മുറിയിൽ നിന്നും നിലവിളി കേട്ട് ഓടി കൂടിയ വീട്ടുകാർ കണ്ടത് അടിവയർ പൊത്തിപിടിച്ചു കരയുന്ന നവ വധുവിനെ

ആദ്യ രാത്രിയില്‍ തന്നെയാണ് അത് സംഭവിച്ചത് ..!അവള്‍ അടിവയറ്റില്‍ കൈ വച്ച് അലമുറയിട്ട് കരയാന്‍ തുടങ്ങി.എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ കട്ടിലില്‍ പകച്ചിരുന്ന് പോയി. അടിമുടി വിയര്‍ക്കാന്‍ തുടങ്ങി.കരച്ചില്‍ കേട്ട് വീട്ടിലെ മറ്റു മുറികളിലെ വാതിലുകളെല്ലാം ഓരോന്നായി തുറക്കപ്പെട്ടു.ഞങ്ങളുടെ മുറിയുടെ വാതിലില്‍ വന്നാരൊക്കെയോ ഉറക്കെ മുട്ടി . ഷോക്കടിച്ച പോലെ ഇരുന്ന ഞാന്‍ എണീറ്റ് മുഖത്തെ വിയര്‍പ്പെല്ലാം തുടച്ചു. തലയിലൂടെ കൈ ഓടിച്ചപ്പോള്‍ കിട്ടിയ ഒരു മുല്ലപ്പൂ താഴേക്കിട്ടു …! ഉടുത്തിരുന്ന മുണ്ടഴിച്ച് നേരെ ഉടുത്തു. വാതില്‍ മെല്ലെ തുറന്നു .

അച്ഛനും, അമ്മയും, ഏട്ടനും, ഏട്ടത്തിയമ്മയും, പെങ്ങളും, അളിയനും ….! എല്ലാവരും എന്നെ രൂക്ഷമായി നോക്കി. അമ്മയും ഏട്ടത്തിയമ്മയും പെങ്ങളും മുറിയിലേക്ക് തള്ളി കയറി. മറ്റു മൂന്ന് പേര്‍ അകത്തേക്ക് കയറാന്‍ മടിച്ച് പുറത്ത് തന്നെ നിന്നു. മുറി വിട്ട് പുറത്തിറങ്ങിയ എന്നെ ഏട്ടനും അളിയനും എന്തോ അര്‍ത്ഥം വച്ച് നോക്കി…..! വിനയകുനയനായി ഞാന്‍ അടുത്തുള്ള സോഫയില്‍ ചെന്നിരുന്നു . ടേബിളില്‍ വച്ച വെള്ളത്തിന്‍റെ പാത്രം വായയിലേക്ക് കമഴ്ത്തി. മുറിയില്‍ നിന്ന് അമ്മ ഉറക്കെ പറഞ്ഞു , വേഗം ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന്.

അതു കേട്ട് അവിശ്വസനീയമാം വിധം അച്ഛനെന്നെ അടിമുടിയൊന്ന് നോക്കി. അച്ഛന്‍റെ ആ നോട്ടം എന്‍റെ നെഞ്ചത്ത് ഒരുലക്ക കൊണ്ടിടിച്ചതിന് സമമായിരുന്നു…..! ഇവിടുത്തെ വണ്ടിയില്‍ കൊണ്ടു പോവാമെന്ന് ഏട്ടന്‍ പറഞ്ഞു . അത് പറ്റില്ല , ശരീരം ഇളകാതെ കൊണ്ട് പോകണമെന്ന് പെങ്ങള്‍.ഞാന്‍ ഫോണെടുത്ത് മുറ്റത്തേക്കിറങ്ങി കാള്‍ ബട്ടണ്‍ അമര്‍ത്തി . ‘ഹലോ , അമല ഹോസ്പിറ്റലല്ലേ , ഒരു ആംബുലന്‍സ് വേണം , ദയവായി നിലവിളി ശബ്ദമിടരുത് ‘ ഡ്രൈവര്‍ക്ക് അഡ്രസ്സ് പറഞ്ഞ് കൊടുത്ത് തിരിച്ച് ഞാന്‍ അകത്തേക്ക് തന്നെ കയറി .ഉലക്ക കൊണ്ട് രണ്ടാമത്തെ ഇടിയുമായി അമ്മ പറഞ്ഞു , മോള്‍ടെ വീട്ടിലേക്കൊന്ന് വിളിച്ച് കാര്യം പറയണമെന്ന് .

ഞാന്‍ ഫോണുമായി വീണ്ടും മുറ്റത്തേക്കിറങ്ങി കാള്‍ ബട്ടണ്‍ അമര്‍ത്തി. ‘ഹലോ അമ്മാവാ, ഇത് ഞാനാണ് , ദിവ്യയെ അതി കഠിനമായ വേദനയെ തുടര്‍ന്ന് അമല ഹോസ്പ്പിറ്റലിലേക്ക് കൊണ്ട് പോവുകയാണ് , അമ്മാവനും അമ്മായിക്കും അവിടെ സുഖം തന്നെയെന്ന് കരുതുന്നു , എന്നാല്‍ ഞാന്‍ ഫോണ്‍ വെക്കട്ടെ ‘അമ്മാവന്‍ വെപ്രാളത്തോടെ ചോദിച്ചു , ദിവ്യക്ക് എവിടെയാ മോനേ വേദനാന്ന് ? അടിവയറ്റിലാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അങ്ങേ തലക്കല്‍ വല്ലാത്ത നിശബ്ദതയും ഒടുവില്‍ ഒരു ദീര്‍ഘനിശ്വാസവും…! അപ്പോഴേക്കും ആംബുലന്‍സ് വന്നു.
അയല്‍ക്കാരുടെ വീടുകളിലെ വെളിച്ചം ഓരോന്നോരോന്നായി തെളിയുന്നത് ഞാന്‍ നിര്‍വ്വികാരനായി നോക്കി നിന്നു .പലരും ഓടി വന്നു . പെണ്ണുങ്ങള്‍ അകത്തേക്കോടി കയറി .

കാര്യമറിഞ്ഞ ആണുങ്ങള്‍ തെങ്ങിന്‍റെ ചോട്ടിലും കവുങ്ങിന്‍റെ ചോട്ടിലും കൂട്ടം കൂടി നിന്ന് എന്‍റെ ചലനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഓടി വന്ന മധുര പതിനേഴുകാരി അരുണിമ കിതപ്പോടെ രമേച്ചിയോട് ചോദിച്ചു , ആര്‍ക്കാ അമ്മേ ഇവിടെ അസുഖമെന്നും , എന്തിനാ അമ്മേ ആംബുലന്‍സ് വന്നതെന്നും. ‘മോളെന്തിനാ ഇങ്ങോട്ട് വന്നത് , അതൊക്കെ ഞങ്ങള് വല്ല്യ ആള്‍ക്കാര് നോക്കിക്കോളാം , കുട്ടികള്‍ അറിയേണ്ട കാര്യമല്ലിത് ‘
പറഞ്ഞ് തീരും മുന്‍പ് രമേച്ചി എന്നെയൊരു നോട്ടം നോക്കി . ഞാന്‍ ചൂളിപ്പോയി…! ആംബുലന്‍സിലേക്ക് അവളെ കോരിയെടുത്ത് കിടത്തിയത് ഞാന്‍ തന്നെയാണ്. അപ്പോഴും അവള്‍ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു.
ആശുപത്രിയിലെത്തി നേരെ ഐ.സി.യുവിലേക്ക് കയറ്റി .

അവള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കപ്പെട്ടു. ഡോക്ടര്‍ എന്നെ മാത്രമായി റൂമിലേക്ക് വിളിച്ചു . കാര്യങ്ങള്‍ വിശദമായി പറഞ്ഞു. ഭാര്യയെ ഒരു ദിവസം ഇവിടെ അഡ്മിറ്റ് ചെയ്യണമെന്നും അതിന് ശേഷം വീട്ടിലേക്ക് പോയാല്‍ ഒരാഴ്ച്ച എല്ലാ തരത്തിലുമുള്ള വിശ്രമം കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചു..!
ഒരാഴ്ച്ചയുടെ കാര്യം കേട്ട നിരാശയില്‍ ഞാന്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങി . എല്ലാവരുടേയും കണ്ണുകള്‍ എന്‍റെ നേരെ തിരിഞ്ഞു. എന്ത് ചോദിക്കണമെന്നറിയാതെ എല്ലാവരും നിന്ന് പരുങ്ങുന്നുണ്ടായിരുന്നു. അത് കണ്ട് അളിയനെന്‍റെ കൈ പിടിച്ച് ദൂരേക്ക് മാറ്റി നിര്‍ത്തി ചോദിച്ചു , ‘എന്താ അളിയാ പ്രശ്നമെന്ന് , ഡോക്ടര്‍ എന്താ പറഞ്ഞതെന്ന് ‘ ‘ നല്ലോണം വെള്ളം കുടിക്കാനും നല്ലോണം വിശ്രമിക്കാനും ‘

ഞാനിത് പറഞ്ഞപ്പോള്‍ അളിയന്‍ ആകാംഷയോടൊരു ചോദ്യം , എന്ത് , വെള്ളം കുടിക്കാനോ ? ‘അതെ അളിയാ , അവളീ കല്ല്യാണത്തിന്‍റെ തിരക്കുമായി ഓടി നടന്നപ്പോള്‍ വെള്ളം കുടിക്കാന്‍ മറന്ന് കാണും , അങ്ങനെ വന്നതാവും ഈ മൂത്രത്തില്‍ കല്ല് ‘ ‘മൂത്രത്തില്‍ കല്ലോ ‘ എന്ന് ചോദിക്കലും , അയ്യേ എന്ന ഭാവത്തില്‍ അളിയനെന്‍റെ കയ്യിലെ പിടി വിടലും ഒരുമിച്ചായിരുന്നു. വിവരങ്ങളെല്ലാം അറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായി. അവളെ നഴ്സുമാര്‍ മുറിയിലേക്ക് മാറ്റി. ഗ്ലൂക്കോസ് കയറ്റാന്‍ തുടങ്ങി.കല്ല്യാണത്തിന് വരാന്‍ സമയമില്ലാതിരുന്ന അമ്മാവന്‍റെ മൂത്ത മകന്‍ സുഗുണന്‍ അവളെ കാണാന്‍ ഓടി കിതച്ച് വരുന്നത് കണ്ട് ഞാന്‍ ഞെട്ടി..!ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഡിസ്ച്ചാര്‍ജ്ജായി.

തലയിണയും , വിരിപ്പും , മരുന്നും പൊതിഞ്ഞ് കെട്ടി ഞങ്ങള്‍ വീട്ടിലേക്ക് പോയി. വീട്ടിലെത്തി മുറിയില്‍ വിശ്രമിക്കുകയായിരുന്ന അവളോടൊന്ന് സംസാരിക്കാന്‍ എന്‍റെ മനസ്സ് വെമ്പല്‍ കൊണ്ടു. പക്ഷെ സന്ദര്‍ശകരുടെ തള്ളി കയറ്റം എന്‍റെ വെമ്പലിനെ ഇല്ലാതാക്കി. മേശ വലിപ്പിലും , അലമാരയിലും ഇല്ലാത്ത സാധനങ്ങള്‍ക്ക് വേണ്ടി ഇടക്കിടെ ചെന്ന് ഞാന്‍ തപ്പി നോക്കി. അവളെ ഒരു നോക്ക് കാണുകയായിരുന്നു ലക്ഷ്യം. അതിനിടയില്‍ ജനവാതിലിനിടയിലൂടെ ആരും കാണാതെ അവളെ ഒന്നെത്തി നോക്കിയ എന്നെ കണ്ട് ഒറ്റപ്പാലത്തുള്ള വല്ല്യമ്മയുടെ മോള്‍ടെ ഇക്രു മോന്‍ , ദേ പട്ടാണി നോക്കുന്നേന്നും പറഞ്ഞ് ഉറക്കെ നിലവിളിച്ച് സംഗതി ആകെ അല്‍കുല്‍ത്താക്കി. രാത്രിയായപ്പോള്‍ രംഗം ഏറെക്കുറെ ശാന്തമായി.

