
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ സിപിഎം വാർഡ് മെമ്പറുടെ ദേഹത്തേക്ക് തിളച്ച കഞ്ഞിവെള്ളമൊഴിച്ച് ഗൃഹനാഥൻ.അതേ സമയം വയറിലും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ ബിജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ഊരുപൊയ്ക സ്വദേശി സജിയെ പോലീസ് പിടികൂടി.ആറ്റിങ്ങൽ മുദാക്കൽ പഞ്ചായത്തിലെ 19-ാം വാർഡിന്റെ മെമ്പറായ ബിജുവിന്റെ ദേഹത്തേക്കാണ് കഞ്ഞിവെള്ളം ഒഴിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി. ജോയിയുടെ തെരഞ്ഞെടുപ്പ്
പ്രചാരണത്തിന്റെ ഭാഗമായി ഈസ്റ്റർ കാർഡുകൾ വിതരണം ചെയ്യാനായി എത്തിയതായിരുന്നു ബിജു. ഇതിൽ പ്രകോപിതനായ സജി വാർഡ് മെമ്പറെ അസഭ്യം പറഞ്ഞു. തുടർന്നുണ്ടായ തർക്കത്തിൽ ബിജുവിന്റെ ദേഹത്തേക്ക് സജി കഞ്ഞി ക്കലം എറിഞ്ഞു.
തുടർന്ന് ഇത് തടയാൻ നോക്കിയപ്പോൾ ദേഹത്ത് വീഴുകയായിരുന്നു.അതേ സമയം രാഷ്‌ട്രീയപരമായോ വ്യക്തിപരമായോ വൈരാഗ്യങ്ങളൊന്നുമില്ലെന്ന് ബിജു പറഞ്ഞു. സജിക്ക് ഒരു രാഷ്‌ട്രീയപാർട്ടിയുമായി ബന്ധമില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായതായിരിക്കുകയാണ്.