പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുന്ന പല കാര്യങ്ങളും ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമാണ്. പ്രായമായെന്ന് കരുതി തങ്ങളുടെ ആരോഗ്യത്തിനും കഴിവിനും ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് തെളിയിച്ചിട്ടുള്ള ഒരുപാട് ആളുകളുടെ വീഡിയോ നമ്മൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ കാണാറുമുണ്ട്.
പ്രായത്തെ തെല്ലും മൈൻഡ് ചെയ്യാതെ കുരുന്നുകളുടെ പ്രവേശന ഉത്സവത്തിൽ അടിപൊളി ഡാൻസ് കളിച്ച അമ്മൂമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്ന താരം.
യാതൊരു സഭാകമ്പവും ഇല്ലാതെ കുരുന്നുകൾക്കും കാണികൾക്കും മുന്നിൽ അതി മനോഹരമായി ക്ലാസിക്കൽ ഡാൻസാണ് അമ്മൂമ്മ കളിച്ചിട്ടുള്ളത്. മൂത്തേടം പഞ്ചായത്തിലെ കാരപ്പുറം എന്ന പ്രദേശത്തുള്ള ഒരു അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് വിജയമ്മ എന്ന അമ്മൂമ്മയുടെ വൈറൽ ഡാൻസ് നടന്നത്. പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ എന്ന ഗാനത്തിനാണ് അമ്മൂമ്മ ക്ലാസിക്കലിൽ ചുവട് വയ്ക്കുന്നത്.
അമ്മൂമ്മയുടെ നൃത്തച്ചുവടുകൾക്ക് ആർപ്പുവിളികളും കയ്യടികളുമൊക്കെയായി നിരവധി ആളുകൾ ചുറ്റുമുണ്ട്. വിഡിയോയ്ക്കു താഴെ അഭിനന്ദന കമന്റുകളുമായി നിരവധി ആളുകളാണ് എത്തുന്നത്. പറയാൻ വാക്കുകളില്ലെന്നും പ്രായമായാൽ ജീവിതം ആസ്വദിക്കാനാവില്ലെന്നു പറയുന്നവർക്കുള്ള മറുപടിയാണ് ഈ വിഡിയോയെന്നുമാണ് പലരും കമന്റ് ചെയ്തിട്ടുള്ളത്.
അമ്മൂമ്മയുടെ ആവേശവും മുഖത്തെ സന്തോഷവും കണ്ടാൽ ഏറെ നാളായി ഇങ്ങനെയൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നെന്ന് തോന്നുന്നുവെന്നും മറ്റൊരു ആരാധകൻ കമന്റ് ചെയ്തിട്ടുണ്ട്. ഹൃദയം കൊണ്ട് ചെറുപ്പക്കാരെക്കാൾ ചെറുപ്പം എന്ന രസകരമായ കമന്റുണ്ട്. പ്രായം തളർത്താത്ത മനസ്സും ശരീരവും അതോടൊപ്പം മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി മാറി നിൽക്കാതെ സ്വന്തം കഴിവിനെ എല്ലാവർക്കും മുൻപിൽ തുറന്ന് കാട്ടുകയാണ് ഈ അമ്മൂമ്മ. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.