ഞാന്‍ മുറിയിലേക്ക് പ്രവേശിച്ചു. മെല്ലെ കതകടച്ച് കുറ്റിയിട്ടു. ചുമരിനോട് ഓരം ചേര്‍ന്നവള്‍ കിടക്കുകയായിരുന്നു. എന്നെ കണ്ടതും അവളൊന്ന് ചിരിച്ചു. ഞാനും ചിരിച്ചു. പെണ്ണുകാണലും വിവാഹവുമെല്ലാം ഒരു മാസത്തിനുള്ളിലാണ് നടന്നത് . അത് കൊണ്ട് തന്നെ കല്ല്യാണത്തിന് മുന്‍പ് മര്യാദക്കൊന്നിവളോട് സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല . ആദ്യ രാത്രിയാണെങ്കില്‍ ഇങ്ങനെയുമായി…!
ഇന്നീ രണ്ടാമത്തെ രാത്രിയില്‍ , അവളീ അവസ്ഥയില്‍ കിടക്കുമ്പോള്‍ എങ്ങനെ ഒന്ന് സംസാരിച്ച് തുടങ്ങും എന്നോര്‍ത്ത് ഞാന്‍ വിഷണ്ണനായി. അവളാകെ ക്ഷീണിച്ചിരുന്നു. എന്നെ നോക്കുമ്പോഴും ആ കണ്ണുകള്‍ ഇടക്കിടെ ക്ഷീണം കൊണ്ട് അടച്ച് തുറക്കുന്നത് ഞാന്‍ കണ്ടു.

കൂമ്പിയടയുന്ന അവളുടെ സുന്ദര മിഴികള്‍ എന്നെ വല്ലാതെ മോഹിപ്പിച്ചു. അടിമുടി അവളെയൊന്ന് നോക്കിയപ്പോള്‍ എന്‍റെ ഹൃദയമിടിപ്പ് കൂടി. ആ മിനുമിനുത്ത കൈകളിലൊന്നു വിരലോടിക്കാന്‍ ഞാനാഗ്രഹിച്ചു.
ആ പവിഴാധരങ്ങളില്‍ ആദ്യ ചുംബനമേകാന്‍ എന്‍ മനം തുടിച്ചു….! പക്ഷെ ഒരു സ്പര്‍ശനം പോലും എന്‍റെ സിരകളെ ചൂടു പിടിപ്പിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഒരു ചുംബനം പോലും എന്‍റെ വികാരങ്ങളെ ആളി കത്തിക്കുമെന്ന് എനിക്കറിയാമായിരുന്നു . ഡോക്ടറുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ കൃത്യ സമയത്ത് തന്നെ മനസ്സിലേക്കോടി വന്നത് കൊണ്ട് ഞാനെന്‍റെ ആഗ്രഹങ്ങളെ തത്ക്കാലം അടക്കി വച്ചു.

എങ്കിലും മത്തിക്കൊട്ടക്ക് മുന്നിലിരിക്കണ പുച്ചേനെ പോലെ കുറെ നേരം കട്ടിലിന്‍റെ ഓരത്ത് ഞാന്‍ എന്തിനോ വേണ്ടി കുത്തിയിരുന്നു….! പിന്നെ ഒരു ദീര്‍ഘനിശ്വാസം വിട്ട് കട്ടിലില്‍ നിന്ന് ഒരു തലയിണയെടുത്ത് തറയിലേക്കിട്ടു. അത് കണ്ടവള്‍ ചോദിച്ചു , എന്തിനാ തലയിണ തറയിലേക്കിട്ടതെന്ന്. ‘രാത്രി കൂടെ കിടക്കണ ആളിന്‍റെ മേലേക്ക് കയ്യും കാലും എടുത്തിടണ സ്വഭാവമുണ്ടെനിക്ക് ‘ എന്ന് പറഞ്ഞ് നിസ്സഹായതയോടെ ഒരു ചിരി ചിരിച്ച് അലമാരയില്‍ നിന്നൊരു വിരിപ്പെടുത്ത് തറയില്‍ വിരിച്ച് കിടന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഞാന്‍ പിന്നീടെപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് അറിയില്ല.വാതിലില്‍ അമ്മയുടെ തട്ട് കേട്ട് കൊണ്ടാണ് പിറ്റെ ദിവസം ഉണര്‍ന്നത്.

ചാടിയെണീറ്റ് തലയിണയും വിരിപ്പും ചുരുട്ടി കൂട്ടി കട്ടിലിന് മുകളിലേക്കിട്ടു . കട്ടിലില്‍ നിന്നെണീറ്റ് വരുന്നത് പോലെ ചെന്ന് അമ്മക്ക് വാതില്‍ തുറന്ന് കൊടുത്തു. അമ്മക്ക് തൊട്ടു പുറകെ പെങ്ങളും ഏട്ടത്തിയമ്മയും വന്ന് അവളുടെ അരികിലിരുന്നു. പല്ലു തേപ്പും ചായകുടിയും കഴിഞ്ഞപ്പോഴേക്കും സന്ദര്‍ശകര്‍ എത്തി തുടങ്ങി. അതുകൊണ്ട് തന്നെ ഞാന്‍ മെല്ലെ കവലയിലോട്ട് ഒന്നിറങ്ങി. എന്നെ കണ്ടതും മൊബൈലില്‍ കളിച്ചോണ്ടിരുന്ന ആറാം ക്ലാസ്സില്‍ പഠിക്കണ ഉണ്ണി കുട്ടന്‍റെ മുഖത്ത് നാണം . തൊണ്ണൂറ് കഴിഞ്ഞ പെരച്ചേട്ടന്‍റെ മുഖത്ത് അതിനേക്കാള്‍ വലിയ നാണം…! വാഴക്കുല വില്‍ക്കണ രാജന്‍ ചൂളമടിച്ച് എന്നെ വിളിച്ചു.

‘ നീ എന്ത് മനുഷ്യനാണ്ടാ , ഇതൊക്കെ ഒരു തഞ്ചത്തില് കൈകാര്യം ചെയ്യണ്ടേ , നീയൊരുമാതിരി മനുഷ്യമൃഗത്തിലെ ജയനെ പോലെ , ഒന്നുല്ല്യങ്കിലും ഒരന്യ വീട്ടീന്ന് വന്ന കുട്ടിയല്ലെ ഓള് , ഇജി അതെങ്കിലും ഓര്‍ക്കണ്ടെ ‘ രാജന് മറുപടിയായി എന്‍റെ വായയില്‍ വന്നത് പച്ച തെറിയായിരുന്നു.പക്ഷെ തൊട്ടടുത്ത ദിവാകരേട്ടന്‍റെ ചായ കടയില്‍ കുറച്ച് കാരണോന്‍മാര് ഇരിക്കുന്നത് കൊണ്ട് ഞാനൊന്നും പറഞ്ഞില്ല. തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ എതിരെ വന്ന കുടുംബ ശ്രീക്ക് പോകുന്ന പെണ്ണുങ്ങളുടെ മുഖത്തുള്ള നാണം കണ്ട് എനിക്കും നാണം വന്ന് പോയി….! വീട്ടിലെത്തി. അവിടെയും ഇവിടെയും തട്ടി തടഞ്ഞ് നിന്ന് എങ്ങനെയെങ്കിലും രാത്രിയാക്കി.

മുറിയിലേക്ക് കയറിയ എന്നെ കണ്ട പാടെ അവളെണീറ്റിരുന്നു. എന്നോടൊന്ന് ചിരിച്ചു. ഞാനും ചിരിച്ചു.
സുഖാന്യേഷണം നടത്തിയതിനൊടുവില്‍ ഞാന്‍ തലയിണയെടുത്ത് തറയിലേക്കിട്ട് കിടന്നു.
കുറച്ച് നേരത്തെ നിശബ്ദതക്കൊടുവില്‍ ഞാനവളോട് വീട്ടിലെ വിശേഷങ്ങളെല്ലാം ചോദിച്ചു.
ചെറിയൊരു ഓര്‍മ്മ മാത്രമായിരുന്ന അച്ഛനെ കുറിച്ചവള്‍ പറഞ്ഞു. ഒരേട്ടനില്ലാതെ പോയതിന്‍റെ ദുഖം പറഞ്ഞു. ബാല്ല്യത്തെ കുറിച്ചും , കൗമാരത്തെ ക്കുറിച്ചും പറഞ്ഞു . ഒടുവില്‍ മക്കളെ നന്നായി വളര്‍ത്താന്‍ അമ്മ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചവള്‍ പറഞ്ഞ് വന്നപ്പോള്‍ ശബ്ദമിടറുന്നത് ഞാനറിഞ്ഞു.
കേള്‍വിക്കാരനായി ഇരുന്നതിനൊടുവില്‍ ഞാന്‍ എന്നെ കുറിച്ച് പറഞ്ഞു.

ന്‍റെ കുടുംബത്തെ കുറിച്ച് പറഞ്ഞു , കുട്ടിക്കാലത്ത് അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് പറഞ്ഞു, പിന്നിട്ട ജീവിത വഴികളിലനുഭവിച്ച സുഖ ദുഖങ്ങളെ കുറിച്ച് പറഞ്ഞു , സ്വപ്നങ്ങളെ കുറിച്ചും, മോഹങ്ങളെ കുറിച്ചും പറഞ്ഞു. പരസ്പരം എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോള്‍ കുറച്ച് നേരം നിശബ്ദമായിരുന്നു ആ മുറി.
നിശബ്ദതക്ക് വിരാമമിട്ട് ഞാന്‍ സംസാരം തുടര്‍ന്നപ്പോള്‍ കട്ടിലിന് മുകളില്‍ നിന്ന് മറുപടിയൊന്നും വന്നില്ല . എണീറ്റ് ചെന്ന് നോക്കിയപ്പോള്‍ രണ്ടു കയ്യും ചേര്‍ത്ത് വച്ചതിന് മുകളില്‍ തല വച്ച് ഉറങ്ങി കഴിഞ്ഞിരുന്നു ആ പാവം.അരികിലായി കിടന്ന പുതപ്പെടുത്ത് ഞാന്‍ പുതച്ച് കൊടുത്തു . കാല്‍പ്പാദങ്ങള്‍ പുതപ്പിനുള്ളിലേക്കാക്കി വച്ചു. ലൈറ്റണക്കുന്നതിന് മുന്‍പ് ആ നിഷ്കളങ്ക മുഖം ഞാന്‍ ഒന്നു കൂടി നോക്കി.

അന്ന് ഞാന്‍ ഉറങ്ങുന്നതിന് മുന്‍പ് തലയിണ നെഞ്ചില്‍ ചേര്‍ത്ത് വച്ച് കുറേ നേരം കിടന്നു …!
പിറ്റേന്ന് എണീറ്റ് അവള്‍ക്കുള്ള ചായ എടുക്കാനായി ഞാന്‍ അടുക്കളയിലേക്ക് ചെന്നത് കണ്ട് അമ്മ സ്തംഭിച്ച് നിന്നു.
അവള്‍ക്ക് കുടിക്കാനുള്ള വെള്ളം മുറിയില്‍ കൊണ്ട് വച്ചത് ഞാനായിരുന്നു. ഉച്ചക്ക് ഊണ് കഴിക്കുമ്പോള്‍ എരിവ് മൂര്‍ദ്ധാവില്‍ കയറിയ അവള്‍ടെ തലയില്‍ തട്ടി കൊടുത്ത് ഒരു മുറുക്ക് വെള്ളം ഊട്ടി കൊടുത്തതും ഞാനായിരുന്നു.

ആ പകലില്‍ അവളെ കാണാനും സംസാരിക്കാനുമുള്ള ഒരവസരവും ഞാന്‍ പാഴാക്കിയില്ല.
എത്രയും വേഗം ഒന്ന് രാത്രിയായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചെങ്കിലും ആ പകലിന് പതിവിലും ദൈര്‍ഘ്യമുണ്ടായിരുന്നു …! സന്ധ്യയായപ്പോള്‍ കൂട്ടിലിട്ട വെരുകിനെ പോലെ ഞാന്‍ മുറ്റത്ത് ഉലാത്തി . ഇടക്കിടെ സമയം നോക്കി. നാമം ജപിക്കുന്ന പെങ്ങളിത് കണ്ട് ഇടം കണ്ണിട്ട് എന്നെ നോക്കി. നിലാവുള്ള ആ രാത്രിയില്‍ ഞാന്‍ മുറിയിലേക്ക് ചെല്ലുമ്പോള്‍ ജനവാതിലിലൂടെ ആകാശം നോക്കി കിടക്കുകയായിരുന്നു അവള്‍.
എന്നെ കണ്ടതും ‘ ഏട്ടാ ‘ ന്ന് വിളിച്ചു . ആ വിളി കേട്ട് എന്‍റെ മനസ്സ് നിറഞ്ഞു തുളുമ്പി. സന്തോഷം അടക്കാനാവാതെ ഞാന്‍ നിന്നു. ഈ ഭൂമിയില്‍ എന്‍റെത് മാത്രമെന്ന് പറയാവുന്ന ഒരാളില്‍ നിന്ന് ആ വിളി കേള്‍ക്കാന്‍ ഞാന്‍ എത്രയോ കാലമായി കൊതിക്കുന്നു…!

നിറഞ്ഞ മനസ്സോടെ ഞാന്‍ വാതിലടച്ചു കുറ്റിയിട്ടു. കട്ടിലില്‍ ചെന്നിരുന്നു.‘ഞാന്‍ കാരണം ഏട്ടനൊരുപാട് ബുദ്ധിമുട്ടായല്ലേ’ ആ ചോദ്യം കേട്ട് വാത്സല്ല്യത്തോടെ ഞാനാ മുഖത്തേക്കൊന്ന് നോക്കി. ആ കണ്ണുകളിലേക്ക് മാറി മാറി നോക്കി. ഞാന്‍ കെട്ടിയ താലി ആ മാറില്‍ കിടന്നു നിലാവേറ്റ് തിളങ്ങുന്നത് ഞാന്‍ കണ്ടു.
മെല്ലെ അവളുടെ മോതിര വിരലിലൊന്ന് തൊട്ടു . ആ കൈ ഞാന്‍ മെല്ലെ കോരിയെടുത്ത് എന്‍റെ കൈക്കുള്ളിലാക്കി . ആ സമയം ജനവാതിലിനിടയിലൂടെ ഒരിളം കാറ്റ് വന്ന് ഞങ്ങളെ തഴുകി തലോടി കടന്നുപോയി. രണ്ട് പേരും മുഖത്തോട് മുഖം നോക്കിയ നിമിഷം. മനസ്സിലും ശരീരത്തിലും വാത്സല്ല്യം നിറച്ച് ഞാനവള്‍ക്കരികിലേക്ക് ഒന്നു കൂടി ചേര്‍ന്നിരുന്നു. പൂര്‍ണ്ണ ചന്ദ്രനെ സാക്ഷിയാക്കി ആ തിരുനെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു . എന്‍റെ ആദ്യ ചുംബനം …!

ആ ചുബനം എന്‍റെ സിരകളെ ചൂടു പിടിപ്പിച്ചില്ല . എന്നിലെ വികാരങ്ങളെ ആളി കത്തിച്ചില്ല …..!
ശാന്തമായിരുന്നു എന്‍റെ മനസ്സ് .അച്ഛന്‍റെ വാത്സല്ല്യമേല്‍ക്കാന്‍ ഭാഗ്യം സിദ്ധിക്കാത്ത, ഒരേട്ടന്‍റെ കരുതലേല്‍ക്കാന്‍ യോഗമില്ലാതിരുന്ന അവള്‍ക്ക് ഞാനേകിയ ആചുംബനം എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്നതിന്‍റെ തെളിവായിരുന്നു സന്തോഷം കൊണ്ട് നിറഞ്ഞ ആ കണ്ണുകളും, വിറ കൊണ്ട ആ ചുണ്ടുകളും .ഞാനന്ന് തലയിണയെടുത്ത് തറയിലേക്കിട്ടില്ല…! എനിക്കുറപ്പുണ്ടായിരുന്നു , ഇനി വരുന്ന ഏതൊരുറക്കത്തിലും ഏതൊരുണര്‍വ്വിലും എന്‍റെ ഭാര്യക്ക് ദോഷമാവും വിധം എന്‍റെ ഈ കയ്യോ കാലോ ആ ദേഹത്ത് വീഴില്ലെന്ന് .
എനിക്കുറപ്പുണ്ടായിരുന്നു, എന്‍റെ ഭാര്യയുടെ സുഖത്തിലും ദുഖത്തിലും കൂടെ നില്‍ക്കേണ്ടത് എന്‍റെ കടമയാണെന്ന്.അത് തിരിച്ചറിഞ്ഞത് കൊണ്ടാവണം ഒരു കൊച്ചു കുട്ടിയെ പോലെ എന്‍ ചുടു നിശ്വാസം ഏല്‍ക്കും വിധം അവള്‍ എന്നരികിലേക്ക് പറ്റിച്ചേര്‍ന്നുറങ്ങിയത്…..