കമ്പ്യൂട്ടർ ഫോണ്ടുളെ വെല്ലുന്ന രീതിയിൽ ഒരു മനുഷ്യന് എഴുതാൻ സാധിക്കുമോ? ഇല്ലാ എന്നാണ് ഉത്തരമെങ്കിൽ തെറ്റി. കാരണം കണ്ണൂർ ചെമ്പേരി സ്വദേശി ആൻ മരിയ എന്ന കൊച്ചു മിടുക്കിയുടെ കയ്യക്ഷരത്തിനോട് കിടപിടിക്കാൻ പറ്റിയ ഒരു കമ്പ്യൂട്ടർ ഫോണ്ടും ഇന്ന് നിലവിലില്ല. സോഷ്യൽ മീഡിയയിലെ താരമാണ് ഇപ്പോൾ ആൻ മരിയ.
വേൾഡ് ഹാൻഡ് റൈറ്റിംഗ് കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെയാണ് ആൻ മരിയയും അവളുടെ കൈയ്യക്ഷരവും ലോകം മുഴുവൻ ശ്രദ്ധ നേടിയത്. ന്യൂയോർക്ക് ആസ്ഥാനമായ ഹാൻഡ് റൈറ്റിങ് ഫോർ ഹ്യുമാനിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. 13-നും 19-നും ഇടയിൽ പ്രായമുള്ള ടീനേജ് വിഭാഗത്തിലാണ് ആൻ മരിയ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. പ്രധാനമായും മൂന്ന് വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ (ആർട്ടിസ്റ്റിക്, പ്രിന്റഡ്, കേഴ്സിവ്) 13 വയസ്സിനും 19 വയസ്സിനും ഇടയിലുള്ളവരുടെ ആർട്ടിസ്റ്റിക് വിഭാഗത്തിലാണ് ആൻ മരിയ ഒന്നാം സ്ഥാനം നേടിയത്.
ചെമ്പേരി നിർമ്മല ഹയർ സെകന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഈ പതിനാറുകാരി. നിരന്തരമായ പരിശ്രമത്തിലൂടെയാണ് ആൻ മരിയ ഈ നേട്ടം സ്വന്തമാക്കിയത്. അതിന് സഹായികയായി കൂടെ നിന്നത് സ്കൂളിലെ അധ്യാപികയും. കോവിഡ് ലോക്ക് ഡൗൺ കാലത്താണ് മരിയ തന്റെ പഠനം ഉഷാറാക്കിയത്. ഈ സമയം വെറുതെ കളയാതെ ഗൂഗിളിന്റെ സഹായത്തോടെ കാലഗ്രഫി പഠിച്ചു. നിരന്തരമായ പരിശ്രമം ഉണ്ടെങ്കിൽ എന്തും നമുക്ക് നേടിയെടുക്കാൻ സാധിക്കും എന്നതിന്റെ തെളിവാണ് ആൻ മരിയ.
ഒരു തരത്തിൽ അല്ലെങ്കിൽ മറ്റാരു തരത്തിൽ കഴിവുകളുള്ളവരാണ് എല്ലാവരും. അത് കണ്ടെത്തി അതിനായി അധ്വാനിച്ച് അത് നേടിയെടുക്കുന്നിടത്താണ് നമ്മുടെ വിജയം, ആൻ മരിയയെപ്പോലെ. അത്ര നിസാരമില്ല ആൻ മരിയയുടെ നേട്ടം. ഒരുപാട് പേർ ശ്രമിച്ചിട്ട് നടക്കാത്ത കാര്യമാണ് ചെറുപ്രായത്തിൽ ആൻ മരിയ സ്വന്തമാക്കിയത്. അതുകൊണ്ട് ഒന്നേ പറയാനുള്ളൂ, ആൻ മരിയയെ എഴുതി തോൽപ്പിക്കാം എന്ന അതിമോഹം ആർക്കും വേണ്ട.