിച്ചു പോയ എന്നെ ….എന്റെ മനസിനെ ……എന്റെ ആത്മാവിനെ ഒപ്പം കൂട്ടണം ………..

വീണ്ടും പഴയ മായയായി …….അമ്മച്ചിയുടെ മായാമോളായി ……. ഇച്ചായന്റെ മയക്കുട്ടിയായി ……. കുട്ടൂസിന്റെ മായമ്മയായി ജീവിക്കണം …..

തിരിഞ്ഞു നോക്കുമ്പോൾ ലാഭത്തേക്കാൾ ഏറെ നഷ്ടങ്ങൾ ആണ് ജീവിതത്തിൽ …. നേടി എന്ന് കരുതിയതൊന്നും നേട്ടങ്ങൾ ആയിരുന്നില്ല …… ഇച്ചായന്റെ ,അമ്മയുടെ സ്നേഹവും കരുതലുമാണ് നഷ്ടമായത് …… കുട്ടൂസിന്റെ കളി ചിരിയാണ് നഷ്ടമായത് …… നഷ്ടങ്ങൾക്കാണ് തൂക്കം കൂടുതൽ ……..
ഒന്ന് തൂക്കി നോക്കിയാൽ നേട്ടങ്ങളുടെ തട്ട് താണു തന്നെ ഇരിക്കും ……..

തെറ്റുകൾ തിരുത്താൻ , ശരി എന്ന് കരുതിയത് പലതും തെറ്റായിരുന്നു എന്ന് തിരിച്ചറിയാൻ ഒരു ആത്മ പരിശോധന എപ്പോഴും നല്ലതാണ് ……..

അവൾ ഒന്ന് ദീർഘമായി നിശ്വസിച്ചു . പതിയെ എഴുന്നേറ്റു കണ്ണ്കൾ തുടച്ചു പുറത്തേയ്ക്കിറങ്ങി .

പുറത്തു സോഫയിലായി ഉറങ്ങുകയായിരുന്ന ജോയിയുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു . നെറ്റിയിൽ വീണ് കിടന്ന മുടിയിഴകൾ ഒതുക്കി വച്ച് അവിടെ ചുംബിച്ചു . അവൾ പോലും അറിയാതെ രണ്ട് തുള്ളി കണ്ണുനീർ അവന്റെ നെറ്റിയിലേക്ക് അടർന്നു വീണ് . ജോയി കണ്ണുകൾ തുറന്നു . മുന്നിൽ മായയെക്കണ്ടു അവന്റെ ചാടി എഴുന്നേറ്റു . നിറഞ്ഞിരിക്കുന്ന കണ്ണുകൾ കണ്ടപ്പോൾ ആധിയോടെ ചോദിച്ചു .

“”എന്ത് പറ്റി മായ ?””

അവൾ എഴുന്നേറ്റു ജോയിക്കരികിലായി ഇരുന്നു . ജോയി അവളെ ചേർത്ത് പിടിച്ചു ചോദ്യം ആവർത്തിച്ചു . മറുപട യായി അവൾ അവനെ മുറുകെ പിടിച്ചു പൊട്ടിക്കരയുകയാണ് ചെയ്തത് .

അവളുടെ കരച്ചിൽ അടങ്ങുന്നത് വരെ ജോയ് അവളുടെ മുടിയിൽ തഴുകിക്കൊണ്ടിരുന്നു .

അവൾ പതിയെ ചോദിച്ചു .

“”ഇച്ചായന്റെ തല വേദന മാറിയോ ?””

“”മ്മ് ….” “ജോയ് വെറുതെ മൂളി . പെട്ടെന്ന് അവൾക്ക് ഉണ്ടായ മാറ്റം അവനെ അത്രയേറെ അദ്‌ഭുതപ്പെടുത്തിയിരുന്നു .

“”എന്നാൽ നമുക്ക് ഫുഡ്‌ കഴിഞ്ഞ് ഇറങ്ങാം . കുട്ടൂസിനെ കൂട്ടാൻ പോകാം …. ഇനി അവൻ നമ്മളോടൊപ്പം വളരട്ടെ . ബോർഡിങ്ങിലേയ്ക്ക് തിരികെ വിടണ്ട ഇനി അവനെ ….””

വിശ്വസിക്കാൻ ആകാതെ അവൻ അവളെത്തന്നെ മിഴിച്ചു നോക്കി .

“”എനിക്ക് തിരിച്ചു പിടിക്കണം ഇച്ചായാ …. എന്തിനൊക്കെയോ വേണ്ടി ഞാൻ തന്നെ വലിച്ചെറിഞ്ഞ ആ പഴയ മായയെ എനിക്ക് തിരികെ കൊണ്ട് വരണം ….. അതിന് എന്നെ സഹായിക്കില്ലേ ?”” കണ്ണുകളിലേയ്ക്ക് നോക്കി അവൾ അത് ചോദിച്ചപ്പോൾ മറുപടിയായി ജോയി കൈവിരലുകൾ അവളുടെ വിരലുകളിൽ കൊരുത്തു മുറുകെ പിടിച്ചു …..

ഓൾഡേജ് ഹോമിലെ അന്ദേവാസികൾക്കൊപ്പം കേക്ക് മുറിക്കുമ്പോൾ ത്രേസ്യാമ്മയുടെ മുഖത്തു പ്രകാശം നിറഞ്ഞിരുന്നു ….. പിറന്നാൾ ദിനത്തിൽ മകളും മരുമകനും ചെറുമകനും ഒപ്പം ഉള്ളതിന്റെ സന്തോഷം ….

“”ഇന്ന് രാവിലെ മുതൽ പറയുവാ മോള് കാണാൻ വരുമെന്ന് ….. സ്വപ്നം കണ്ടത്രേ ….വലിയ സന്തോഷത്തിൽ ആയിരുന്നു ….”” അടുത്ത് നിന്ന സിസ്റ്റർ അത് പറയുമ്പോൾ മായ ത്രേസ്യാമ്മയെ തന്നെ നോക്കി നിന്നു .

ഒര് മകൾ ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത് . എന്നിട്ടും എന്നെക്കുറിച്ച് ചിന്ദിക്കുന്നു ….എന്റെ വരവ് പ്രതീക്ഷിക്കുന്നു ….അതിനായി കാത്തിരിക്കുന്നു ….. ഒരമ്മയ്ക്ക് മാത്രമെ ഇതിന് കഴിയൂ ……

ജോയിയോടൊപ്പം അവിടെ നിന്നും ഇറങ്ങുമ്പോൾ വലത് കയ്യിൽ അമ്മയുടെയും ഇടത് കയ്യിൽ കുട്ടൂസിന്റെയും കൈകൾ അവൾ മുറുകെ പിടിച്ചിരുന്നു .

എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയിൽ ജീവിതത്തിൽ നഷ്ടമായ നന്മകളെല്ലാം വീണ്ടും ഒപ്പം കൂട്ടിയതിന്റ സന്തോഷം അവളുടെ മുഖത്ത് പ്രകടമായിരുന്നു .

പുഞ്ചിരിയോടെ അവൾ വീണ്ടും ഓർത്തു ….
“”””ഇടയ്ക്കൊക്കെ ഒരാത്മ പരിശോധന നല്ലതാണ് …. നന്മയുടെ മുഖം മൂടിയ്ക്ക് പിറകിൽ നാം ഒളിച്ചു വച്ച തിന്മയെ തിരിച്ചറിയാൻ അത് നമ്മെ സഹായിക്കും …… “”””

(അവസാനിച്ചു )

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ….
കടപ്പാട് രചന: നീലിമ

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *