സിനിമാ രംഗത്ത് അധികമാർക്കും അവകാശപ്പെടാനില്ലാത്ത കരിയർ ഗ്രാഫുള്ള നടിയാണ് മീന. ബാലതാരമായി സിനിമയിലേക്ക് കടന്ന വന്ന മീന നാൽപത് വർഷമായി കരിയറിൽ തുടരുന്നു. ഒട്ടനവധി ഹിറ്റ് സിനിമകൾ മീനയ്ക്ക് ലഭിച്ചു. മലയാളത്തിലും തമിഴിലും തെലുങ്കിലും സൂപ്പർസ്റ്റാറുകളുടെ നായികമായി
അഭിനയിച്ച മീനയ്ക്ക് വലിയ ആരാധക വൃന്ദമുണ്ട്. സിനിമാ ലോകത്ത് ഏവർക്കും പ്രിയങ്കരിയാണ് മീന. അടുത്തിടെ നടി സിനിമാ ലോകത്ത് 40 വർഷം പൂർത്തിയാക്കിയതിന്റെ അനുമോദന ചടങ്ങ് നടന്നപ്പോൾ രജിനികാന്ത് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിനെത്തി. ‘ദൃശ്യം 2’ സിനിമയില്‍ സാധാരണ
വീട്ടമ്മയുടെ വേഷമാണെങ്കിലും മേക്കപ്പ് കൂടുതലാണ് എന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ദൃശ്യം 2 കണ്ടപ്പോള്‍ മേക്കപ്പ് കൂടുതല്‍ ആണെന്ന് തനിക്കും തോന്നിയിരുന്നു എന്നാണ് മീന പറയുന്നത്. ‘ആനന്ദപുരം ഡയറീസ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് മീന പ്രതികരിച്ചത്.
ചിത്രത്തില്‍ സംവിധായകന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡള്‍ ആയിട്ടുള്ള ലിപ്സ്റ്റിക്കും ആ രീതിയിലുള്ള മേക്കപ്പും ആയിരുന്നു ചെയ്തത്. പക്ഷേ സ്‌ക്രീനില്‍ കണ്ടപ്പോള്‍ വളരെ ഗ്ലാമറസ് ആയി തോന്നി. മേക്കപ്പ് വേണ്ടെന്ന് പറഞ്ഞിട്ടും ഗ്ലാമറായിട്ടുണ്ടല്ലോ എന്ന് ജീത്തു ജോസഫിനോട് ചോദിക്കുകയും ചെയ്തു.
അതില്‍ ഒരുപാട് മേക്കപ്പ് ഒന്നും ചെയ്തിട്ടില്ല, എന്തുകൊണ്ടാണ് ഇത്രയും ഗ്ലാമര്‍ ആയി തോന്നിയത് എന്ന് എനിക്ക് അറിയില്ല. മലയാളത്തില്‍ മാത്രമാണ് ഇങ്ങനൊരു സംസാരമുണ്ടെന്ന് ഞാന്‍ അറിഞ്ഞത്. മറ്റുള്ള ഭാഷകളില്‍ സിനിമ ചെയ്യുമ്പോള്‍ മേക്കപ്പിനെ കുറിച്ച് ഇങ്ങനെ പരാതി കേട്ടിട്ടേയില്ല എന്നും മീന വ്യക്തമാക്കി.